കിഷ്‌കിന്ധാ കാണ്ഡം; സ്‌ക്രിപ്റ്റ് വായിച്ച് ഞാന്‍ അയാളോട് പറഞ്ഞ അതേ ഡയലോഗ് മലയാള സിനിമ മുഴുവന്‍ പറഞ്ഞു: ആസിഫ് അലി
Entertainment news
കിഷ്‌കിന്ധാ കാണ്ഡം; സ്‌ക്രിപ്റ്റ് വായിച്ച് ഞാന്‍ അയാളോട് പറഞ്ഞ അതേ ഡയലോഗ് മലയാള സിനിമ മുഴുവന്‍ പറഞ്ഞു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 4:37 pm

ബാഹുല്‍ രമേശിന്റെ രചനയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ആസിഫ് അലി എന്ന നടന് ഏറ്റവും കൂടുതല്‍ പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു കിഷ്‌കിന്ധാ കാണ്ഡം.

ഒരു റിസര്‍വ്ഡ് ഫോറസ്റ്റിന് അടുത്ത് താമസിക്കുന്ന റിട്ടേയ്ഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പു പിള്ളയുടെയും വനം വകുപ്പ് ജീവനക്കാരനായ അയാളുടെ മകന്‍ അജയചന്ദ്രന്റെയും കഥയാണ് സിനിമ പറയുന്നത്. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.

താന്‍ വായിച്ചതില്‍ ഏറ്റവും മികച്ച തിരക്കഥയാണ് കിഷ്‌കിന്ധാ കാണ്ഡം എന്ന് ആസിഫ് അലി പറയുന്നു. താന്‍ ആ തിരക്കഥ വായിച്ച് ബാഹുലിനോട് പറഞ്ഞ അതെ കാര്യമാണ് സിനിമ കണ്ട് മലയാള സിനിമ മുഴുവനും പറഞ്ഞതെന്നും ഇതൊരു ക്രിസ്റ്റഫര്‍ നോളന്‍ മെറ്റീരിയലാണെന്നും ആസിഫ് അലി പറഞ്ഞു.

ബാഹുല്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചത് എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഞാന്‍ വായച്ചതില്‍ ഏറ്റവും മികച്ച ഒരു തിരക്കഥയാണ് കിഷ്‌കിന്ധാ കാണ്ഡം. എനിക്ക് ആ സ്‌ക്രിപ്റ്റ് ബാഹുല്‍ കൊണ്ട് തരുന്ന സമയത്ത്, അത് ഫുള്‍ വായിച്ച് കഴിഞ്ഞ് ഞാന്‍ ബാഹുലിന്റെ അടുത്ത് പറഞ്ഞ അതേ ഡയലോഗാണ് മലയാള സിനിമ മുഴുവന്‍ ആ സിനിമ കണ്ടിട്ട് പറഞ്ഞത്. ഇതൊരു ക്രിസ്റ്റ്രഫര്‍ നോളന്‍ മെറ്റീരിയലാണ് എന്നുള്ളത്. അത് ശരിക്കും ആ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നതാണ്.

സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റെന്ന് പറയുന്നത് ബാഹുല്‍ തന്നെയാണ് അതിന്റെ സ്‌ക്രിപ്റ്റും, ക്യാമറയും എന്നതാണ്. അതുകൊണ്ട് ബാഹുല്‍ മനസില്‍ കണ്ട് എഴുതിയത്, ക്യാമറയിലൂടെ ആദ്യം കാണുന്നത് ബാഹുലാണ്. അതുകൊണ്ട് എന്ത് കറക്ഷന്‍ വേണമെങ്കിലും കൃത്യമായിട്ട് ബാഹുലിന് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. അത് തീര്‍ച്ചയായും അവരുടെ വിജയമാണ്,’ ആസിഫ് അലി പറയുന്നു

content highlights: Asif ali talk about Kishkindha Kaandam movie