ജനങ്ങളോട് രണ്ടു വട്ടം വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടു; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കേസ്
D' Election 2019
ജനങ്ങളോട് രണ്ടു വട്ടം വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടു; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 10:42 am

മുംബൈ: മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടര്‍മാരോട് രണ്ടു വട്ടം വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട ബി.ജ.പി എം.എല്‍.എ മണ്ട മാത്രെയ്‌ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ നടന്ന ചടങ്ങിലായിരുന്നു താനെ ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് രണ്ടു വട്ടം വോട്ടു ചെയ്യാന്‍ ബേലാപുര്‍ എം.എല്‍.എയായ മാത്രെ ആവശ്യപ്പെട്ടത്.

താനെ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ബേലാപുര്‍. രാജന്‍ ബബുറാവോ വിചാരെ ആണ് ശിവസേന ടിക്കറ്റില്‍ താനെയില്‍ നിന്ന് മത്സരിക്കുന്നത്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.


ഐ.പി.സി 171-ഡി 171-എഫ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മാത്രെയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്ക് നാലു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു. ഏപ്രില്‍ 18, 23, 29 തിയ്യതികളിലായ മറ്റു മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കും.

ഇന്ത്യന്‍ സേന നടത്തിയ വിവിധ ഓപറേഷനുകള്‍ വിവരിച്ച് തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പതിച്ചതിന് രാജസ്ഥാനിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം നോട്ടീസയച്ചിരുന്നു.