ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
വിവാദ ഫേസ്ബുക്ക് പോസ്റ്റ്; വിഷ്ണു നന്ദകുമാര്‍ ഒളിവിലെന്ന് പൊലീസ്
ന്യൂസ് ഡെസ്‌ക്
Tuesday 17th April 2018 10:33am

കൊച്ചി: ജമ്മുകാശ്മീരിലെ കത്‌വയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് എട്ട് വയസുകാരിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച കേസിലെ പ്രതി നെട്ടൂര്‍ കുഴുപ്പിള്ളി വീട്ടില്‍ വിഷ്ണു നന്ദകുമാര്‍ ഒളിവിലെന്ന് പൊലീസ്.

വിഷ്ണുവും കുടുംബാംഗങ്ങളും ഇപ്പോള്‍ നാട്ടിലില്ലെന്നും മൊബൈല്‍ ഫോണ്‍ സ്യുച്ച് ഓഫ് ആണെന്നും പൊലീസ് പറയുന്നു. അതേസമയം ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണെന്നും വിവരങ്ങള്‍ ഉണ്ട്.

മതവിദ്വേഷം ഉണ്ടാക്കിയതിനെതിരെ ജാമ്യമില്ലാ വകുപ്പിലാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റ് വന്ന വെള്ളിയാഴ്ച തന്നെ യൂത്ത് കോണ്‍ഗ്രസ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് അഫ്‌സല്‍ നമ്പ്യാരത്ത് നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

പരാതി ലഭിച്ച ദിവസം വിഷ്ണു നന്ദകുമാര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പൊലീസ് പിടികൂടാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കാശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ എട്ട് വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതിന് പിന്നാലെ കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകിരച്ചായിരുന്നു വിഷ്ണു രംഗത്തെത്തിയത്.

ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി…. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ’ എന്നായിരുന്നു വിഷ്ണു നന്ദകുമാര്‍ കമന്റിട്ടത്. ഇതോടെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തി.

സോഷ്യല്‍ മീഡിയയില്‍ പ്രതിഡേധം ഉയര്‍ന്നതിനു പിന്നാലെ ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജ് പൂട്ടിയിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഇയാള്‍ ജോലിചെയ്യുന്ന കൊടക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിഷ്ണു നന്ദകുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കൊടക് മഹീന്ദ്ര വ്യക്തമാക്കുകയായിരുന്നു.

Advertisement