അസം കല്‍ക്കരി ഖനി ദുരന്തം; എട്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
national news
അസം കല്‍ക്കരി ഖനി ദുരന്തം; എട്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2025, 12:21 pm

ദിസ്പൂര്‍: അസമില്‍ ഉമറങ്‌സോ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ എട്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. 90 മീറ്റര്‍ ആഴമുള്ള കുഴിയില്‍ നിന്നാണ് തൊഴിലാളികളില്‍ ഒരാളെ കണ്ടെത്തിയത്.

ദിമാ ഹസോവോയിലെ ഉമറങ്‌സോ പ്രദേശത്തെ കലമതി ഗ്രാമത്തിലെ ലിജെന്‍ മഗര്‍ എന്ന 27 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറ് ദിവസമായി തുടരുന്ന തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഏഴ് ഖനി തൊഴിലാളികള്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. കരസേനയും നാവിക സേനയുമുള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തുണ്ട്.

ഖനിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഫലപ്രദമായിരുന്നില്ല. പിന്നാലെ വിവിധ ഏജന്‍സികള്‍ വെള്ളം വറ്റിക്കാന്‍ പമ്പ് ഉപയോഗിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സാധിച്ചത്.

കോള്‍ ഇന്ത്യ പമ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിലെത്തുകയും ഇന്‍സ്റ്റലേഷനിലൂടെ 24 മണിക്കൂര്‍ സമയത്തില്‍ 500 ഗാലന്‍ വെള്ളം ഇതിലൂടെ ഒഴിവാക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ടത് മുതല്‍ ഒളിവിലായിരുന്ന തൊഴിലാളികളുടെ സൂപ്പര്‍വൈസറിനെയും ഖനിയുടെ പാട്ട ഉടമ ശിക്ഷ് നുനിസയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജനുവരി ആറിനാണ് അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറങ്സോയില്‍ ഏകദേശം മുന്നൂറടിയോളം ആഴമുള്ള ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്.

മലയോര ജില്ലയിലെ ഉംറംഗ്ഷൂ മേഖലയിലെ ടിന്‍ കിലോ എന്ന സ്ഥലത്ത് സംസ്ഥാന സര്‍ക്കാരിന്റെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പ് പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിക്കുള്ളില്‍ തിങ്കളാഴ്ച രാവിലെയോടെ ജോലിക്ക് പോയ തൊഴിലാളികള്‍ വെള്ളപ്പൊക്കം മൂലം കുടുങ്ങുകയായിരുന്നു.

Content Highlight: Assam Coal Mine Disaster; The body of one of the eight workers was found