ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന മൂന്നാം സംസ്ഥാനമായി അസം; വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ആദ്യം
national news
ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന മൂന്നാം സംസ്ഥാനമായി അസം; വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ആദ്യം
ആദര്‍ശ് എം.കെ.
Wednesday, 27th May 2026, 8:05 pm

ദിസ്പൂര്‍: ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി അസം. അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കും ശേഷം ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.

ഇതോടെ ഉത്തരാഖണ്ഡിനും ഗുജറാത്തിനും ശേഷം ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന മൂന്നാമത്തെ ബി.ജെ.പി ഭരണ സംസ്ഥാനമായും വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായും അസം മാറി.

അസമില്‍ ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്ത് യു.സി.സി നടപ്പിലാക്കുമെന്നത്.

അതേസമയം, സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗത്തിനെ ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്ന നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ലിവിങ്-ഇന്‍ ബന്ധങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും ബില്‍ നിര്‍ദേശിക്കുന്നു. ബന്ധം തുടങ്ങി 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മൂന്ന് മാസം വരെ തടവ് ലഭിക്കാം. വിവാഹങ്ങള്‍ നടന്ന് 60 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. വിവാഹമോചനങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇത് ലംഘിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കും.

ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കിയത് അസമിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണെന്നായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം.

‘അസമില്‍ ഈ നിയമം പാസാക്കുന്നത് ലിംഗനീതിയിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും. പട്ടികവര്‍ഗക്കാരെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് പലരും ചോദിക്കുന്നു. അവര്‍ പണ്ടുമുതല്‍ക്കേ ഇന്ത്യയില്‍ താമസിക്കുന്നവരാണ്, അവര്‍ക്ക് അവരുടേതായ ആചാരനിയമങ്ങളുണ്ട്. അത് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും ബഹുഭാര്യത്വത്തെ നിരുത്സാഹപ്പെടുത്തുന്നതുമാണ്. അവരോടുള്ള ആദരസൂചകമായാണ് അവരെ ഇതില്‍ നിന്ന് ഒഴിവാക്കിയത്,’ ഹിമന്ത പറഞ്ഞു.

‘അസുഖമില്ലാത്ത ഒരാളെ നമ്മള്‍ ചികിത്സിക്കുമോ? കാന്‍സര്‍ ഉള്ളയിടത്താണ് യു.സി.സി റേഡിയോ തെറാപ്പിയും കീമോതെറാപ്പിയും നല്‍കാന്‍ ശ്രമിക്കുന്നത്, അല്ലാതെ എല്ലായിടത്തുമല്ല,’ എന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടി.

ഈ ബില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് വാജെദ് അലി ചൗധരി പറഞ്ഞത്.

‘യു.സി.സിയില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങള്‍ നിലവില്‍ തന്നെ വിവിധ നിയമങ്ങളിലൂടെ നടപ്പിലാക്കുന്നുണ്ട്. ശൈശവവിവാഹം, ബഹുഭാര്യത്വം, വിവാഹ രജിസ്ട്രേഷന്‍ തുടങ്ങിയവയ്ക്ക് നിലവില്‍ നിയമങ്ങളുണ്ട്. പിന്നെന്തിനാണ് യു.സി.സി കൊണ്ടുവന്നത്? ഇത് നിയമങ്ങളുടെ ലഘൂകരണമല്ല, മറിച്ച് പ്രക്രിയയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

‘ബി.ജെ.പി ഇത് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് കൊണ്ടുവന്നത്. ജനങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നത് ജനാധിപത്യപരമല്ല. ഗോത്രവര്‍ഗക്കാരെ ഒഴിവാക്കിയ ഒരു നിയമത്തെ എങ്ങനെയാണ് ഏകീകൃതം എന്ന് വിളിക്കാന്‍ കഴിയുക?’ അദ്ദേഹം ചോദിച്ചു.

 

Content Highlight: Assam passes Uniform Civil Code

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.