അസമില്‍ തുടരുന്ന ബി.ജെ.പിയുടെ 'പൊളിക്കല്‍' നടപടികള്‍ | D Nation
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. അസമില്‍ സോനിത്പൂര്‍ ജില്ലയിലെ 330ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്.

സോനിത്പൂര്‍ ജില്ലയിലെ ചിതല്‍മരി പ്രദേശത്താണ് നിലവില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നതെന്നും പൊലീസ് പറയുന്നു. ഇതിനായി അമ്പതോളം എക്‌സ്‌കവേറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്.

നേരത്തേയും സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ‘അനധികൃത’ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടികളുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ രംഗത്തെത്തിയിരുന്നു. ഇത്തരം ഒഴിപ്പിക്കല്‍ നടപടികളിലെല്ലാം ഒഴിപ്പിക്കപ്പെട്ടിരുന്നത് കൂടുതലും മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് സ്‌ക്രോളിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഭൂമി നഷ്ടമായ മുസ്‌ലിങ്ങളാണ് ഇവരില്‍ ഭൂരിഭാഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2021 ഒക്ടോബറില്‍ നടന്ന ഒഴിപ്പിക്കല്‍ നടപടിക്കിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ദരാംഗ് ജില്ലയിലെ സിപജാര്‍ പ്രദേശത്തായിരുന്നു സംഭവം. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

നിലവില്‍ ഒഴിപ്പിക്കല്‍ നടക്കുന്ന സോനിത്പൂരില്‍ നിന്നും നേരത്തെ തന്നെ താമസക്കാര്‍ ഒഴിഞ്ഞുപോയിരുന്നുവെന്നാണ് പൊലീസ് പറയുന്നതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 299 കുടുംബങ്ങള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നതായാണ് വിവരം.

ഇതുവരെ പ്രദേശം ശാന്തമാണെന്നും പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

താമസക്കാരില്‍ ഭൂരിഭാഗം പേരും ബംഗാളി സംസാരിക്കുന്ന മുസ്‌ലിം, ഹിന്ദു, ഗോര്‍ഖാ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന് ജില്ലാ അധികാരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാനാണ് നീക്കമെന്നാണ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഗ്യാനേന്ദ്ര പ്രതാപ് സിങ്ങിന്റെ പരാമര്‍ശം.

അതേസമയം തങ്ങള്‍ക്ക് താമസിക്കാന്‍ പുതിയ സ്ഥലമോ പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികളോ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നാണ് പ്രദേശത്ത് നിന്നും ഒഴിപ്പിക്കപ്പെട്ടവര്‍ പറയുന്നത്. കാലങ്ങളായി ഇതേ ഭൂമിയില്‍ ജീവിക്കുന്നവരാണെന്നും ഇതുവരെ ഇത്തരം നടപടികളുമായി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

‘വര്‍ഷങ്ങളായി ഇതേ പ്രദേശത്ത് തന്നെയാണ് ഞങ്ങള്‍ എല്ലാവരും ജീവിക്കുന്നത്. ഇതുവരെ ഒരു സര്‍ക്കാരും ഇത്തരം നടപടികളുമായി ഞങ്ങളെ സമീപിച്ചിട്ടില്ല. ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു സ്ഥലവും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. പുനരധിവസിപ്പിക്കാന്‍ വേണ്ട ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഈ ഭൂമി വിട്ട് ഞങ്ങള്‍ക്ക് വേറെ ഒരു തുണ്ട് ഭൂമിയില്ല, കൃഷിയില്ല ജീവിതമില്ല,’ പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ക്കുന്നു.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഇവരില്‍ ഭൂരിഭാഗവും ബ്രഹ്‌മപുത്ര നദിയുടെ തെക്കന്‍ തീരത്തുള്ള നാഗോണ്‍, മോറിഗാവ് ജില്ലകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തേക്ക് കുടിയേറിയവരാണ്.

എന്നാല്‍, കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തിനും മറ്റ് പ്രദേശങ്ങളില്‍ വീടുകളുണ്ടെന്നാണ് ബി.ജെ.പി എം.എല്‍.എ ഗണേഷ് കുമാര്‍ ലിംബുവിന്റെ അവകാശവാദം. ഇതുകൊണ്ടാണ് യാതൊരു പ്രതിഷേധവുമില്ലാതെ അവര്‍ ഭൂമി നല്‍കിയതെന്നും ലിംബു കൂട്ടിച്ചേര്‍ക്കുന്നു.

ഈ വര്‍ഷം ഫെബ്രുവരി ആറിന് സമാനമായ രീതിയില്‍ ബര്‍പേട്ടയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തിയിരുന്നു. 37 മുസ്‌ലിം കുടുംബങ്ങളായിരുന്നു അന്ന് ഒഴിപ്പിക്കപ്പെട്ടത്.

പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണവ ആശ്രമമായ ബാര്‍പേട്ട സത്രയുടെ ഭൂമി കയ്യേറിയാണ് ഇവര്‍ പ്രദേശത്ത് തമാസിച്ചിരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇത്തരത്തില്‍ കയ്യേറപ്പെട്ട സത്ര ഭൂമികള്‍ ഓരോന്നായി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം അന്ന് പ്രസ്താവന നടത്തിയിരുന്നു.

പത്ത് വര്‍ഷത്തിന് മേലെ ഇതേ പ്രദേശത്ത് താമസിച്ചിരുന്നവരെയാണ് കുടിയേറ്റക്കാരെന്ന വ്യാജേന അധികാരികള്‍ പുറത്താക്കിയത്.

ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് നിയമസഭാംഗമായ ഷെര്‍മാന്‍ അലി അഹമ്മദ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് പ്രദേശത്ത് നിന്ന് താമസക്കാരെ ആരും ഒഴിപ്പിക്കില്ലെന്നും അള്ളഹു അവരെ സംരക്ഷിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്.

അടുത്തിടെ സംസ്ഥാനത്ത് നിന്ന് മദ്രസകളെ ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ചും ഇപ്രകാരം നടപടികള്‍ നടന്നിരുന്നു. തീവ്രവാദ ബന്ധമാരോപിച്ചാണ് മദ്രസകളെ സര്‍ക്കാര്‍ പൊളിച്ചുനീക്കിയത്. മൂന്ന് മദ്രസകള്‍ ഒരാഴ്ചക്കിടെ സര്‍ക്കാര്‍ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് തകര്‍ത്തിരുന്നു.

Content Highlight: Assam government to conduct massive eviction in sonitpur, around 330 acre land eviction under progress