അവനെന്തിയേ റോഷന്‍, എന്ന് ചോദിച്ച് പുള്ളി നേരെ കയറിവന്നു; ആസിഫലിയാണ് ഇതെന്ന് റിയലൈസ് ചെയ്യുന്നത് തന്നെ ഷൂട്ട് കഴിഞ്ഞാണ്; കൊത്ത് വിശേഷങ്ങളുമായി റോഷനും ആസിഫും
Entertainment news
അവനെന്തിയേ റോഷന്‍, എന്ന് ചോദിച്ച് പുള്ളി നേരെ കയറിവന്നു; ആസിഫലിയാണ് ഇതെന്ന് റിയലൈസ് ചെയ്യുന്നത് തന്നെ ഷൂട്ട് കഴിഞ്ഞാണ്; കൊത്ത് വിശേഷങ്ങളുമായി റോഷനും ആസിഫും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th September 2022, 2:49 pm

ആസിഫ് അലി, നിഖില വിമല്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കൊത്ത് റിലീസ് ചെയ്തിരിക്കുകയാണ്.

ആസിഫ് അലിയും റോഷന്‍ മാത്യുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് കൊത്ത്. സെറ്റിലെ ആസിഫിന്റെ പെരുമാറ്റത്തെ കുറിച്ചും ആസിഫിനൊപ്പം അഭിനയിക്കുമ്പോള്‍ തനിക്കുണ്ടായിരുന്ന ആശങ്കകളെ കുറിച്ചും സംസാരിക്കുകയാണ് റോഷന്‍.

പ്രൊമോഷന്റെ ഭാഗമായി കൊത്ത് ടീമിനൊപ്പം പോപ്പര്‍‌സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ആസിഫിക്ക് ഫാന്‍സിനോട് മാത്രമല്ല എല്ലാവരോടും സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. വര്‍ക്ക് ചെയ്തപ്പോള്‍ ഒരു സമയത്തും ആ ഡിസ്റ്റന്‍സ് ഫീല്‍ഡ ചെയ്തിട്ടില്ല. ഇത്രയും നാളായി സിനിമ ചെയ്യുന്ന ആളാണെന്നോ ഒരു സ്റ്റാറാണെന്നോ ഉള്ള ഒരു ചിന്തയുമില്ല.

നമ്മുടെ ഒക്കെ കൂടെ നിന്ന് പടം ചെയ്യുന്ന ഒരു പയ്യന്‍, അങ്ങനെയേ തോന്നൂ. ഞാനും ആസിഫിക്കയും അവതരിപ്പിക്കുന്ന രണ്ട് കൂട്ടുകാരുടെ കഥാപാത്രങ്ങളുടെ ട്രാക്ക് പ്രധാനമാണെന്ന് കൊത്തിന്റെ ഷൂട്ട് തുടങ്ങുന്ന സമയത്ത് സിബി സാര്‍ പറഞ്ഞിരുന്നു. പക്ഷെ കൊവിഡൊക്കെ ആയതുകൊണ്ട് ഷൂട്ടിന് മുമ്പ് ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് പോലുമില്ല.

ആസിഫിക്കയെ കാണുന്നത് ഷൂട്ട് തുടങ്ങുന്ന ദിവസമാണ്. ആസിഫിക്കയുടെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരന്റെ കഥാപാത്രമാണ്, ഇതെങ്ങനെ സെറ്റാവും എന്ന് ലുക് ടെസ്റ്റിന് വേണ്ടി കോസ്റ്റിയൂമിട്ട് ഇരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു.

അപ്പോള്‍ ആസിഫിക്ക നടന്നുവരുന്നത് കണ്ടു. ‘അവനെന്തിയേ റോഷന്‍’ എന്ന് ചോദിച്ച് കൈ വിടര്‍ത്തിക്കൊണ്ട് പുള്ളി നേരെ കയറിവന്നു. നേരെ വന്ന കെട്ടിപ്പിടിച്ച് ‘ആ നിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുവായിരുന്നു ബാ’ എന്നും പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ട് പോയി.

ആസിഫലിയാണ് ഇതെന്ന് ഇവന്‍ റിയലൈസ് ചെയ്യുന്നത് തന്നെ ഷൂട്ട് കഴിഞ്ഞ് പോയിട്ടാണ്, എന്നായിരുന്നു ഇതിന് ആസിഫ് നല്‍കിയ മറുപടി കമന്റ്.

അതേസമയം ആറ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധായകനായി തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കൊത്തിനുണ്ട്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് കൊത്ത് ഒരുങ്ങുന്നത്.

എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ഇകഴ്ത്തി കെട്ടാന്‍ സിനിമ ശ്രമിക്കുന്നില്ലെന്ന് സംവിധായകന്‍ സിബി മലയില്‍ വ്യക്തമാക്കിയിരുന്നു.

രഞ്ജിത്, അനു മോഹന്‍, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Content Highlight: Asif Ali and Roshan Mathew shares shooting experience of the movie Kotthu