ഇന്റര്‍വെല്ലിന് മുമ്പ് തിയേറ്ററില്‍ നിന്നിറങ്ങി; പോയെടാ ഓടിക്കോയെന്ന് വിളിച്ചു പറഞ്ഞു: അസ്‌കര്‍ അലി
Malayalam Cinema
ഇന്റര്‍വെല്ലിന് മുമ്പ് തിയേറ്ററില്‍ നിന്നിറങ്ങി; പോയെടാ ഓടിക്കോയെന്ന് വിളിച്ചു പറഞ്ഞു: അസ്‌കര്‍ അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th July 2025, 9:35 am

ഹണി ബീ 2.5 (2017) എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അസ്‌കര്‍ അലി. ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.

പിന്നീട് കാമുകി, ജീം ബൂം ബ തുടങ്ങിയ മലയാള സിനിമകളിലും ലവ് റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരുന്നു. ഈയിടെ ഇറങ്ങിയ സുരേഷ് ഗോപി ചിത്രം ജെ.എസ്.കെയിലും അസ്‌കര്‍ ഒരു പ്രധാനവേഷത്തില്‍ എത്തി.

എന്നാല്‍ അദ്ദേഹം കരിയറിന്റെ തുടക്കത്തില്‍ അഭിനയിച്ച പല സിനിമകളും തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇപ്പോള്‍ പണ്ടത്തെ സിനിമകള്‍ കാണുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അസ്‌കര്‍ അലി.

‘ഞാന്‍ എന്റെ സിനിമകള്‍ പിന്നെ കാണില്ല. ഹണി ബി 2.5 തിയേറ്ററില്‍ പോയി കണ്ടത് എനിക്ക് ഇപ്പോഴും നല്ല ഓര്‍മയുണ്ട്. ഞാന്‍ ഇന്റര്‍വെല്‍ വരെയൊന്നും തികച്ച് കണ്ടിട്ടില്ല എന്നതാണ് സത്യം. ഞാന്‍ ഉടനെ ഇറങ്ങി വന്നു.

എന്നിട്ട് ആരെയോ വിളിച്ചിട്ട് ‘പോയെടാ പോയെടാ. ഓടിക്കോ’ എന്ന് പറഞ്ഞു. എനിക്ക് എന്നെ സ്‌ക്രീനില്‍ കാണാനേ പറ്റില്ലായിരുന്നു. എന്നെ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. ഇപ്പോഴൊക്കെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്,’ അസ്‌കര്‍ അലി പറയുന്നു.

ഇപ്പോള്‍ താന്‍ ജെ.എസ്.കെ കഴിഞ്ഞിട്ട് ചെയ്യുന്ന സിനിമകളെല്ലാം തന്റെ കൂട്ടുകാരുടേതാണെന്നും അതുകൊണ്ട് താന്‍ കുറച്ച് കൂടി അവരുടെ കൂടെ ഇരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും നടന്‍ പറയുന്നുണ്ട്.

‘സംവിധായകരുടെയും എഴുത്തുകാരുടെയും കൂടെ ഇരിക്കുന്നതിലൂടെ എന്റെ കഥാപാത്രം എന്താണെന്ന് ഞാന്‍ പഠിക്കുകയാണ്. അങ്ങനെയൊക്കെ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. പക്ഷെ അതൊക്കെ വരുമോയെന്ന് എനിക്ക് അറിയില്ല. ഇപ്പോള്‍ എല്ലാം പഠിച്ച് വരുന്നുണ്ട്,’ അസ്‌കര്‍ അലി പറയുന്നു.


Content Highlight: Askar Ali Talks About His Films