സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
ലങ്ക ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ കടുവകള്‍ മറികടക്കുകയായിരുന്നു. സൈഫ് ഹസന്റെയും തൗഹദ് ഹൃദോയ് യുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ബംഗ്ലാദേശ് വിജയം പിടിച്ചടക്കിയത്.
Victory in the opener! 💪 Bangladesh take the 1st Super Four by 4 wickets!
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ പാതും നിസങ്കയെ ബംഗ്ലാദേശ് മടക്കി. 15 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.
അധികം വൈകാതെ രണ്ടാം വിക്കറ്റായി ഓപ്പണര്‍ കുശാല്‍ മെന്‍ഡിസും കൂടാരം കയറി. 25 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ കാമില്‍ മിശ്ര അഞ്ച് റണ്‍സടിച്ച് തിരിച്ചുനടന്നു.
അഞ്ചാമനായി ക്രീസിലെത്തിയ മുന്‍ നായകന്‍ ദാസുന്‍ ഷണകയുടെ കരുത്തിലാണ് ലങ്ക മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഒന്നിന് പിന്നാലെ ഒന്നായി ഷോട്ടുകളുതിര്‍ത്തി താരം ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം നല്‍കി.
37 പന്ത് നേരിട്ട താരം പുറത്താകാതെ 64 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് ഫോറും ആറ് സിക്‌സറുകളും അടക്കം 172.97 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ചരിത് അസലങ്ക 12 പന്തില്‍ 21 റണ്‍സും നേടി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 168 റണ്‍സിലെത്തി.
ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റും താസ്‌കിന്‍ അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കടുവകള്‍ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ തന്‍സിദ് ഹസനെ നഷ്ടപ്പെട്ടു. നുവാന്‍ തുഷാരയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് തന്‍സിദ് ഹസന്‍ പുറത്തായത്.
വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിനെ ഒപ്പം കൂട്ടി സൈഫ് ഹസന്‍ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ദാസ് – ഹസന്‍ സഖ്യം ടീമിനെ താങ്ങി നിര്‍ത്തിയത്.
ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ ലിട്ടണ്‍ ദാസിനെ മടക്കി വാനിന്ദു ഹസരങ്ക കൂട്ടുകെട്ട് പൊളിച്ചു. 16 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്.
നാലാമനായി ക്രീസിലെത്തിയ തൗഹിദ് ഹൃദോയ്‌യും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. സൈഫ് ഹസനൊപ്പം തൗഹിദും സ്‌കോറിങ്ങില്‍ നിര്‍ണായകമായതോടെ ബംഗ്ലാദേശ് മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
FIFTY for Saif Hassan! 🔥 A classy knock under pressure! 🏏🇧🇩
Bangladesh 🇧🇩 🆚 Sri Lanka 🇱🇰 | Match 13 | Super Four | Asia Cup 2025
വിജയത്തിന് പത്ത് റണ്‍സ് മാത്രം ശേഷിക്കെ 19ാം ഓവറിലെ മൂന്നാം പന്തില്‍ ഹൃദോയ്‌യെ മടക്കി ദുഷ്മന്ത ചമീര മത്സരത്തിലെ ഏറ്റവും വലിയ ബ്രേക് ത്രൂ ലങ്കയ്ക്ക് സമ്മാനിച്ചു. 37 പന്തില്‍ 58 റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്.
Fifty up! 🔥 Towhid Hridoy keeps the Tigers roaring! Bangladesh 🇧🇩 🆚 Sri Lanka 🇱🇰 | Match 13 | Super Four | Asia Cup 2025
എന്നാല്‍ ക്രീസിലെത്തിയ ആദ്യ പന്ത് തന്നെ ഫോറടിച്ചുതുടങ്ങിയ ജാക്കിര്‍ അലി ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ദാസുന്‍ ഷണകയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ മറ്റൊരു ഫോര്‍ കൂടെ നേടിയ താരം സ്‌കോര്‍ ലെവലിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഷണക താരത്തെ മടക്കുകയും ചെയ്തു.
ഓവറിലെ നാലാം പന്തില്‍ മെഹദി ഹസനെയും മടക്കി ഷണക മത്സരം കൂടുതല്‍ ആവേശകരമാക്കി. എന്നാല്‍ രണ്ട് പന്തില്‍ വിജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ നാസും അഹമ്മദ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content Highlight: Asia Cup: Super 4: Bangladesh defeated Sri Lanka