യു.കെയില്‍ സിഖ് വംശജയ്ക്ക് നേരെ ലൈംഗികാതിക്രമം; നടന്നത് വംശീയ അതിക്രമമെന്ന് പൊലീസ്
Trending
യു.കെയില്‍ സിഖ് വംശജയ്ക്ക് നേരെ ലൈംഗികാതിക്രമം; നടന്നത് വംശീയ അതിക്രമമെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th September 2025, 8:59 pm

ലണ്ടന്‍: ബ്രിട്ടനില്‍ സിഖ് വംശജയായ 20കാരിക്ക് നേരെ ലൈംഗികാതിക്രമം. വെസ്റ്റ് മിഡ്ലാൻഡ്സില്‍ ഓള്‍ഡ്ബറിയിലെ ടേം റോഡില്‍ വെച്ചാണ് യുവതി അതിക്രമത്തിന് ഇരയായത്. ചൊവ്വാഴ്ച രാവിലെയോടെയാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് പറഞ്ഞു.

യുവതി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിക്ക് നേരെ ഉണ്ടായത് വംശീയ അതിക്രമമാണെന്നും വെസ്റ്റ് മിഡ്ലാൻഡ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസിനെ വിവരമറിച്ച യുവതി, വംശീയ പരാമര്‍ശം നടത്തിയ ശേഷമാണ് അക്രമികള്‍ തന്നെ ഉപദ്രവിച്ചതെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രതികളില്‍ ഒരാള്‍ തല മൊട്ടയടിച്ചിട്ടുണ്ടെന്നും രണ്ടാമത്തെയാള്‍ ചാരനിരത്തിലുള്ള ടോപ്പും സില്‍വര്‍ നിറത്തിലുള്ള പാന്റുമാണ് ധരിച്ചിരുന്നതെന്നും വിവരം നല്‍കിയിട്ടുണ്ട്.

എന്നാല്‍ യുവതിക്ക് നേരെയുണ്ടായത് ഒരു ഒറ്റപ്പെട്ട സംഭവമായാണ് പൊലീസ് കണക്കാക്കുന്നത്. ‘നീ ഈ രാജ്യക്കാരിയല്ല, നിന്റെ രാജ്യത്തേക്ക് മടങ്ങി പോ,’ എന്നാണ് അക്രമികള്‍ യുവതിയോട് പറഞ്ഞത്. പിന്നാലെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

അടുത്തിടെ ബ്രിട്ടന്റെ തലസ്ഥാന നഗരിയായ ലണ്ടനില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വംശജര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ വംശജര്‍ക്ക് യു.കെയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭൂരിഭാഗം അതിക്രമങ്ങളും. ഇതിനുപിന്നാലെയാണ് സിഖ് വംശജക്കെതിരായ ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്തത്.

‘നടന്നത് വംശീയ അതിക്രമം. ബ്രിട്ടനില്‍ വംശീയതയ്ക്കും സ്ത്രീ വിരുദ്ധതയ്ക്കും സ്ഥാനമില്ല. സിഖ് സമൂഹത്തിന് നീതി ഉറപ്പാക്കും,’ ലേബര്‍ കോ-ഓപ്പറേറ്റീവ് എം.പി പ്രീത കൗര്‍ ഗില്‍ സംഭവത്തില്‍ പ്രതികരിച്ചു.

സിഖ് വംശജയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിലവില്‍ അന്വേഷണം തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോറന്‍സിക് തെളിവുകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് സാന്‍ഡ്വെല്‍ പൊലീസ് ചീഫ് സൂപ്രണ്ട് കിം മാഡില്‍ പറഞ്ഞു.

പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ അധികൃതരെ സമീപിക്കണമെന്നും വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസിന്റെ നിര്‍ദേശമുണ്ട്. യുവതി ആക്രമിക്കപ്പെട്ട മേഖലയില്‍ പട്രോളിങ് ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

Content Highlight: Sexual Assault against Sikh woman in UK