തങ്ങളുടെ വാര്‍ത്ത മറ്റൊരു ചാനലില്‍ അതേപടി വന്നതാണ്; പി.വി അന്‍വറിന് ഏഷ്യാനെറ്റ് ന്യൂസ് ലേഖികയുടെ മറുപടി
Kerala News
തങ്ങളുടെ വാര്‍ത്ത മറ്റൊരു ചാനലില്‍ അതേപടി വന്നതാണ്; പി.വി അന്‍വറിന് ഏഷ്യാനെറ്റ് ന്യൂസ് ലേഖികയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2023, 4:21 pm

കൊച്ചി: പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ക്രിമിനല്‍ മാധ്യമ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണത്തിന് ഫേസ്ബുക്കിലൂടെ മറുപടി നല്‍കി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍.  ചര്‍ച്ചയാകുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് മെയ് 18ന് ആദ്യം നല്‍കിയതാണെന്നും, നാല് ദിവസത്തിന് ശേഷം ആ വാര്‍ത്ത ജയ്ഹിന്ദ് ചാനലില്‍ അതേപടി വന്നതാണെന്നും അഖില നന്ദകുമാര്‍ വിശദീകരിക്കുന്നു.

ഒരു പാര്‍ട്ടി ഓഫീസില്‍ നിന്നും നിര്‍ദേശം കിട്ടിയിട്ട് വേണ്ട വാര്‍ത്ത എഴുതാനെന്നും, കണ്ട കാര്യങ്ങളില്‍ ബോധ്യമുള്ളത് സ്വന്തം ഭാഷയില്‍ പറയാനും എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഈ തൊഴില്‍ തുടങ്ങിയതും തുടരുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് ലേഖിക പറഞ്ഞു.

 

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദും എഷ്യാനെറ്റ് ന്യൂസും നല്‍കിയ സമാനമായ വാര്‍ത്ത പങ്കുവെച്ചെന്നായിരുന്നു എം.എല്‍.എയുടെ ആരോപണം. സ്‌ക്രിപ്റ്റിലെ ഒരു വാക്ക് പോലും മാറ്റാതെയാണ് രണ്ട് മാധ്യമങ്ങളും പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരായ വാര്‍ത്ത നല്‍കിയതെന്ന് പി.വി. അന്‍വര്‍ ഇന്നലെ വീഡിയോ തെളിവ് സഹിതം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് വാര്‍ത്തകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതെന്നും ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഈ നാട്ടിലുണ്ടെന്നും എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ആരൊക്കെ, എത്രയൊക്കെ വെച്ച് മാസപ്പടി വാങ്ങുന്നുണ്ടെന്ന കൃത്യമായ വിവരം ഉടന്‍ പുറത്തുവിടുമെന്നും അന്‍വര്‍ കുറിച്ചിരുന്നു.

അഖില നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചര്‍ച്ചയാകുന്ന വീഡിയോ ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്തത് മെയ് 18 വ്യാഴാഴ്ച. അന്ന് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റില്‍ വീഡിയോയും സ്‌ക്രിപ്റ്റുമായി വാര്‍ത്തയുടെ പൂര്‍ണ്ണരൂപമുണ്ട്. വാര്‍ത്തയുടെ ലിങ്ക് ആദ്യ കമന്റായി നല്‍കുന്നു. നാല് ദിവസം കഴിഞ്ഞ് മെയ് 22, തിങ്കളാഴ്ച ആ വാര്‍ത്ത ജയ്ഹിന്ദ് ചാനലില്‍ അതേപടി വരുന്നു.

വാര്‍ത്തയുടെ ലിങ്ക് രണ്ടാമത്തെ കമന്റായി നല്‍കുന്നു. എന്താണ് സംഭവിച്ചിരിക്കുക എന്ന് മനസിലാകുമല്ലോ. രണ്ട് വര്‍ഷമായി സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ട് ചര്‍ച്ചയായ സംഭവങ്ങളും ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ കസ്റ്റഡി മരണങ്ങളെ പറ്റി നല്‍കിയ കണക്കുകളുമാണ് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ഉള്ളടക്കം. ഇതെല്ലാം പൊതുസമൂഹത്തിന്റെ മുന്നിലുള്ള കാര്യമാണ്. ഒരു പാര്‍ട്ടി ഓഫീസില്‍ നിന്നും നിര്‍ദേശം കിട്ടിയിട്ട് വേണ്ട വാര്‍ത്ത എഴുതാന്‍. കണ്ട കാര്യങ്ങളില്‍ ബോധ്യമുള്ളത് സ്വന്തം ഭാഷയില്‍ പറയാനും എഴുതാനും കഴിയുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഈ തൊഴില്‍ തുടങ്ങിയതും തുടരുന്നതും.

content highlights: asianet news reporter gives reply to pv anvar mla