കൂമന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തും ജോസഫും ഒന്നിച്ച സിനിമയാണ് മിറാഷ്. സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. കൂമനുശേഷം വീണ്ടും ജീത്തു ജോസഫിനൊപ്പം, ‘മിറാഷ്’ എന്ന സിനിമയിലേക്ക് ആസിഫിനെ ആകര്‍ഷിച്ച ഘടകം എന്താണന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ ആസിഫ് അലി.
തനിക്ക് വലിയ ബോക്‌സോഫീസ് വിജയങ്ങളൊന്നും ഇല്ലാതിരുന്ന സമയത്ത് വളരെ അപ്രതീക്ഷിതമായാണ് ജീത്തു കൂമന്‍ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചതെന്ന് അദ്ദേഹം പറയുന്നു.
‘ഞാന്‍ അന്ന് വളരെ ആശ്ചര്യപ്പെട്ടിരുന്നു, എന്തുകൊണ്ടാകാം എന്നെ വിളിച്ചതെന്ന് ചിന്തിച്ചു. കാരണം ദൃശ്യം, ദൃശ്യം-2, മെമ്മറീസ്, മൈ ബോസ്, ആദി തുടങ്ങി അദ്ദേഹം തുടരെ വലിയ ഹിറ്റുകള്‍ സൃഷ്ടിച്ചുനില്‍ക്കുന്ന സമയമാണ്, ഇന്ത്യയിലെ ഏത് വലിയ അഭിനേതാവും അദ്ദേഹം വിളിക്കാന്‍വേണ്ടി അപ്പോള്‍ കാത്തുനില്‍ക്കുകയാണ്. അങ്ങനെയൊരു സമയത്താണ് അദ്ദേഹം വിളിച്ചത്,’ ആസിഫ് പറയുന്നു.
കഥകേട്ടപ്പോള്‍ ഗിരി എന്ന കേന്ദ്രകഥാപാത്രം താനാണെന്നും ഏറെ പുതുമയുള്ള, വ്യത്യസ്തമായൊരു ത്രില്ലര്‍ സിനിമയാണ് ഇതെന്നും മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.z
‘ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു ‘ലാല്‍ സാര്‍ അടക്കം എല്ലാവരും സാര്‍ വിളിച്ചാല്‍ സിനിമ ചെയ്യാന്‍ റെഡിയാണ്, എന്നിട്ടും പെട്ടെന്ന് എന്നെ വിളിക്കാനുള്ള കാരണം എന്താണ്’ എന്ന്. ‘ഈ തിരക്കഥ വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ആസിഫിന്റെ മുഖമാണ് ഓര്‍മവന്നത് എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്. ആസിഫിന് ഈ കഥാപാത്രം ചേരുമെന്നുതോന്നി, അതാണ് വിളിച്ചത്. ആ മറുപടി എനിക്ക് വലിയ ആത്മവിശ്വാസം നല്‍കി, കൂമന്‍ വലിയ വിജയമാകുകയും ചെയ്തു,’ആസിഫ് പറഞ്ഞു.
മൂന്നുവര്‍ഷത്തിനുശേഷം അദ്ദേഹം മിറാഷിന് വിളിക്കുമ്പോഴും തനിക്ക് ചെയ്യാന്‍പറ്റുന്ന വേഷമായതുകൊണ്ടാണ് അദ്ദേഹം വിളിക്കുന്നതെന്ന ആത്മവിശ്വാസം തനിക്കുണ്ടായെന്നും മിറാഷിന്റെ തിരക്കഥയും ജീത്തു ജോസഫ് എന്ന സംവിധായകനുമാണ് തന്നെ ഈ സിനിമയുടെ ഭാഗമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകേന്ദ്രികൃത വഴിയില്‍ കഥപറയുന്ന മിറാഷ് ജീത്തു ജോസഫ് ആദ്യം ബോളിവുഡില്‍ ചെയ്യാനിരുന്ന സിനിമയാണെന്നും ആസിഫ് അലി വ്യക്തമാക്കി.
Content highlight: Asif Ali talks about Jeethu Joseph and the movie Kooman