ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 169 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ശ്രീലങ്ക. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ മുന്‍ നായകന്‍ ദാസുന്‍ ഷണകയുടെ അപരാജിത അര്‍ധ സെഞ്ച്വറി കരുത്തിലാണ് ലങ്ക മികച്ച സ്‌കോറിലെത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ പാതും നിസങ്കയെ ബംഗ്ലാദേശ് മടക്കി. 15 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.
അധികം വൈകാതെ രണ്ടാം വിക്കറ്റായി ഓപ്പണര്‍ കുശാല്‍ മെന്‍ഡിസും കൂടാരം കയറി. 25 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ കാമില്‍ മിശ്ര അഞ്ച് റണ്‍സടിച്ച് തിരിച്ചുനടന്നു.
അഞ്ചാമനായി ക്രീസിലെത്തിയ മുന്‍ നായകന്‍ ദാസുന്‍ ഷണക പൊരുതാന്‍ ഉറച്ചുതന്നെയായിരുന്നു. ഇതിന് മുമ്പ് ടി-20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പ് നടന്ന 2022ല്‍ ലങ്കയെ കിരീടത്തിലേക്ക് ടീമിനെ കൈപിടിച്ചുനടത്തിയ മുന്‍ നായകന്‍ അതേ ഉത്തരവാദിത്തതോടെ ബാറ്റ് വീശി.
തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സറടിച്ച് ക്യാപ്റ്റന്‍ ചരിത് അസലങ്കയ്‌ക്കൊപ്പമുള്ള അര്‍ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പും തന്റെ പേരിന് നേരെ അര്‍ധ സെഞ്ച്വറിയും എഴുതിച്ചേര്‍ത്ത ഷണക ഇന്നിങ്‌സിന്റെ അവസാന പന്തിലും സിക്‌സറടിച്ച് ലങ്കയെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168ലെത്തിച്ചു.
ആകെ ആറ് സിക്‌സറുകളാണ് ഷണകയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. മൂന്ന് ഫോറും. 37 പന്തില്‍ പുറത്താകാതെ 64 റണ്‍സാണ് താരം അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ചരിത് അസലങ്ക 12 പന്തില്‍ 21 റണ്‍സും നേടി.
ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റും താസ്‌കിന്‍ അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.
Mustafizur Rahman was at his very best, finishing with 3 wickets for a miserly 20 runs 🔥