എല്ലാം ആ ഒരു നിമിഷത്തില്‍ സംഭവിക്കുന്നതാണ്; അതുകഴിഞ്ഞ് എനിക്ക് വിഷമമാകും: ആസിഫ് അലി
Entertainment news
എല്ലാം ആ ഒരു നിമിഷത്തില്‍ സംഭവിക്കുന്നതാണ്; അതുകഴിഞ്ഞ് എനിക്ക് വിഷമമാകും: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th November 2023, 7:32 pm

ആരെങ്കിലും തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ താന്‍ പെട്ടെന്ന് ദേഷ്യപ്പെടുമെന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. ലൊക്കേഷനില്‍ ആണെങ്കില്‍ പോലും തനിക്ക് നിശബ്ദത വേണമെന്നും ആസിഫ് പറയുന്നു. ധന്യാ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്നോട് എപ്പോഴും ആളുകള്‍ ചോദിക്കുന്ന കാര്യമാണ്, മറ്റുള്ളവര്‍ ഫോട്ടോസ് എടുക്കാന്‍ വരുമ്പോള്‍ ഡിസ്റ്റര്‍ബ്ഡ് ആകുമോയെന്ന്.

ആളുകള്‍ എന്നെ കാണുമ്പോള്‍ ഇഷ്ടപ്പെടണമെന്നും എക്‌സൈറ്റഡാകണമെന്നും അടുത്ത് വന്ന് ഫോട്ടോസ് എടുക്കണമെന്നുമൊക്കെ ഞാന്‍ ഒരുപാട് ആഗ്രഹിച്ചതാണ്.

അപ്പോഴും ആളുകള്‍ കുറേ ഫോട്ടോസൊക്കെ എടുത്തു കഴിഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറയാറുണ്ട്. അതിന് ശേഷം എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ ആരെങ്കിലും പ്രൊവോക്ക് ചെയ്താല്‍ ഞാന്‍ പെട്ടെന്ന് പ്രൊവോക്കാകും.

ഞാന്‍ ആരോടാണോ ദേഷ്യപ്പെട്ടത് അവര്‍ക്ക് അതിന്റെ കാരണം കൃത്യമായി മനസിലാകും. ലൊക്കേഷനില്‍ ആണെങ്കില്‍ പോലും എനിക്ക് വേണ്ടത് നിശബ്ദതയാണെന്ന് ഞാന്‍ എല്ലാ ഇന്റര്‍വ്യൂകളിലും പറയുന്ന കാര്യമാണ്.

ഇന്റര്‍വ്യൂ എടുക്കുന്ന സമയത്തും ഓണ്‍ലൈന്‍ പ്രൊമോഷന്റെ സമയത്തും ക്യാമറയുടെ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് എന്റെ കാര്യം നന്നായിട്ടറിയാം.

ഞാന്‍ അത്രയും ഇന്‍വോള്‍വായിട്ടാണ് ചെയ്യുന്നത്. അതിന്റെ ഇടയില്‍ മാറിയിരുന്ന് ആരെങ്കിലും സംസാരിച്ചാല്‍ ഞാന്‍ പെട്ടെന്ന് ഡിസ്ട്രാക്റ്റഡാകും. പ്രത്യേകിച്ച് ഞാന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത്.

ആ സമയം ഞാന്‍ ചിലപ്പോള്‍ ചീത്തപറയും, ഞാന്‍ വായില്‍ തോന്നിയതൊക്കെ പറയും. അതുകഴിഞ്ഞ് എനിക്ക് വിഷമമാകും. ചിലപ്പോള്‍ ഞാന്‍ പോയിട്ട് സോറി പറയും.

എല്ലാം ആ ഒരു നിമിഷത്തില്‍ സംഭവിക്കുന്നതാണ്. അത് ഞാന്‍ ഫേക്ക് ചെയ്യാറില്ല. എനിക്ക് ദേഷ്യം വന്നാല്‍ ഞാന്‍ ഉറപ്പായും ദേഷ്യം കാണിക്കും,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About His Character