സിനിമ ഫ്‌ളോപ്പ് ആകുമ്പോള്‍ ഇക്ക വിഷമിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്: അസ്‌കര്‍ അലി
Malayalam Cinema
സിനിമ ഫ്‌ളോപ്പ് ആകുമ്പോള്‍ ഇക്ക വിഷമിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്: അസ്‌കര്‍ അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd August 2025, 4:24 pm

മലയാളികള്‍ക്ക് പരിചിതനായ നടനാണ് അസ്‌കര്‍ അലി. ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് അരുണ്‍ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

കാമുകി, ജീം ബൂം ബ എന്നീ സിനിമകളില്‍ നായകനായി വേഷമിട്ടു. ഒരു ഇടവേളക്ക് ശേഷം ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തില്‍ ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘ഒരിടക്ക് സിനിമ ഭയങ്കര ഫ്‌ളോപ്പായി പോകുമ്പോള്‍ അദ്ദേഹം വിഷമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ പുള്ളി അത് മറികടന്നു. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് സക്സ്സ് ഉണ്ടാകുമ്പോള്‍ നമ്മള്‍ കംപ്ലീറ്റ് പോസിറ്റീവ് ആകുകയാണ്,’അസ്‌കര്‍ പറയുന്നു.

സിനിമ വിജയിക്കുമ്പോള്‍ അതിന്റെ ഒരു വൈബ് തനിക്കും കിട്ടുമെന്നും തന്റെയും പുതിയ സിനിമകള്‍ വരുമ്പോള്‍ കുടുംബത്തോടെ രക്ഷപ്പെടാന്‍ പോകുകയാണെന്ന ഒരു ഫീല്‍ തനിക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍ നല്ല സന്തോഷമാണ്, ഇക്ക അത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനൊക്കെയുള്ള റിസള്‍ട്ട് കിട്ടി കഴിയുമ്പോള്‍ നല്ല സന്തോഷമുണ്ട്,’അസ്‌കര്‍ അലി പറയുന്നു.

ആസിഫിന്റെ കരിയറില്‍ പരാജയങ്ങള്‍ സംഭവിച്ചുവെങ്കിലും അതിനെ മറികടന്ന വര്‍ഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നുവെന്ന് മാത്രമല്ല അന്യഭാഷയിലും ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ സര്‍ക്കീട്ട് എന്ന സിനിമ മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചുവെങ്കിലും ചിത്രം വാണിജ്യവിജയമായിരുന്നില്ല.

Content Highlight:  Askar says that I’ve seen Asif ali  get upset when a movie flops