ഗുവാഹത്തി: അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും 2.43 ലക്ഷം പേര്‍ പുറത്ത്. ജനുവരിയില്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റിലുണ്ടായിരുന്ന 2.43 ലക്ഷം വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്.

അന്തിമ വോട്ടര്‍പട്ടികയില്‍ 1.25 കോടി പുരുഷന്മാരും 1.24 കോടി സ്ത്രീകളും 343 ട്രാന്‍സ്‌ജെന്‍ഡറുകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

നിരവധി ആരോപണങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ശേഷമാണ് ഏകദേശം ഒരു ശതമാനത്തോളം (0.97 ശതമാനം) വോട്ടര്‍മാരെ വെട്ടി ഒഴിവാക്കിയ പട്ടിക അസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

2025 ഡിസംബര്‍ 27ന് പുറത്തുവിട്ട കരട് പട്ടികയില്‍ 2.52 കോടി വോട്ടര്‍മാരുണ്ടായിരുന്നു. പിന്നീട് നിരവധി പരാതികള്‍ക്കും പരിഹാര നിര്‍ദേശങ്ങള്‍ക്കും ശേഷമാണ് അന്തിമ കരട് പട്ടിക പുറത്തുവിട്ടിരുന്നത്. അന്ന് 2.52 കോടി വോട്ടര്‍മാരാണ് പട്ടികയിലുണ്ടായിരുന്നത്. അതില്‍ നിന്നും നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അസമില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ, തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കിയിരുന്നു.

നിരവധി പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കി നടപ്പാക്കിയ എസ്.ഐ.ആറിനെതിരെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ശക്തമായി പ്രതിഷേധിക്കുകയും  കേന്ദ്ര സര്‍ക്കാരിനെതിരെ വോട്ട് ചോരി ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

പതിനായിരക്കണക്കിന് പേരെ ഒഴിവാക്കിയ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ പുതുക്കിയ വോട്ടര്‍പട്ടിക സ്വാധീനിച്ചിരുന്നു.

ബീഹാറിന് പിന്നാലെ ഒക്ടോബറില്‍ പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Assam Final Electoral Roll Published, Decreased 2.43 lakh voters from draft