അസമില്‍ അനധികൃതരെന്ന് ആരോപിച്ച് മുസ്‌ലിങ്ങളെ കുടിയൊഴിപ്പിക്കുന്നതിനിടെ വെടിവെപ്പ്; രണ്ട് മരണം
India
അസമില്‍ അനധികൃതരെന്ന് ആരോപിച്ച് മുസ്‌ലിങ്ങളെ കുടിയൊഴിപ്പിക്കുന്നതിനിടെ വെടിവെപ്പ്; രണ്ട് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2025, 3:46 pm

ഗുവാഹത്തി: അസമില്‍ അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനിടെ പൊലീസ് വെടിവെപ്പ്. ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസമിലെ ഗോല്‍പാറ, ധുബ്രി ജില്ലകളിലാണ് പൊലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റത്. 2021 സെപ്റ്റംബറില്‍ അസമിലെ ദാരംഗ് ജില്ലയിലെ ഗൊരുഖുട്ടിയിലാണ് അവസാനമായി കുടിയൊഴിപ്പിക്കല്‍ നീക്കം അക്രമത്തില്‍ അവസാനിച്ചത്. ഈ ഓപ്പറേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ജൂലൈ 12ന് മേഖലയില്‍ സമാനമായ രീതിയില്‍ കുടിയൊഴിപ്പിക്കല്‍ നടന്നിരുന്നു. എന്നാല്‍, ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രദേശത്ത് താമസിക്കുന്ന ഭൂരിഭാഗം ആളുകളും താമസം മാറിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചതിനാല്‍ ഒഴിപ്പിക്കല്‍ സമാധാനരപരമായി നടന്നുവെന്നായിരുന്നു ഡെപ്യൂട്ടി കമ്മീഷണര്‍ ഖനീന്ദ്ര ചൗധരി അന്ന് പ്രതികരിച്ചിരുന്നത്.

ഗോല്‍പ്പാറ ജില്ലയിലെ പൈന്‍കാവ് റിസര്‍വ് വനത്തിലെ 140 ഹെക്ടര്‍ ഭൂമിയിലാണ് ജൂലൈ 12ന് ഒഴിപ്പിക്കല്‍ നടന്നത്. തുടര്‍ന്ന് 1080 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

ഇവരില്‍ ഭൂരിഭാഗവും ബംഗാളി വംശജരായ മുസ്‌ലിം കുടുംബങ്ങളാണെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനുപുറമെ ജൂണ്‍ 16ന് ഗോല്‍പ്പാറ ടൗണിനടുത്തുള്ള തണ്ണീര്‍ത്തട പ്രദേശത്ത് 690 കുടുംബങ്ങളുടെ വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ അസമിലെ നാല് ജില്ലകളിലായി അഞ്ച് കുടിയൊഴിപ്പിക്കല്‍ നടപടികളാണ് നടന്നിരിക്കുന്നത്. ഇതുവരെ 3500ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ വനഭൂമികള്‍, തണ്ണീര്‍ത്തടങ്ങള്‍, തരിശുഭൂമികള്‍, മറ്റ് സര്‍ക്കാര്‍ ഭൂമികള്‍ എന്നിവിടങ്ങളില്‍ നിന്ന് 50,000ത്തിലധികം അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറയുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം 1959ല്‍ പൈന്‍കാവ് റിസര്‍വ് വനമായി പ്രഖ്യാപിക്കാന്‍ അസം സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പിന്നാലെ 1982ല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ പ്രദേശത്തെ ഭൂമിയുടെ മേലുള്ള നിരവധി വ്യക്തികളുടെ അവകാശങ്ങള്‍ തീര്‍പ്പാക്കിയിട്ടില്ലെന്ന് കാണിച്ച് 2022ല്‍ അഭിഭാഷക സംഘടന അസം സര്‍ക്കാരിനും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനും മെമ്മോറാണ്ടം അയച്ചിരുന്നു. സംരക്ഷിത വനമേഖലകളില്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നതിന് മുമ്പ് 1891ലെ അസം വനനിയമത്തിന് കീഴിലുള്ള നിര്‍ബന്ധിത വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മെമ്മോറാണ്ടം.

Content Highlight: Two killed in firing during eviction of Muslims in Assam