ഭരണപക്ഷത്തിരിക്കുന്നവര്‍ക്ക് ഭജന പാടലല്ല ഏഷ്യാനെറ്റിന്റെ കടമ
Dool Talk
ഭരണപക്ഷത്തിരിക്കുന്നവര്‍ക്ക് ഭജന പാടലല്ല ഏഷ്യാനെറ്റിന്റെ കടമ
അനുഷ ആന്‍ഡ്രൂസ്
Wednesday, 6th April 2022, 5:58 pm

നേര്ക്കുനേര് എന്ന പ്രോഗ്രാം നല്കിയ നല്ലതും ചീത്തയുമായ ഏക്സ്പീരിയന്സുകള് വളരെ വലുതാണ്, മാധ്യമപ്രവര്ത്തനം ഒരിക്കലും ഒരു വേദപുസ്തക പാരായണമല്ല, അഭിപ്രായസ്വാതന്തൃത്തിന്റെ വാ മൂടുന്നതുകൊണ്ട് എതിര്പ്പുകള് ഇല്ലാതാകും എന്ന് കരുതുന്നത് ശരിയല്ല, ഭരണപക്ഷത്തിരിക്കുന്നവര്ക്ക് ഭജന പാടലല്ല ഏഷ്യാനെറ്റ് ന്യൂസിന്റെ കടമ, ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാത്ത, അധിക്ഷേപിക്കാത്ത ഒരു രാഷ്ട്രീയപാര്ട്ടിയോ, മത സംഘടനകളോ, മതസ്ഥാപനങ്ങളോ ഇല്ല, ഒരു മാധ്യമസ്ഥാപനത്തിലെ അവതാരകര് അവതാരമാകേണ്ടതില്ല… ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര് പി.ജി. സുരേഷ്‌കുമാര് സംസാരിക്കുന്നു…

 

ഏഷ്യാനെറ്റ് ന്യൂസിലെ നേര്‍ക്കുനേര്‍ പ്രോഗ്രാം 700 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുന്നു. പരിപാടി തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ഒരുപാട് ഘടനകളില്‍ വ്യത്യാസം വരുത്തിക്കൊണ്ട് നേര്‍ക്കുനേരിനെ തീര്‍ത്തും ജനകീയമാക്കാന്‍ താങ്കള്‍ക്ക് സാധിച്ചു. ഈ യാത്ര എത്രമാത്രം ആസ്വദിച്ചിരുന്നു?

തീര്‍ച്ചയായും. പരിപാടി ആസ്വദിച്ചതിനോടൊപ്പം നല്ല ഒരു എക്‌സ്പീരിയന്‍സായിരുന്നു അതെനിക്ക് സമ്മാനിച്ചത്. സത്യത്തില്‍ ഇടയ്ക്ക് വച്ച് ഒരു ബ്രേക്ക് വന്നത് കൊണ്ടാണ് 700 എപ്പിസോഡുകളായി ചുരുങ്ങിയത്. നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ നേതാക്കളോട് നേര്‍ക്കുനേര്‍ സമ്മതിക്കുക, വാര്‍ത്ത ഉണ്ടാകുന്ന സ്ഥലത്തേക്ക് പോവുക, ആ പോകുന്ന സ്ഥലം, അവിടത്തെ പള്‍സ്, യാത്രകള്‍, വരുന്ന വരവ് ഇതെല്ലാം തന്നെ വലിയ ഒരു എക്‌സ്പീരിയന്‍സാണ്. അത് തീര്‍ച്ചയായും ആസ്വദിച്ചിരുന്നു. ഇടയ്ക്ക് വെച്ച് ധാരാളം പ്രതികൂല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

ഈ പ്രോഗ്രാം അനുഭവിച്ചിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളി എന്നത് തന്നെ ഇതിന്റെ വലുപ്പമുള്ള ഘടനയാണ്. നാലഞ്ച് ക്യാമറകള്‍, അതിനനുസരിച്ചുള്ള സെറ്റ് പ്രോപ്പര്‍ട്ടികള്‍. ഒരു നാടക സംഘം പോകുന്നത് പോലെ രണ്ടും മൂന്നും വാഹനങ്ങളിലാണ് ഞങ്ങള്‍ യാത്ര ചെയ്തിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എക്യുപ്‌മെന്റ്‌സ് കുറച്ചുകൂടെ കോംപാക്റ്റായി എന്ന് വേണം പറയാന്‍.

പണ്ട് എല്ലാ എപ്പിസോഡുകളും ഓരോ ആളുകളിലേക്ക് പോയി ചെയ്യുമായിരുന്നു. എന്നാല്‍ പിന്നീട് പലപ്പോഴും യാത്ര പറ്റാത്തത് കൊണ്ടും സമയ പരിമിതി കൊണ്ടും സ്റ്റുഡിയോയിലേക്ക് മാറേണ്ടി വന്നു. പക്ഷേ, കണ്‍ടന്റില്‍ അധികം വിട്ടുവീഴ്ചയില്ലാതെ തന്നെ, ഒരു ആഴ്ചയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍, അതിഥികള്‍ക്കും ജനങ്ങള്‍ക്കും ഒരേപോലെ അഭിപ്രായം പറയുന്ന ഫോര്‍മാറ്റ് നിലനിര്‍ത്താന്‍ ഇതുവരെ കഴിഞ്ഞു.

 

താങ്കള്‍ കരിയര്‍ തുടങ്ങിയത് തന്നെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നാണല്ലോ, ഇപ്പോള്‍ എത്ര വര്‍ഷമായി?

ഞാന്‍ ജേര്‍ണലിസം ആരംഭിച്ചിട്ട് ഏകദേശം 22 വര്‍ഷം കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും തന്നെയായിരുന്നു തുടക്കം. അക്കാലത്ത് കൂടുതല്‍ സമയവും റിപ്പോര്‍ട്ടിംഗിലായിരുന്നു താല്‍പര്യം. അങ്ങനെ ഏകദേശം 2012 വരെ റിപ്പോര്‍ട്ടിംഗിലായിരുന്നു. പിന്നീടാണ് ഡെസ്‌ക്കിലേക്ക് വന്നത്. ഞാന്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്നപ്പോള്‍ അതിന്റെ കൂടെ തന്നെ ചെയ്ത് തുടങ്ങിയ ഒരു പ്രോഗ്രാമാണിത്. അതുകൊണ്ട് പ്രോഗ്രാമിന് വേണ്ടി മാത്രമായി ഞാന്‍ മാറി നിന്നിട്ടില്ല.

 

ഒരു റിപ്പോര്‍ട്ടറിനെ ഇത്ര ഉത്തരവാദിത്തമുള്ള ഒരു പ്രോഗ്രാം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലേക്ക് എത്താനായി ഏഷ്യാനെറ്റിന് എത്ര വര്‍ഷം വേണ്ടി വന്നു?

അത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു പ്രത്യേകതയാണ്. 2004ല്‍ ഈ പ്രോഗ്രാം ചെയ്ത് തുടങ്ങുന്ന സമയത്ത് ഞാന്‍ വളരെ ജൂനിയറായ ഒരു റിപ്പോര്‍ട്ടറാണ്. എന്നെ മാത്രമല്ല, അത് പോലെ മറ്റ് പലരെയും എഷ്യാനെറ്റ് വളര്‍ത്തിക്കൊണ്ട് വന്നിരുന്നു. ഞങ്ങളുടെ തുടക്ക കാലത്തുണ്ടായിരുന്ന സീനിയര്‍ എഡിറ്റോറിയല്‍ ടീം എപ്പോഴും പുതിയ ആളുകളെ വിശ്വസിച്ച് ഇത്തരം പ്രോഗ്രാമുകള്‍ ഏല്‍പ്പിക്കുകയും, കണ്ടന്റ് വിലയിരുത്തുകയും, വേണ്ട ഉപദേശങ്ങള്‍ നല്‍കുകയുമൊക്കെ ചെയ്തിരുന്നു. അതുകൊണ്ടാവണം പ്രോഗ്രാം ജനപ്രിയമായത്.

 

നേര്‍ക്കുനേര്‍ എന്ന പ്രോഗ്രാമിന്റെ ഐഡിയ ആരാണ് കൊണ്ടുവന്നത്?

നേര്‍ക്കുനേര്‍ എന്ന പ്രോഗ്രാം തിരുവനന്തുപുരത്ത് വെച്ച് കേരളത്തിലെ സീനിയര്‍ ജേര്‍ണലിസ്റ്റുകള്‍ ചെയ്തിരുന്ന ഒരു ചര്‍ച്ചാ വേദിയായിരുന്നു. സി. ഗൗരി ദാസന്‍ നായര്‍, സണ്ണിക്കുട്ടി എബ്രഹാം, ജേക്കബ് ജോര്‍ജ് പോലുള്ളവര്‍ രണ്ടോ മൂന്നോ അതിഥികളെ മാത്രം അപ്പുറവും ഇപ്പുറവും ഇരുത്തി ചെയ്തിരുന്ന ഒരു ഫോര്‍മാറ്റാണ് നേര്‍ക്കുനേര്‍.

അതിന് ഒരു ബ്രേക്ക് വന്നതിന് ശേഷമാണ് ഇതൊരു ടോക്ക് ഷോ ആയി തുടങ്ങാം എന്ന് ആശയത്തിലേക്ക് എത്തിയത്. തുടക്കത്തിലെ കുറച്ച് എപ്പിസോഡുകള്‍ ചെയ്തിരുന്നത് കെ.കെ. ഷാഹിനയാണ് അതിന് ശേഷമാണ് ഞാന്‍ അത് ഏറ്റെടുക്കുന്നത്. നേര്‍ക്കുനേര്‍ എന്ന ടൈറ്റില്‍ അന്നും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുകയാണ്. എനിക്ക് തോന്നുന്നു ഏഷ്യാനെറ്റിന്റെ തുടക്കം മുതലുള്ള കറന്റ് അഫയേഴ്‌സ് പ്രോഗ്രാമുകളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ടൈറ്റില്‍ നേര്‍ക്കു നേരിന്റേത് മാത്രമായിരിക്കും.

 

നേര്‍ക്കുനേര്‍ പ്രോഗ്രാമിന്റെ ഒരു ഓര്‍മ പങ്കുവെക്കാമോ?

രണ്ട് തരത്തിലുള്ള ഓര്‍മകളുണ്ട്. ഒന്ന് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ റിസ്‌ക് അനുഭവിച്ച ചില സ്ഥലങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍. പക്ഷേ പ്രേക്ഷകരെ സംബന്ധിച്ച് അത് പ്രസക്തമല്ല. ഷൂട്ട് മുടങ്ങുക, എപ്പിസോഡുകള്‍ മുടങ്ങുക, അതിഥികള്‍ വരാതിരിക്കുക അതുപോലുള്ള കാരണങ്ങളൊക്കെ തന്നെ ആ ഓര്‍മകളിലുണ്ട്. അതുകൊണ്ട് വളരെ ചാലഞ്ചിങ്ങായിട്ടുള്ള, ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ ധാരാളം എപ്പിസോഡുകള്‍ ചെയ്തിട്ടുണ്ട്.

ഉദാഹരണത്തിന് തീവ്രവാദത്തിന്റെ വേരുകള്‍ കേരളത്തിലേക്കും എത്തി എന്നുള്ള ഒരു ഘട്ടം വന്ന സമയത്ത് മലപ്പുറത്ത് ഒരു നേര്‍ക്കുനേര്‍ സംഘടിപ്പിച്ചിരുന്നു. എനിക്ക് തോന്നുന്നു ഈ ചര്‍ച്ചയില്‍ ഞങ്ങള്‍ ക്ഷണിക്കാതെ തന്നെ എഴുന്നൂറോളം ആളുകള്‍ അവിടേക്ക് ഒഴുകിയെത്തി. അന്ന് അവിടെ ബി.ജെ.പി, പോപ്പുലര്‍ ഫ്രണ്ട്, മുസ്‌ലിം ലീഗ്, സി.പി.ഐ.എം അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കളെല്ലാം എത്തുകയും, അവര്‍ ഒരേ ശബ്ദത്തില്‍ കേരളത്തില്‍ തീവ്രവാദത്തിന്റെ വേരിറങ്ങാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്.

സമാനമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോട്ടയത്ത് വെച്ച് ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന സമയത്തും, മൂന്നാര്‍ വിഷയം നടക്കുന്ന സമയത്തും ധാരാളം അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മൂന്നാറില്‍ വെച്ച് പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനത്തിനെ വാഹനത്തിന്റെ അടിയില്‍ ഒളിപ്പിച്ചാണ് ഞങ്ങളവിടെ എത്തിച്ചത്. കാരണം അന്ന് ഒരു എതിര്‍ ശബ്ദം ആ ഫോറത്തില്‍ ഉയര്‍ത്താല്‍ വേറെ ആരുമില്ലായിരുന്നു. അത്തരത്തില്‍ ഒരുപാട് ഓര്‍ത്തിരിക്കാനുള്ള എപ്പിസോഡുകളുണ്ടായിട്ടുണ്ട്.

സാധാരണക്കാരുമായി അവരുടെ പ്രശ്നങ്ങളില്‍ ഇടപഴകുമ്പോള്‍ ഇമോഷണലായി പോകുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ലേ? അത്തരം ഒരു സാഹചര്യം ഓര്‍ത്തെടുത്ത് പറയാമോ?

അത്തരത്തില്‍ ഒരുപാട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഉണ്ടായ ഒരു സംഭവം എന്ന നിലയില്‍ ഓര്‍ത്തെടുക്കാനാവുന്നത് പുനലൂരില്‍ ആത്മഹത്യ ചെയ്ത സുഗതന്റെ വീടുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. പ്രവാസിയായിരുന്ന അദ്ദേഹം തിരിച്ച് വന്ന് ഒരു വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ വേണ്ടി ഒരു പിന്‍ ഷീറ്റ് സ്ഥാപിക്കുകയും, അവിടെ പഞ്ചായത്ത് ഭരിക്കുന്നത് സി.പി.ഐ.എമ്മിന്റെ എതിര്‍പ്പ് കൊണ്ട് അത് തുടങ്ങാന്‍ കഴിയാതെ, അതേ ഷെഡ്ഡില്‍ തന്നെ സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു ഉണ്ടായത്. അന്നത്തെ നേര്‍ക്കുനേരില്‍ സുഗതന്റെ മകനും, അവിടെയുള്ള സി.പി.ഐ.എം നേതാവും ചര്‍ച്ചാ ഫോറത്തിലേക്ക് വന്നിരുന്നു.

ആ എപ്പിസോഡിന്റെ ഒരു ഘട്ടത്തില്‍ സുഗതന്റെ മകന്‍ വളരെ വൈകാരികമായിട്ട് ചോദിക്കുന്നുണ്ട്, ‘നിങ്ങള്‍ക്കൊക്കെ വേണ്ടി സഹിച്ച എന്റെ അച്ഛന്റെ ജീവനെങ്കിലും തിരിച്ച് തരാന്‍ നിങ്ങളെക്കൊണ്ട് കഴിയുമോ’ എന്ന്. പതിനാറ് തവണ ഗുണ്ടാ ആക്രമണത്തിന് വിധേയനായ തന്റെ മകനുമായി ഒരു അമ്മ ഇവിടെ വന്നിട്ടുണ്ടായിരുന്നു.

അതേപോലെ തന്നെ കപ്പല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയി പതിനെട്ട് ദിവസം സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ കസ്റ്റഡിയില്‍ കിടന്ന്, ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെട്ട് എത്തിയ മലയാളികളടങ്ങുന്ന ഒരു സംഘമുണ്ടായിരുന്നു. എനിക്ക് ഒരു ദിവസം 12 മണിയായപ്പോള്‍ ഒരു ഫോണ്‍ വരികയാണ്. സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ കസ്റ്റഡിയില്‍ അകപ്പെട്ട ഒരു ചെറുപ്പക്കാരന്റെ അച്ഛനായിരുന്നു അന്ന് വിളിച്ചത്. ‘ഫോണിലെ ചാര്‍ജ് കഴിയാറായി, ബാലന്‍സുമില്ല. വെള്ളം ഇന്ന് തീരുകയാണ്. കപ്പല്‍ കമ്പനി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല, ഇന്ന് രാത്രി ഞങ്ങള്‍ ഏഴുപേരെയും അവര്‍ കൊന്ന് കടലില്‍ തള്ളും’ എന്ന് പറഞ്ഞ് മകന്റെ ഫോണ്‍ കട്ടായി എന്നായിരുന്നു ആ അച്ഛന്‍ അന്ന് പറഞ്ഞത്.

ആ സമയത്ത് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എങ്കിലും ദല്‍ഹിയില്‍ ഞങ്ങള്‍ക്ക് അറിയാവുന്ന കോണ്‍ടാക്റ്റുകളോടൊക്കെ സംസാരിക്കുകയും, ദല്‍ഹിയില്‍ നിന്ന് ഇടപെടലുകളുണ്ടാവുകയും, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉറപ്പ് ആ ഷിപ്പിംഗ് കമ്പനിക്ക് കൊടുക്കുകയും, അവരെ റിലീസ് ചെയ്യുകയും ചെയ്തു. റിലീസായതിന് ശേഷം അവര്‍ ഓഫീസിലേക്ക് എന്നെ കാണാന്‍ ഓടി വന്നിരുന്നു.

അവര്‍ വന്ന നേര്‍ക്കുനേര്‍ എപ്പിസോഡില്‍ കൂടെ മന്ത്രി മഞ്ഞളാംകുഴി അദ്ദേഹവുമുണ്ടായിരുന്നു. ആ എപ്പിസോഡില്‍ പങ്കെടുക്കാനെത്തിയ മലയാളികളായ സംഘത്തിലെ കടയ്ക്കല്‍ സ്വദേശിയായിരുന്ന ഒരു യുവാവിനൊപ്പം ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. അവിടെ വെച്ചാണ് ആ പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലാണ് എന്ന് ഞങ്ങള്‍ അറിഞ്ഞത്. എം.ബി.ബി.എസ് അവസാന വര്‍ഷത്തിന് പഠിക്കുന്ന ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ യുവാവുമായുള്ള വിവാഹം സമ്മതിക്കുന്നില്ലായിരുന്നു.

പിതാവിനെ വിളിച്ച് ഫോണ്‍ കട്ടാക്കിയതിന് ശേഷം പിന്നീട് ഈ പെണ്‍കുട്ടിയോടാണ് തന്റെ വിവരങ്ങളെല്ലാം തടങ്കലില്‍ കഴിഞ്ഞിരുന്ന സമയത്ത് ആ യുവാവ് അപ്‌ഡേറ്റ് ചെയ്തിരുന്നത്. താന്‍ കല്യാണം കഴിക്കാനിരിക്കുന്ന യുവാവിനെ രക്ഷിക്കാന്‍ വേണ്ടി ആ പെണ്‍കുട്ടി പിന്നീട് നടത്തിയ ശ്രമങ്ങളും കത്തിടപാടുകളുമൊക്കെ ആ സമയത്താണ് പുറത്ത് വരുന്നത്. അന്ന് വീട്ടുക്കാരുടെ സമ്മതമില്ലാതെ രജിസ്റ്റര്‍ മാരേജ് ചെയ്തിട്ട് അവര്‍ ഇരുവരും നേര്‍ക്കുനേരിന്റെ വേദിയിലേക്ക് നേരേ കയറി വരികയായിരുന്നു.

 

ഒരു പ്രോഗ്രാം ഒരുപാട് വര്‍ഷക്കാലം അവതരിപ്പിക്കുമ്പോള്‍, അത് അവതരിപ്പിക്കുന്ന വ്യക്തി ആ പ്രോഗ്രാമായി മാറുന്ന അവസ്ഥയുണ്ടാകും എന്ന് താങ്കള്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. ആ ഒരു ഫാക്ടര്‍ ഏതെങ്കിലും തരത്തില്‍ ജീവിതത്തെ ബാധിച്ചിട്ടുണ്ടോ?

ഒരു പ്രോഗ്രാമിന്റെ സ്വഭാവം വ്യക്തിയെയാണോ, വ്യക്തിയുടെ സ്വഭാവം പ്രോഗ്രാമിനെയാണോ സ്വാധീനിക്കുന്നത് എന്നത് വളരെ കൗതുകപരമായ ഒരു ചോദ്യമാണ്. ഈ കഴിഞ്ഞ 700 എപ്പിസോഡുകള്‍ ഒരുപക്ഷെ പത്തിരുപത്തിയേഴായിരത്തോളം വാദങ്ങള്‍ കേട്ടിട്ടുണ്ടാവും. ടെലിവിഷന്റെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് അവതാരമായി പോവാം, അവതാരകനായി നില്‍ക്കാം. ഈ രണ്ട് ഓപ്ഷനുകളുമുണ്ട്.

ഞാന്‍ വിശ്വസിക്കുന്നത് ഒരു അവതാരകനായി തന്നെ നില്‍ക്കണം എന്നുള്ളതാണ്. കുറച്ച് പേരൊക്കെ നമ്മളെ ഒരു അവതാരമായി കാണാന്‍ സാധ്യതയുണ്ട്. അത് ഒരു കെണിയാണ്. അവതാരമായി മാറാതെ അവതാരകരായി തന്നെ നില്‍ക്കുക. ഒരു ജേര്‍ണലിസ്റ്റിന് തന്റെ ഇമോഷന്‍സ് ഒരുപാട് സ്വാധീനം ചെലത്തേണ്ടതാണ്. റിപ്പോര്‍ട്ടിംഗിലും ഈ 700 എപ്പിസോഡിന്റെ യാത്രയിലും നമ്മള്‍ ആരും പുറത്ത് കാണാത്ത വേദനകള്‍ പേറുന്ന ഒരുപാട് ആളുകള്‍ നമ്മുടെ ഇടയിലുണ്ടെന്നുള്ള റിയാലിറ്റി നമ്മള്‍ അംഗീകരിക്കുന്നത് ഈ ചര്‍ച്ചകളില്‍ ഏകോപിപ്പിക്കുമ്പോള്‍ അല്ലെങ്കില്‍ അവതാരകനാവുമ്പോഴാണ്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാത്രി 1 മണിക്കോ 3 മണിക്കോ കോളുകള്‍ വന്നാല്‍ അത് എടുക്കുക അല്ലെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നുള്ളതാണ് വേണ്ടത്. അപ്പോള്‍ അത്രമാത്രം മാധ്യമപ്രവര്‍ത്തകരെ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്ന് തന്നെ പറയാം. എന്നാല്‍ അതേസമയം മാധ്യമപ്രവര്‍ത്തകര്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിക്കപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. അത്തരം അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടോ?

ധാരാളം ഉണ്ടാകാറുണ്ട്. ഞാന്‍ പറഞ്ഞ ഒരു കമന്റിനെ കുറിച്ച് സംശയം തോന്നിയാല്‍, അല്ലെങ്കില്‍ ആ നിലപാടോ, വാദമോ ശരിയല്ല, അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആ വാര്‍ത്തയ്ക്ക് പ്രാധാന്യം കൊടുത്തില്ല എന്ന് പറഞ്ഞ് എനിക്കെതിരെ ആക്രോശിക്കുന്ന ആളുകളുണ്ട്. അതെല്ലാം വളരെ ക്ഷമയോടെ തന്നെ ഞാന്‍ കേട്ടിരിക്കും. അങ്ങനെ പരിഭവിക്കാനും, നമ്മളോട് പരാതി പറയാനുമൊക്കെയുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. അത് കേള്‍ക്കാനുള്ള ബാധ്യത നമുക്കുമുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ രണ്ട് തരം വെല്ലുവിളികളെയാണ് പ്രധാനമായി നേരിടുക. ഒന്ന് നമ്മള്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും ചോദ്യങ്ങള്‍ ചോദിക്കുകയും തെറ്റ് പറയുന്നവരെകൊണ്ട് തിരുത്തിക്കാന്‍ നിര്‍ബന്ധിതരാവുകയും വസ്തുത തുറന്നുകാട്ടി വിമര്‍ശിക്കുന്നതുമെല്ലാം അലസപ്പെടുത്തുന്നത് ആരെയാണോ അവര്‍ പലപ്പോഴും മാധ്യമപ്രവര്‍ത്തകരെയോ മാധ്യമസ്ഥാപനങ്ങളേയോ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കും.

അങ്ങനെ അപകീര്‍ത്തിപ്പെടുത്താന്‍ ഏറ്റവും എളുപ്പം എന്താണെന്ന് വെച്ചാല്‍ നമ്മള്‍ പക്ഷപാതമാണ് എന്ന് തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ഒരാള്‍ പക്ഷപാതപരമാണെ് തോന്നി കഴിഞ്ഞാല്‍ അവന്‍ പറയുന്ന അഭിപ്രായത്തിന് ഒരു പക്ഷമുണ്ട് എന്ന് സ്ഥാപിക്കലാണ്. പക്ഷമുണ്ട് എന്ന് സ്ഥാപിക്കാന്‍ വേണ്ടിയുള്ള ചാപ്പക്കുത്തലിന്റെ ഭാഗമായിട്ടാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തലും, സോഷ്യല്‍ മീഡിയകളിലൂടെ അധിക്ഷേപിക്കലും, സംഘം ചേര്‍ന്നുള്ള ആക്രമിക്കലുമെല്ലാം.

പക്ഷേ അത് ഒരു ചെറിയ വിഭാഗമാണെന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്. അതിലും എത്രയോ യഥാര്‍ത്ഥമായ ആളുകളുണ്ട്. എന്നോട് മാത്രമല്ല, കേരളത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളേയും മുഖവിലക്കെടുത്ത് മുമ്പോട്ട് പോകുന്നവരുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പേരില്‍ ഏഷ്യാനെറ്റില്‍ വര്‍ക്ക് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നെ ധാരാളം വിമര്‍ശനങ്ങള്‍ വരാറുണ്ട്. കാരണം, ചാനലിന്റെ മാനേജ്‌മെന്റും അവരുയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയവുമെല്ലാം തന്നെ ഏഷ്യാനെറ്റിന്റെ ചര്‍ച്ചകളെയും നല്‍കുന്ന വാര്‍ത്തകളേയും സ്വാധീനിക്കുന്നുണ്ട് എന്ന ഒരു വിമര്‍ശനം പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. ഈ വിമര്‍ശനങ്ങളെ ഏത് രീതിയിലാണ് വിലയിരുത്തുന്നത്?

ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം ഒറ്റ വാചകത്തില്‍ ഒരു മറുപടിയുണ്ട്. കാരണം, ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാത്തതോ, അധിക്ഷേപിക്കാത്തതോ, അകറ്റി നിര്‍ത്താത്തതോ ആയ ഒരു രാഷ്ട്രീയപാര്‍ട്ടിയുമില്ല, മതസംഘടനയുമില്ല, മതസ്ഥാപനങ്ങളുമില്ല. അതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു വലിയ ശക്തി. എല്ലാ വിഭാഗക്കാരും കാലാകാലങ്ങളില്‍ ഞങ്ങള്‍ ഏകപക്ഷമാണെന്നും, ഞങ്ങള്‍ മറുപക്ഷമാണെന്നും, ഞങ്ങള്‍ പക്ഷപാതികളാണെന്നുമൊക്കെ പറയുന്നതിന്റെ അര്‍ത്ഥം അവര്‍ക്ക് മാത്രം ദഹിക്കുന്ന കാര്യങ്ങള്‍ പറയാന്‍ വിധിക്കപ്പെട്ടവരല്ല ഞങ്ങള്‍ എന്ന് അവര്‍ക്ക് ബോധ്യമുണ്ടെന്നുള്ളത് കൊണ്ടാണ്.

എന്തുകൊണ്ടാണ് ജനങ്ങള്‍ ഇപ്പോഴും ഏഷ്യാനെറ്റ് ന്യൂസിനെ മുന്നില്‍ നിര്‍ത്തുന്നത് എന്ന് ചോദിച്ചാല്‍ ഏതെങ്കിലും മതത്തിന്റെയോ, ജാതിയുടേയോ, രാഷ്ട്രീയ പാര്‍ട്ടിയുടെയോ, മതസംഘടനകളുടെയോ ഒന്നും ബാക്കപ്പില്ലാതെ 27 വര്‍ഷമായി നിലനില്‍ക്കുന്ന സ്ഥാപനമാണ് ഇപ്പോഴും ഏഷ്യാനെറ്റ് ന്യൂസ്. അത് അതിന്റെ എഡിറ്റോറിയല്‍ ക്രെഡന്‍ഷ്യലാണ്. ആ എഡിറ്റോറിയല്‍ ക്രെഡന്‍ഷ്യലിന്റെ പ്രധാനപ്പെട്ട കാര്യം എന്തെന്ന് വെച്ചാല്‍ തെറ്റിനെതിരെ ശബ്ദിക്കാനും, ചോദ്യങ്ങള്‍ ചോദിക്കാനും, തിരുത്താനും, ചിലത് കണ്ടെത്താനും, ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ട് പോകാനും ഞങ്ങള്‍ക്ക് കഴിയുന്നു എന്നത് തന്നെയാണ്.

പൊതുവെ കൂടുതലായും സി.പി.ഐ.എമ്മിന്റെ സൈബര്‍ വിങ്ങില്‍ നിന്നാണ് സമീപകാലത്ത് സൈബര്‍ ആക്രമണം എന്ന രീതിയിലും വിമര്‍ശനങ്ങള്‍ എന്ന രീതിയിലും ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്. ചിലപ്പോഴോക്കെ ഒരു വ്യക്തിപരമായ ആക്രമണത്തിന്റെ നിലയിലേക്ക് വരെ കാര്യങ്ങള്‍ പോകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. സി.പി.ഐ.എം ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കുന്നു, ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പറയുന്നു. ഏഷ്യാനെറ്റ് ഇടതുപക്ഷവിരുദ്ധമാണെന്ന് പറയുന്നു. ഇതിനോടുള്ള ഒരു പ്രതികരണം എങ്ങനെയാണ്?

സി.പി.ഐ.എം ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ചു എന്നുള്ളത് സത്യമാണ്. അതും ഞാന്‍ നേരത്തേ പറഞ്ഞത് പോലെ ആദ്യത്തെ സംഭവമല്ല. കാരണം, അധികാരത്തിലിരിക്കുന്നവര്‍ ആരായാലും ആ സമയത്ത് അവരെ നിയന്ത്രിക്കുന്ന പ്രസ്ഥാനം ഏതാണെങ്കിലും അവരൊക്കെ ഏഷ്യാനെറ്റ് ന്യൂസുമായി ഇതിന് മുമ്പ് ഇതേപോലുള്ള ചൂടേറിയ വാഗ്വാദങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വന്നതിന് ശേഷം, മുത്തങ്ങ സംഭവം ഉണ്ടായ സമയത്ത് അന്നത്തെ കെ.പി.സി.സി അധ്യക്ഷന്‍ കെ. മുരളീധരനും, ഒരു പരിധി വരെ എ.കെ ആന്റണിയും ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാടുകളെ വളരെ രൂക്ഷമായി വിമര്‍ഷിച്ചിട്ടുണ്ട്.

2006ല്‍ വി.എസ് സര്‍ക്കാര്‍ വന്നതിന് ശേഷം അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരസ്യമായി ഏഷ്യാനെറ്റ് ന്യൂസിന്റെ പേരെടുത്ത് രൂക്ഷമായി വിമര്‍ഷിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് സോളാര്‍ വിഷയമടക്കം ഏഷ്യാനെറ്റ് ന്യൂസിനെതിരെ ക്രിമിനല്‍ കേസ് പോലും ഫയല്‍ ചെയ്തു. ഇപ്പോഴും അതിന്റെ ചില ഡീഫേമേഷന്‍ കേസുകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഒരു ഭരണപക്ഷത്തിരിക്കുന്നവര്‍ക്ക് ഭജന പാടുക എന്നുള്ളതല്ല ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമസ്ഥാപനത്തിന്റെ കടമ എന്നാണ് വിശ്വസിക്കുന്നത്. അത് തുടക്കം മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് വിശ്വസിക്കുന്ന ഒരു കാര്യമാണ്. അത് ഏഷ്യാനെറ്റ് ന്യൂസിന് എന്തെങ്കിലും ഒരു പ്രത്യേക നിലപാടുള്ളത് കൊണ്ട് തന്നെയാണ്.

ഒരു പ്രതിപക്ഷ സ്വഭാവം അതായത് ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും, അഴിമതിയടക്കമുള്ള കാര്യങ്ങള്‍ തുറന്ന് കാട്ടുകയുമൊക്കെ ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു ചാനലാണ് എല്ലാക്കാലത്തും ഏഷ്യാനെറ്റ്. അതേസമയം, ഈ സര്‍ക്കാറുകള്‍ ചെയ്ത നല്ല ശ്രമങ്ങള്‍ക്കൊപ്പവും ഈ ചാനല്‍ ഉണ്ടായിരുന്നു. പ്രളയത്തിന്റെ സമയം എടുത്ത് നോക്കിയാല്‍, ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഏറ്റവും കൂടുതല്‍ ഏകോപിപ്പിച്ച് നിര്‍ത്തിയ ഒരു ചാനലായിരുന്നു ഞങ്ങളുടേത്.

ഒരിക്കലും മാധ്യമപ്രവര്‍ത്തനം ഒരു വേദപുസ്തക പാരായണമല്ല. നിലപാടുകളുണ്ടായിരിക്കും. നിഷ്പക്ഷത എന്ന ഒരു പക്ഷമില്ല. പക്ഷേ പക്ഷം എന്ന് പറയുമ്പോള്‍ അത് മാധ്യമപ്രവര്‍ത്തകന്റെ സ്ഥാപിത താല്‍പര്യവും പക്ഷവും പ്രശസ്തിക്ക് വേണ്ടിയുള്ളതുമാകരുത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ നമ്മുടെ മുമ്പിലുള്ള വിഷയത്തില്‍ ശരി എവിടെയാണ് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം.

ആ ശരിയെക്കുറിച്ചുള്ള ബോദ്ധ്യത്തിന്റെ പക്ഷത്തില്‍ യാത്ര ചെയ്യുക. എല്ലാ ദിവസവും എല്ലാ ശരികളും ശരികളായി തന്നെ തുടരണമെന്നില്ല എന്നത് ഒരു സത്യമാണ്. അപ്പോള്‍ ആ ശരിയില്‍ ഒരു മാറ്റം വന്ന് കഴിഞ്ഞാല്‍ അത് സ്വീകരിക്കുക, ആ വസ്തുത ജനങ്ങളിലേക്ക് കൊണ്ടുവരുക എന്നുള്ളതാണ് വേണ്ടത്. നമ്മള്‍ ഒരു വേദപുസ്തക പരായണമായി മാധ്യമപ്രവര്‍ത്തനത്തെ കണ്ടിട്ട് കാര്യമില്ല. പക്ഷമുണ്ട്, നിലപാടുണ്ട്. പക്ഷേ അത് ജനപക്ഷം എന്ന് നമ്മള്‍ ഓമന പേരിട്ട് വിളിച്ചിട്ട് അവനവന്റെ ഇഷ്ടത്തിന് വേണ്ടി വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ല. ശരിയുടെ പക്ഷത്ത് നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനം.

 

ടി.ആര്‍.പി എന്നത് ഒരു മാധ്യമസ്ഥാപനത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ്. തൊഴിലാളികളുടെ ശമ്പളത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി നേരിടുന്ന ഒരു മേഖലയാണ് മാധ്യമപ്രവര്‍ത്തനം. ടി.ആര്‍.പിയുടെ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രഷറുണ്ടാകാറുണ്ടല്ലോ, ഇത് മാധ്യമ സ്വാതന്ത്ര്യത്തെ ഏതെങ്കിലും രീതിയില്‍ ശല്യപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല. പതിനേഴ് മാസം നമുക്ക് ടി.ആര്‍.പി റേറ്റിംഗ് എന്നത് ഉണ്ടായിരുന്നില്ല. അന്ന് മാധ്യമസ്ഥാപനങ്ങള്‍ ഓടിയല്ലോ. അന്ന് എന്ത് മാനദണ്ഡം വെച്ചായിരിക്കും നമ്മള്‍ പ്രവര്‍ത്തിക്കുക. ടി.ആര്‍.പി എന്ന് പറയുന്നത് ഒരു അളവ് കോല്‍ മാത്രമാണ്. അത് എഡിറ്റോറിയലിനെ തീര്‍ച്ചയായും സ്വാധീനിക്കും. പക്ഷേ ഒരിക്കലും നിയന്ത്രിക്കുന്ന ഒരു ഘടകമേയല്ല. അത് മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്ന ഒരു ഘടകമാണ്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഞാന്‍ പറഞ്ഞത് പോലെ ഓരോ വിഷയങ്ങളിലും നമ്മള്‍ എടുക്കുന്ന നിലപാടുകളാണ്. ജനങ്ങളുടെ പക്ഷത്ത് നിന്ന് കൊണ്ട് എന്ത് നിലപാടാണ് എടുക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

നൂറ്റാണ്ടുകളുടെ പശ്ചാത്തലമുള്ള വലിയ പാരമ്പര്യമുള്ള മാധ്യമസ്ഥാപനങ്ങള്‍ക്ക് പോലും പ്രതീക്ഷിക്കുന്ന പോലെ ടി.ആര്‍.പി കിട്ടാത്തപ്പോഴും അവര്‍ വളരെ ദൃഢമായ ജേര്‍ണലിസം കൊണ്ട് പോവുന്നുണ്ട്. അപ്പോള്‍ മത്സരത്തില്‍ എന്തെങ്കിലും തരത്തില്‍ ടി.ആര്‍.പിയ്ക്ക് വേണ്ടി കണ്ടന്റുകള്‍ വിട്ട് വീഴ്ച്ച ചെയ്യുന്നു എന്നുള്ളതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ ഒരു പ്രധാനപ്പെട്ട പ്രശ്നം കാലാന്തരത്തില്‍ എല്ലാ ദൃശ്യമാധ്യമങ്ങള്‍ക്കും വന്നിട്ടുണ്ട്.

നമ്മള്‍ സ്വന്തമായിട്ട് വാര്‍ത്ത കണ്ടെത്തുക, ആഴത്തില്‍ അന്വേഷിച്ച് കണ്ടെത്തുക, ജനങ്ങളുടെ മുമ്പിലേക്ക് അത് എത്തിക്കുക, അത് വിലയിരുത്തുക, അത് ഒരു തിരുത്തല്‍ ശക്തിയായിട്ട് നില്‍ക്കുക എന്നുള്ളതാണ് ഞാന്‍ മനസ്സിലാക്കിയ ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവര്‍ത്തനം. പക്ഷേ പലപ്പോഴും നമ്മള്‍ വസ്തുതകള്‍ കണ്ടെത്തുന്നതിനെക്കാള്‍ പ്രാധാന്യം വ്യാഖ്യാനങ്ങള്‍ക്ക് കൊടുക്കുന്ന രീതിയിലേക്ക് കേരളം മാത്രമല്ല ഇന്ത്യയിലെ ടെലിവിഷനുകളുടെ സ്വഭാവം മാറിയിട്ടുണ്ട്.

അതായത് ഇന്ത്യയിലെ ജേര്‍ണലിസ്റ്റിന്റെ പാരമ്പര്യം എടുത്ത് നോക്കിയാല്‍ പല സര്‍ക്കാരുകളുടെയും പ്രവര്‍ത്തികള്‍ തുറന്ന് കാട്ടിയിട്ടുള്ള ആഴത്തില്‍ വേരൂന്നിയ പോലുള്ള അന്വേഷണങ്ങള്‍ നടന്നിട്ടുളള ഒരു സ്ഥലമാണ്. ആ ആഴത്തില്‍ വേരൂന്നിയ പോലുള്ള അന്വേഷണങ്ങളുടെ തോത് മെല്ലെ കുറഞ്ഞ് കുറഞ്ഞ് വസ്തുത കണ്ടെത്തല്‍ എത്രയാണോ അതിന്റെ ഒരു മൂന്നോ നാലോ ഇരട്ടി വ്യാഖ്യാനത്തിലേക്ക് മാറുന്ന ഒരു രീതി വരുന്നുണ്ട്. അത് ഒരു പരിധി വരെ കേരളത്തിലും മാധ്യമങ്ങളെ സ്വാധീനിക്കുന്നുണ്ട്.

 

ഒരു അവതാരകന്‍ എന്ന നിലയില്‍, മാധ്യമങ്ങളുടെ അവതരണ ശൈലികളില്‍ മാറ്റം വന്നിട്ടുണ്ട്. ക്രൈസിസ് മാനേജ്‌മെന്റിന്റെ ഭാഗമായി വരുന്നതാല്ലോ അത്. അല്‍പ്പം എന്റര്‍ടെയിന്‍മെന്റ് കലര്‍ത്തി, കുറച്ച് ബഹളമൊക്കെ വെച്ച്. അത്തരം മാറ്റങ്ങള്‍ സ്വീകരിക്കപ്പെടുന്നുണ്ടോ?

അത് ഒരു ക്രൈസിസ് മാനേജ്‌മെന്റല്ല. എപ്പോഴും നമ്മള്‍ മനസ്സിലാക്കേണ്ടത് മീഡിയ എന്നത് ഒരു വലിയ ഇവല്യൂഷന്റെ ഭാഗമാണ്. ദൂരദര്‍ശനില്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് രീതിയില്‍ കണ്ടിരുന്ന ആ അവതരണത്തെ ഒരു സാറ്റ്‌ലൈറ്റ് ടെലിവിഷന്റെ സ്വഭാവത്തിലേക്ക് പറിച്ച് നട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്. ഈ സമീപകാലത്തെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ നോക്കി കഴിഞ്ഞാല്‍ ഏതാണ്ട് 90 ശതമാനം പരീക്ഷണങ്ങളും മുന്നില്‍ നിന്ന് നടത്തിയിട്ടുള്ളത് ഏഷ്യാനെറ്റ് ന്യൂസാണ്.

രണ്ട് അവതാരകര്‍, പല ബാന്റിന്റെയും സ്വഭാവം മാറുന്നത്, റിപ്പോര്‍ട്ടേഴ്‌സ് തന്നെ അവരുടെ സ്വന്തം നിലയ്ക്ക് അന്വേഷണാത്മക പ്രോഗ്രാമുകള്‍ ചെയ്യുന്നത് എല്ലാം തുടക്കമിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യകാലത്തെ പരിപാടികളായ കണ്ണാടി, അന്വേഷണം, കാഴ്ചവട്ടം പോലുള്ള പ്രോഗ്രാമുകള്‍ ഇന്ത്യന്‍ ന്യൂസ് ചാനലുകളുടെ നിലവാരം വെച്ച് നോക്കുമ്പോള്‍ ഏറ്റവും തലപ്പത്ത് നില്‍ക്കുന്നത് തന്നെയാണ്. ആ ഒരു പാരമ്പര്യത്തില്‍ തന്നെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.

എന്നാല്‍ ആ രീതിയില്‍ മാറ്റം വരുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളുടെ കാലമാണ്. സോഷ്യല്‍ മീഡിയ വാര്‍ത്തകളെ ഒരുപാട് ജനാധിപത്യവല്‍ക്കരിച്ചു. അതിന്റെ ഭാഷയോടും അതിന്റെ പ്രയോഗത്തോടും സംഘടിതമായ ചില ആളുകള്‍ ഹൈജാക്ക് ചെയ്ത് കൊടിയുടെയും മതത്തിന്റെയും തരത്തില്‍ കൊണ്ട് പോവുകയും, അതിന്റെ പരിധിയ്ക്ക് നില്‍ക്കാത്തവരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ പോലും വാര്‍ത്തയെ ഒരുപാട് ജനാധിപത്യവല്‍ക്കരിച്ചു എന്നുള്ളത് സത്യമാണ്. അപ്പോള്‍ അതനുസരിച്ച് കുറേകൂടി സംവേദാത്മകമായി വാര്‍ത്ത അവതരണം മാറിയിട്ടുണ്ട് എന്നുള്ളതും സത്യമാണ്. അത് ഒരു ക്രൈസിസ് മാനേജ്‌മെന്റിന്റെ ഭാഗമേയല്ല, മറിച്ച് ഒരു ഇവല്യൂഷന്റെ ഭാഗം മാത്രമാണ്.


ഇപ്പോള്‍ കെ.റെയിലുമായി നടക്കുന്ന സമരങ്ങങ്ങള്‍ വളരെ രൂക്ഷമായ രീതിയിലും, വൈകാരികമായ രീതിയിലേക്കും പോകുന്നുണ്ട്. ഈ സമരങ്ങങ്ങളെല്ലാം വളരെ നല്ല രീതിയില്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസില്‍ കവര്‍ ചെയ്ത് പോകുന്നുണ്ട്. ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കെ.റെയില്‍ വിഷയവുമായി ബന്ധപ്പെട്ട്, കെ.റെയില്‍ വേണമെന്നുള്ള നടപടികള്‍, വേണ്ട എന്ന് പറഞ്ഞ് നടക്കുന്ന സമരങ്ങങ്ങളെ കുറിച്ച് എല്ലാം എങ്ങനെ വിലയിരുത്തുന്നു.

കെ.റെയില്‍ വേണമെന്നോ വേണ്ടയെന്നോ വിധിക്കാന്‍ ഞാനോ ഏഷ്യാനെറ്റ് ന്യൂസോ ആളല്ല. പക്ഷേ, ഇതിന്റെ പുറത്തുള്ള അവകാശം അത് ഗവണ്‍മെന്റാണെങ്കിലും അതിനെ എതിര്‍ക്കുന്നവരാണെങ്കിലും പറയുന്നതില്‍ എത്ര മാത്രം വസ്തുതയുണ്ടെന്ന് തെളിയിക്കണം. ആ വസ്തുത ജനങ്ങളിലേക്ക് തുറന്ന് കാട്ടണം. പലരും ആവശ്യപ്പെടുന്ന കാര്യം എന്നത് ഇതിന്റെ വസ്തുത എന്താണെന്ന് ജനങ്ങളെ അറിയിക്കണം എന്നുള്ളതാണ്.

കെ റെയിലിനെതിരെ ശബ്ദമുയര്‍ത്തുന്നവരുണ്ട്, അവരെന്തുകൊണ്ട് ശബ്ദമുയര്‍ത്തുന്നു എന്താണ് അവരുടെ പ്രശ്‌നങ്ങള്‍ എന്നതിനെ കുറിച്ച് സംസാരിക്കുക. അതല്ലാതെ ഇത് വേണമെന്നോ വേണ്ടെന്നോ, നാളെ മുതല്‍ ഇത് പാടുണ്ടോ, പാടില്ലയെന്നോ പറയുന്നത് ശരിയല്ല. അങ്ങനെ ഏതെങ്കിലും മാധ്യമസ്ഥാപനം പറഞ്ഞു എന്ന് കരുതി ആ ഒരു തീരുമാനം അജണ്ടയായി അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന കാലവുമല്ല.

ഈ പദ്ധതിയില്‍ ധാരാളം പൊരുത്തകേടുകളുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു വികസന പദ്ധതി ഏത് രീതിയിലായിരിക്കണം ഒരു ജനകീയ സര്‍ക്കാര്‍ ഫീല്‍ഡ് ചെയ്യേണ്ടത് എന്നുള്ള ചോദ്യമുണ്ട്. ഏത് രീതിയിലാണ് ജനങ്ങളുമായി ഇടപെടേണ്ടത് എന്നുള്ള ചോദ്യമുണ്ട്. ഒരു എതിര്‍ ശബ്ദം ഉണ്ടായിക്കഴിഞ്ഞാല്‍ അവരെ എല്ലാം ഒറ്റയടിക്ക് ഏതെങ്കിലും ഒരു വര്‍ഗമായി ചാപ്പക്കുത്തി മാറ്റി നിര്‍ത്താമോ എന്ന ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞത്, ചോദ്യങ്ങളുടെയെല്ലാം ഉത്തരം തേടുന്ന സമയത്ത് ഓരോ വസ്തുതകളും നമുക്ക് പറയാന്‍ പറ്റും എന്നുള്ളതുകൊണ്ടാണ്.

ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്താണ്, സമരമെന്തിനു വേണ്ടിയാണ്, കെ.റെയിലിന്റെ ഡി.പി.ആറില്‍ പറയുന്ന വസ്തുതകളും പൊരുത്തകേടുകളും ബാദ്ധ്യതകളും താങ്ങാന്‍ കഴിയുന്നതാണോ, എന്താണ് വിദഗ്ദരുടെ അഭിപ്രായം. തുടങ്ങിയവ ഏകോപിപ്പിച്ച് ഒരു പരമ്പരയായി ജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കേണ്ടതുണ്ട്.

തിരിച്ച് മാധ്യമപ്രവര്‍ത്തനത്തിലേക്ക് വരുമ്പോള്‍, ജനങ്ങള്‍ വലിയ ഒരു പ്രശ്‌നമായി മുന്നോട്ടുവെച്ച ഒരു വിഷയമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മീഡിയവണ്‍ ന്യൂസ് ചാനലിന്റെ വിലക്ക്. യാതൊരു കാരണവും ബോധിപ്പിക്കാതെ പെട്ടെന്ന് രാജ്യ സുരക്ഷയുടെ പേരിലും രാജ്യ സ്‌നേഹത്തിന്റെ പേരിലും ഒരു ചാനല്‍ റദ്ദ് ചെയ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്ന അവസ്ഥ ഇന്ത്യയിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമങ്ങളെ നിശബ്ദരാക്കുന്ന ഈ ഒരു നിലപാടിനെ എങ്ങനെയാണ് നോക്കികാണുന്നത്?

അതില്‍ ജസ്റ്റിസ് ചന്ദ്രികയോട് പറഞ്ഞതില്‍ എല്ലാ ഉത്തരവുമുണ്ട്. സീല്‍ഡ് കവറുകളിലല്ല വിവരങ്ങള്‍ അറിയേണ്ടത് എന്നുള്ളത്. ഒന്നാമത്, പതിനൊന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസ്ഥാപനം നാളെ മുതല്‍ എന്ത് കൊണ്ട് പ്രവര്‍ത്തിക്കേണ്ടതില്ല എന്നൊരു ഭരണകൂടം തീരുമാനിക്കുകയും അതിന് ജുഡീഷ്യറി ഒരു നിലപാട് അറിയിക്കുകയും ചെയ്ത് കഴിഞ്ഞാല്‍ എന്താണ് അതിന്റെ പിന്നില്‍ എന്നുള്ള വസ്തുത ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. രണ്ടാമത്, ഒരു കാരണവശാലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വാ മൂടുന്നത് കൊണ്ട് എതിര്‍പ്പുകള്‍ എന്നന്നേക്കും ഇല്ലാതാകും എന്ന് ധരിക്കുന്നത് ശരിയല്ല. പരമാവധി എതിര്‍ ശബ്ദങ്ങളെ ഉള്‍ക്കുന്നതാണ് എല്ലാ ജനാധിപത്യ ക്രമത്തിനും നല്ലത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

മീഡിയ വണ്‍ ചാനലിന് എതിരെയുള്ള വിലക്ക് ഏഷ്യാനെറ്റ് ന്യൂസും ചര്‍ച്ച ചെയ്തിരുന്നു. ഞാന്‍ വ്യക്തിപരമായി മീഡിയ വണ്ണിന്റെ ജേര്‍ണലിസ്റ്റുകളോടൊക്കെ ഈ വിഷയത്തില്‍ ഐക്യദാര്‍ക്യം അറിയിച്ചിട്ടുള്ളതാണ്. കാരണം, അംഗീകൃതമായ ഒരു മാധ്യമസ്ഥാപനം ഒരു സുപ്രഭാതത്തില്‍ ഇല്ലാതാവുക എന്ന് പറയുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. കുറച്ച് ദിവസത്തേക്കാണെങ്കില്‍ പോലും ഒരു ചാനല്‍ ഒരു സുപ്രഭാതത്തില്‍ വിലക്കിയാല്‍ ഒരു വ്യവസ്ഥിതിയില്‍ ഉണ്ടാവുന്ന നാണക്കേട് നമ്മള്‍ ബോധപൂര്‍വ്വം തെറ്റ് ചെയ്തിട്ടില്ലാത്തപ്പോള്‍ എന്താണെന്ന് അനുഭവിച്ചവരാണ് ഏഷ്യാനെറ്റും. അത് കൊണ്ട് ആ കാര്യത്തില്‍ ഒരു സംശത്തിന്റെയോ ചോദ്യത്തിന്റെയോ അടിസ്ഥാനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഒരുപാട് വര്‍ഷമായി നേര്‍ക്കുനേര്‍ പ്രോഗ്രാം നടത്തി കൊണ്ട് പോകുന്നു. ഇനി ഒരു മാറ്റം ഈ പ്രോഗ്രാമില്‍ നിന്നും വേണമെന്ന് തോന്നുന്നുണ്ടോ?

പല ഫോര്‍മാറ്റുകളും നമ്മുടെ പൈപ്പ് ലൈനിലുണ്ട്. പക്ഷേ ഏഷ്യാനെറ്റ് ന്യൂസിനെ സംബദ്ധിച്ച് ജനങ്ങളുടെ ശബ്ദം ഒരു ചാനല്‍ ഫോറത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നത് നേര്‍ക്കുനേര്‍ എന്ന പ്രോഗ്രാമിലൂടെ മാത്രമാണ്. കേരളത്തിലെ മറ്റ് വാര്‍ത്ത മാധ്യമങ്ങളിലെല്ലാം സമാനമായ ടോക്ക് ഷോ തുടങ്ങിയെങ്കിലും അതെല്ലാം നിലനിര്‍ത്തി കൊണ്ട് പോകാന്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിലെ നേര്‍ക്കുനേര്‍ പ്രോഗ്രാമില്‍ അത് പോലുള്ള ഒരു ബുദ്ധിമുട്ട് ഇതുവരെ ഉണ്ടായിട്ടില്ല.

അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഇത് ഒരു വലിയ ചുമതലയാണ്. ഇരുപത് പേര്‍ വരെ ഉള്‍പ്പെടുന്ന ഒരു സംഘം, വലിയ സാങ്കേതിയ സംവിധാനങ്ങള്‍, കുറച്ച് ചിലവ് കൂടിയ കാര്യങ്ങളാണ്, ശാരീരികമായി ബുദ്ധിമുട്ടുകളുണ്ട്. അതെല്ലാം ഉള്‍ക്കൊണ്ടാണെങ്കില്‍ പോലും ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്ന് തീരുമാനിക്കുന്ന ഒരു എഡിറ്റോറിയല്‍ മാനേജ്‌മെന്റാണ് ഞങ്ങള്‍ക്കുള്ളത്. രണ്ടാമത്, കുറച്ച് ബുദ്ധിമുട്ടായിട്ടാണെങ്കില്‍ പോലും ജനങ്ങളുടെ അഭിപ്രായം ആ വാര്‍ത്തയുടെ ഉറവിട സ്ഥലത്ത് നിന്ന് തന്നെ വേണം എന്ന് ആഗ്രഹിക്കുന്ന ഒരു എഡിറ്റോറിയല്‍ ടീമാണ് ഞങ്ങള്‍ക്കുള്ളത്. അതിന്റെ ഒരു ഭാഗമാണ് ഞാനും. അതുകൊണ്ട് ജനങ്ങളുടെ ശബ്ദം കൂടി ഉള്‍പ്പെടുത്തുന്ന രീതിയില്‍ തന്നെ ഇത് മുന്നോട്ട് പോകും.

Content Highlight: Asianet Journalist PG Suresh Kumar interview

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.