'പുരുഷന്മാർ പല തെറ്റും ചെയ്യും, അത് തിരുത്തേണ്ട സ്ത്രീകളാണിപ്പോള്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത്'; ബംഗാള്‍ എ.എസ്.പിയുടെ പരാമര്‍ശം വിവാദത്തില്‍
India
'പുരുഷന്മാർ പല തെറ്റും ചെയ്യും, അത് തിരുത്തേണ്ട സ്ത്രീകളാണിപ്പോള്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത്'; ബംഗാള്‍ എ.എസ്.പിയുടെ പരാമര്‍ശം വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st October 2025, 7:52 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എ.എസ്.പി ലാല്‍തു ഹൈദര്‍. പുരുഷന്മാരെ തിരുത്തേണ്ട സ്ത്രീകള്‍ ഇപ്പോള്‍ മദ്യപിച്ച് സമൂഹത്തില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നാണ് ലാല്‍തു ഹൈദറിന്റെ പരാമര്‍ശം.

ബംഗാളിലെ ജഗദ്ധര്‍ത്തി പൂജ സംഘാടകരുമായി നടത്തിയ യോഗത്തില്‍ സംസാരിക്കവേയാണ് ലാല്‍തു അധിക്ഷേപ പരാമര്‍ശം നടത്തിയത്.

സ്ത്രീകള്‍ മദ്യപിച്ച് ഉത്സവങ്ങളിലേക്ക് എത്തുന്നത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്നാണ് ലാല്‍തുവിന്റെ പ്രസ്താവന. പ്രപഞ്ചത്തെ സംരക്ഷിക്കുന്ന ദേവതയെന്ന് വിശ്വസിക്കപ്പെടുന്ന ജഗദ്ധാര്‍ത്ഥി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഉത്സവത്തിലേക്ക് സ്ത്രീകള്‍ മദ്യപിച്ചെത്തരുതെന്നും ലാല്‍തു ആവശ്യപ്പെട്ടു.

ഇന്ന് (വെള്ളി) ജഗദ്ധാര്‍ത്ഥി ഉത്സവം ആരംഭിക്കാനിരിക്കെയാണ് എ.എസ്.പിയുടെ പരാമര്‍ശം വിവാദമായത്. മുന്‍ വര്‍ഷത്തെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് എ.എസ്.പി യോഗത്തില്‍ സംസാരിച്ചത്.

‘പുരുഷന്മാര്‍ പല തെറ്റുകളും തെറ്റും. സ്ത്രീകളുടെ ജോലി അവരെ തടയുക എന്നതാണ്. എന്നാല്‍ അതല്ല ഇവിടെ നടക്കുന്നത്. സ്ത്രീകളാണ് ഇപ്പോള്‍ മദ്യപിക്കുകയും അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്. അത് സമൂഹത്തിന് ദോഷമുണ്ടാക്കും,’ ലാല്‍തു ഹൈദര്‍ പറഞ്ഞു. റാണഘട്ട് ജില്ലയിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ടാണിയാള്‍.

കഴിഞ്ഞ വര്‍ഷത്തെ കാളി പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കിടയില്‍ ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്കിടയിലാണ് മദ്യപാനത്തിന്റെ നിരക്ക് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നതെന്നും എ.എസ്.പി അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം പറയാന്‍ തനിക്ക് ലജ്ജയുണ്ടെന്നും ഇത്തരം ഘോഷയാത്രകളെ അപലപിക്കുന്നതായും ലാല്‍തു ഹൈദര്‍ സംസാരിച്ചു.


എ.എസ്.പിയുടെ പ്രസംഗത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.

പുരുഷന്റെ തെറ്റുകള്‍ തിരുത്താന്‍ സ്ത്രീകളുടെ ആവശ്യമെന്താണ്, ഒരു കല്യാണം കഴിച്ചാല്‍ ആണുങ്ങളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമെന്ന് ഇപ്പോഴും ചിന്തിക്കുന്ന സമൂഹം, സ്ത്രീകള്‍ മദ്യപിച്ചാല്‍ എന്താണ്, ആര്‍ക്കാണ് കുഴപ്പം തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മദ്യപിച്ച് പൊതുസ്ഥലത്ത് ആര് പ്രശ്‌നമുണ്ടാക്കിയാലും നടപടിയുണ്ടാകണം. എന്നാല്‍ അതിൽ ആണ്‍-പെണ്‍ വ്യത്യാസം കാണേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എ.എസ്.പിയുടേത് സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതും അധിക്ഷേപിക്കുന്നതുമായ പരാമര്‍ശമാണെന്നും ചിലര്‍ പ്രതികരിച്ചു.

ഒരു വിഭാഗം ആളുകള്‍ എ.എസ്.പിയെ അനുകൂലിച്ചും പ്രതികരിക്കുന്നുണ്ട്. പുതുതലമുറയിലെ പെണ്‍കുട്ടികളെ കുറ്റപ്പെടുത്തികൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്റുകളും. പെണ്‍കുട്ടികളുടെ വസ്ത്രധാരണം, ജീവിതരീതി, ആശയങ്ങള്‍ തുടങ്ങിയവയെല്ലാം വിമര്‍ശനം നേരിടുന്നുണ്ട്.

ബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് എ.എസ്.പിയുടെ ഉപദേശമെന്നും ചിലര്‍ പറയുന്നു.

Content Highlight: ASP Laltu Haider made derogatory remarks against women in Bengal