മുസ്‌ലിം ജനസംഖ്യ 50 ശതമാനമായാല്‍ മറ്റാര്‍ക്കും തന്നെ ഇവിടെ ജീവിക്കാന്‍ സാധിക്കില്ല: അസം മുഖ്യമന്ത്രി
national news
മുസ്‌ലിം ജനസംഖ്യ 50 ശതമാനമായാല്‍ മറ്റാര്‍ക്കും തന്നെ ഇവിടെ ജീവിക്കാന്‍ സാധിക്കില്ല: അസം മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th December 2025, 6:53 am

ദിസ്പൂര്‍: അസമിലെ മുസ്‌ലിം ജനസംഖ്യ 50 ശതമാനത്തിലധികം വർധിക്കുന്നത് മറ്റ് സമുദായങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അനിയന്ത്രിതമായ കുടിയേറ്റം മൂലം അസം ജനത പ്രതിസന്ധിയിലാണെന്നും ആജ്തക് സംഘടിപ്പിച്ച ഒരു ടോക് ഷോയില്‍ അദ്ദേഹം പറഞ്ഞു.

‘1961 മുതല്‍ ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും അസമിലെ ജനസംഖ്യ 4-5 ശതമാനം വര്‍ധിക്കുന്നുണ്ടെന്നാണ് കണക്ക്. 2021ല്‍ ഏകദേശം 38 ശതമാനമായിരുന്ന മുസ്‌ലിം ജനസംഖ്യ 2027 ആകുമ്പോഴേക്കും 40 ശതമാനമായി ഉയരും,’ ഹിമന്ത ആരോപിച്ചു.

ഹിമന്ത ബിശ്വ ശര്‍മ. Photo: Wikipedia

 

മുസ്‌ലിം ഭൂരിപക്ഷം 50 ശതമാനമായി ഉയര്‍ന്നാല്‍ മറ്റാര്‍ക്കും തന്നെ നിലനില്‍പ്പുണ്ടാകില്ല. മുസ്‌ലിങ്ങള്‍ മാത്രമാകും നിലനില്‍ക്കുക. ഭരണപരമായ മാറ്റങ്ങളോ പരിഷ്കാരങ്ങളോ കൊണ്ടല്ല, മറിച്ച് പ്രത്യയശാസ്ത്രപരമായ ചേര്‍ച്ചയില്ലാത്തതാണ് മുസ്‌ലിങ്ങള്‍, പ്രത്യേകിച്ചും മിയ മുസ്‌ലിങ്ങള്‍ തനിക്ക് വോട്ട് ചെയ്യാത്തതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

വോട്ടര്‍മാര്‍ പ്രത്യയശാസ്ത്രത്തിനനുസരിച്ചാണ് വോട്ട് ചെയ്യുന്നത്, സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായിട്ടല്ല. ഒരിക്കല്‍ ഒരു മുസ്‌ലിം വ്യക്തി അവന്റെ വൃക്ക തനിക്ക് ദാനം ചെയ്യേണ്ടതായി വന്നാലും വോട്ട് ചെയ്യില്ലെന്ന് പറഞ്ഞതായും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

1951ല്‍ അസമിലെ ജനസംഖ്യ 80 ലക്ഷമായിരുന്നു. ഇന്നത് 3.1 കോടിയായി ഉയര്‍ന്നു. ഇതില്‍ 70 ലക്ഷം മാത്രമാണ് തദ്ദേശീയരായ ജനങ്ങളെന്നും മറ്റുള്ള 2.4 കോടി ആളുകള്‍ കുടിയേറ്റക്കാരാണെന്നും അവകാശപ്പെട്ട അസം മുഖ്യമന്ത്രി, ഈ കുടിയേറ്റം സംസ്ഥാനത്തിന്‍റെ ഭൂമി, ഭാഷ, സംസ്‌കാരം, പൈതൃകം എന്നിവയെ അസ്ഥിരപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താലും സംസ്ഥാനത്തെ മുസ്‌ലിങ്ങള്‍ തനിക്ക് വോട്ട് ചെയ്യില്ല. അസമില്‍ സ്വത്വരാഷ്ട്രീയമെന്നത് കേവലമൊരു തെരഞ്ഞെടുപ്പല്ല, മറിച്ച് അതിജീവനത്തിനുള്ള മാര്‍ഗമാണെന്നും ഹിമന്ത അവകാശപ്പെട്ടു.

രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ശേഷവും താന്‍ മിയ മുസ്‌ലിങ്ങളും സംസ്ഥാനത്തെ സ്ത്രീകളുമായും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും സംസ്ഥാനത്തെ മുസ്‌ലിം ജനത കോണ്‍ഗ്രസിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കിലും തന്റെ സര്‍ക്കാര്‍ തന്നെയായിരിക്കും വിജയിക്കുകയെന്നും  അസം ജനതയോ ഇന്ത്യക്കാരനോ അല്ലാത്തവര്‍ തന്റെ ആളുകളെല്ലെന്നും പറഞ്ഞു.

 

 

Content Highlight: Assam Chief Minister Himanta Biswa Sarma says, if the Muslim population in Assam exceeds 50 percent, it will threaten the very existence of other communities.