ആസിഫ് അലിയെ നായകനാക്കി സേതുനാഥ പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലിയുടെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രമാണെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസും പോസ്റ്ററിനൊപ്പം അറിയിച്ചിട്ടുണ്ട്.
ഈദ് റിലീസായാണ് ആഭ്യന്തര കുറ്റവാളി പ്രേക്ഷകരിലേക്കെത്തുന്നത്. എന്നാല്‍ മലയാളക്കര ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ എമ്പുരാനും ഇതേ സമയത്താണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈദും അതിനോട് അനുബന്ധിച്ചുള്ള വലിയ അവധികളും മുന്നില്‍ കണ്ടാണ് എമ്പുരാന്‍ ഒടുവില്‍ മാര്‍ച്ച് 27ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
ഇതേദിവസം മലയാളത്തില്‍ മറ്റ് ചിത്രങ്ങളൊന്നും റിലീസ് ഇല്ലാതിരുന്നപ്പോഴാണ് ആഭ്യന്തര കുറ്റവാളി എമ്പുരാനൊപ്പം ക്ലാഷ് ഉറപ്പിച്ചത്. ഇത് ആദ്യമായല്ല മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തോടൊപ്പം ആസിഫ് അലി ചിത്രം ക്ലാഷിനെത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പുലിമുരുകനൊപ്പവും ആസിഫ് ക്ലാഷുമായി വന്നിരുന്നു.
2016ല്‍ പുലിമുരുകനൊപ്പം ആസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ അഭിനയിച്ച കവി ഉദ്ദേശിച്ചത് എന്ന ചിത്രവും റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനും അന്ന് ക്ലാഷിനുണ്ടായിരുന്നു. പുലിമുരുകന്റെ അതിഗംഭീരവിജയത്തിനിടയില്‍ മറ്റ് രണ്ട് ചിത്രങ്ങളും ശ്രദ്ധ നേടാതെ പോവുകയായിരുന്നു.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ക്ലാഷിന് ഇറങ്ങുമ്പോള്‍ ആസിഫിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ കിങ് സൈസ് തിയേറ്ററുകള്‍ പലതും ഇതിനോടകം തന്നെ എമ്പുരാനെ വരവേല്ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഈ രണ്ട് ചിത്രങ്ങള്‍ക്ക് പുറമെ രണ്ട് അന്യഭാഷാ സിനിമകളും ഈദ് റിലീസായി തയാറെടുക്കുന്നുണ്ട്. വിക്രമിനെ നായകനാക്കി അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര സൂരന്‍, സല്‍മാന്‍ ഖാനെ നായകനാക്കി എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറുമാണ് ഈദ് റിലീസായി എത്തുന്ന അന്യഭാഷാചിത്രങ്ങള്‍. ഏത് ചിത്രമാകും ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Asif Ali’s Abhyanthara Kuttavali going to clash with Empuraan