പാകിസ്ഥാനെതിരെയും ബുംറയെ പുറത്തിരുത്തണം; സൂപ്പര്‍ ഫോറില്‍ ഗവാസ്‌കറിന്റെ നിര്‍ണായക നിര്‍ദേശം
Asia Cup
പാകിസ്ഥാനെതിരെയും ബുംറയെ പുറത്തിരുത്തണം; സൂപ്പര്‍ ഫോറില്‍ ഗവാസ്‌കറിന്റെ നിര്‍ണായക നിര്‍ദേശം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th September 2025, 7:37 pm

ഏഷ്യാ കപ്പില്‍ ഒമാനെതിരെയും പാകിസ്ഥാനെതിരെയും സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബുംറയുടെ സേവനം നിര്‍ണായകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഗവാസ്‌കറിന്റെ നിര്‍ദേശം.

 

ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരായ തങ്ങളുടെ അവസാന മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു. ഓപ്പണിങ് പെയര്‍ അതുപോലെ നിലനിര്‍ത്തണമെന്നും തിലക് വര്‍മയെ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

‘ഇന്ത്യ ബാറ്റിങ്ങിന് തന്നെ പ്രാധാന്യം നല്‍കുമെന്നും നിലവിലെ അതേ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ നിലനിര്‍ത്തുമെന്നുമാണ് ഞാന്‍ കരുതുന്നത്. ഒരുപക്ഷേ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ നിന്നും സ്വയം ഡീമോട്ട് ചെയ്ത് തിലക് വര്‍മയ്ക്ക് കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാന്‍ അവസരം നല്‍കണം. സഞ്ജു സാംസണും ഇത്തരത്തില്‍ ചില ഷോട്ടുകളുതിര്‍ക്കാന്‍ അവസരം നല്‍കാം.

ഇത് ബാറ്റര്‍മാര്‍ക്ക് പാകിസ്ഥാനെതിരായ അടുത്തമത്സരത്തില്‍ മാത്രമല്ല, സൂപ്പര്‍ ഫോറിലെ എല്ലാ മത്സരങ്ങള്‍ക്കും മുമ്പ് ബാറ്റര്‍മാര്‍ക്ക് പ്രാക്ടീസിന് അവസരം നല്‍കും. ബൗളര്‍മാരേക്കാള്‍ ബാറ്റര്‍മാരെ സജ്ജമാക്കുക എന്നതിനെ സംബന്ധിച്ചായിരിക്കണമിത്,’ ഗവാസ്‌കര്‍ പറഞ്ഞു.

‘എനിക്ക് തോന്നുന്നത് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കണമെന്നാണ്. വേണമെങ്കില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ പോലും ബുംറയ്ക്ക് വിശ്രമം നല്‍കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.

അങ്ങനെയെങ്കില്‍ 28ാം തീയ്യതി, ഞായറാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ അവന്‍ ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പാക്കാന്‍ സാധിക്കും. അതായിരിക്കണം ഇന്ത്യ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടത്,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരത്തിലും ബുംറ ടീമിനൊപ്പമുണ്ടായിരുന്നു. യു.എ.ഇക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ താരം 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. പാകിസ്ഥാനെതിരെ നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ബുംറ സ്വന്തമാക്കിയത്.

 

 

Content Highlight: Asia Cup: Sunil Gavaskar advices India should rest Jasprit Bumrah in upcoming 2 games