പരാതിക്കാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ചുംബനം ചോദിച്ചു; കൊട്ടാരക്കര സ്റ്റേഷനിലെ പൊലീസുകാരനെതിരെ കേസ്
Kerala News
പരാതിക്കാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ചുംബനം ചോദിച്ചു; കൊട്ടാരക്കര സ്റ്റേഷനിലെ പൊലീസുകാരനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th August 2021, 9:47 am

കൊല്ലം: പരാതിക്കാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ചുംബനം ചോദിക്കുകയും അശ്ലീലം പറയുകയും ചെയ്ത കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു ജോണിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് സസ്പെന്റ് ചെയ്തേക്കുമെന്നാണ് വിവരം. കലയപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

വീടിന് മുന്നില്‍ സ്ഥിരമായി മദ്യപസംഘം നടത്തുന്ന ബഹളത്തിനെതിരെ നാല് ദിവസം മുമ്പാണ് യുവതി കൊട്ടാരക്കര സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് എതിര്‍ കക്ഷികളെ വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടയച്ചു.

ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലില്‍ ബിജു ജോണ്‍ വിളിച്ചുതുടങ്ങിയത്. ചുംബനം ചോദിച്ചതടക്കമുള്ള അശ്ലീല സംഭാഷണങ്ങള്‍ വിവരിച്ച് ഇയാള്‍ക്കെതിരെ യുവതി കൊട്ടാരക്കര ഡിവൈ.എസ്.പി ആര്‍.സുരേഷിന് പരാതി നല്‍കി.

തുടര്‍ന്ന് അന്വേഷണം നടത്തി ബിജു ജോണിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അച്ചടക്ക നടപടിക്കായി റൂറല്‍ എസ്.പി കെ.ബി. രവിക്ക് റിപ്പോര്‍ട്ടു നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാകും സസ്‌പെന്‍ഷന്‍ ഉണ്ടാവുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Asked the complainant to kiss; Case against policeman