ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ മികച്ച പോരാട്ടത്തിനായിരിക്കും ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുക.
അതേസമയം കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരം നടത്താനിരിക്കുന്നത്. മുന്‍ കരുതലിന്റെ ഭാഗമായി സെല്‍ഫി സ്റ്റിക്ക് മുതല്‍ കൊടികള്‍ക്ക് വരെ വിലക്കുണ്ട്.
ഗാലറിയിലോ പുറത്തോ പ്രകോപനമുണ്ടായാല്‍ 5000 മുതല്‍ 30,000 ദിര്‍ഹം വരെ (1.2 ലക്ഷം രൂപ മുതല്‍ 7.2 ലക്ഷം രൂപ വരെ) പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി. തടവ് ശിക്ഷ കഴിഞ്ഞാല്‍ നാടു കടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. പിന്നീട് ജോലി ആവശ്യങ്ങള്‍ക്കായി തിരികെ വരാന്‍ കഴിയാത്ത വിധത്തില്‍ വിലക്കുമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുബായിലെ ദെയ്‌റ, ബര്‍ദുബായ്, മീന ബസാര്‍, നൈഫ്, കരാമ, ഖിസൈസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിജയാഹ്ലാദ പ്രകടനങ്ങള്‍ പതിവായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
മത്സരം കാണാനെത്തുന്നവര്‍ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. ഒരിക്കല്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ പുറത്തിറങ്ങാന്‍ കഴിയില്ല. പുറത്തിറങ്ങുന്നവര്‍ക്ക് പിന്നീടു പ്രവേശനവും നല്‍കില്ല.
അതേസമയം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ യു.എ.ഇയ്ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 93 പന്ത് ശേഷിക്കെയാണ് മെന്‍ ഇന്‍ ബ്ലൂ വിജയിച്ച് കയറിയത്.