ഒരേ സംവിധായകനൊപ്പം ഒന്നിലധികം സിനിമകള്‍ തുടര്‍ച്ചയായി ചെയ്യാന്‍ കാരണമുണ്ട്: ആസിഫ് അലി
Malayalam Cinema
ഒരേ സംവിധായകനൊപ്പം ഒന്നിലധികം സിനിമകള്‍ തുടര്‍ച്ചയായി ചെയ്യാന്‍ കാരണമുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 3:41 pm

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫിന് ഭാഗമാകാന്‍ സാധിച്ചിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തുന്ന കാഴ്ചയായിരുന്നു മലയാളികള്‍ ഈയിടെ കണ്ടത്.

ഇപ്പോള്‍ ഒരു സംവിധായകനൊപ്പം തന്നെ ഒന്നിലധികം സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആസിഫ് അലി. ഒരേ സംവിധായകര്‍ക്കൊപ്പം വലിയ ഇടവേളകളില്ലാതെ വീണ്ടും വീണ്ടും സിനിമകള്‍ ചെയ്യാനായത് തന്നിലെ നടന് വലിയ ധൈര്യം നല്‍കിയ കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

‘ഒരു സിനിമ കഴിയുമ്പോള്‍ അതിലെ നായകനെ വെച്ച് വീണ്ടുമൊരു സിനിമ ചെയ്യാന്‍ ആ സംവിധായകന്‍ തയ്യാറാകുന്നുവെങ്കില്‍ അതിന് പിന്നില്‍ ആ സംവിധായകന്‍ എന്നില്‍ അര്‍പ്പിക്കുന്ന ഒരു വിശ്വാസമുണ്ട്.

അതിലെനിക്ക് അഭിമാനിക്കാനുള്ള വകയുണ്ട്. സിബി മലയില്‍, ആഷിക് അബു, ജീന്‍ പോള്‍ ലാല്‍, ജിസ് ജോയ് എന്നിവര്‍ക്കൊപ്പമെല്ലാം ഒന്നിലധികം തവണ ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. എന്നാല്‍ അതെല്ലാം ബോധപൂര്‍വം തീരുമാനിച്ചതായിരുന്നില്ല,’ ആസിഫ് അലി പറയുന്നു.

നടന്മാര്‍ ഇപ്പോള്‍ സംവിധായകന്‍ ആകുന്നതിനെ കുറിച്ചും ആസിഫ് സംസാരിച്ചു. സിനിമ തന്നെയാണ് തന്റെ ലോകമെന്നും എന്നാല്‍ സംവിധാനം ചെയ്യാന്‍ കഴിയുമെന്നൊരു ആത്മവിശ്വാസം ഇതുവരെ ഉണ്ടായിട്ടില്ലെന്നും നടന്‍ പറഞ്ഞു.

‘സൗബിന്‍ സഹസംവിധായകനായി എത്തിയാണ് നടനായി മാറുന്നത്. പൃഥ്വിരാജ് ക്യാമറക്ക് പിന്നിലെ കാര്യങ്ങള്‍ കൃത്യമായി പഠിച്ചെടുത്താണ് സംവിധാനത്തിലേക്ക് ഇറങ്ങിയത്. സംവിധാനം ഭാരിച്ച ജോലി തന്നെയാണ്. ഒന്നിലധികം കാര്യങ്ങളില്‍ ഒരേസമയം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About His Films