വെടിക്കെട്ട് വീരന്‍ അഭിഷേകിനേക്കാള്‍ സിക്‌സറടിച്ചത് ബൗളറായ ഷഹീന്‍ അഫ്രിദി; ഞെട്ടിച്ച കണക്കുകള്‍
Asia Cup
വെടിക്കെട്ട് വീരന്‍ അഭിഷേകിനേക്കാള്‍ സിക്‌സറടിച്ചത് ബൗളറായ ഷഹീന്‍ അഫ്രിദി; ഞെട്ടിച്ച കണക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th September 2025, 6:27 pm

 

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുകയാണ്. ഇന്ന് നടക്കുന്ന ഇന്ത്യ – ഒമാന്‍ ഗ്രൂപ്പ് എ പോരാട്ടത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും അവസാനിക്കും. അബുദാബിയിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

സൂപ്പര്‍ ഫോറിന് ഇതിനോടകം തന്നെ യോഗ്യത നേടിയ ഇന്ത്യയും ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിക്കാത്ത ഒമാനെതിരായ പോരാട്ടം വണ്‍ സൈഡ് മാച്ച് ആയി തന്നെ അവസാനിക്കുമെന്നുറുപ്പാണ്.

മിന്നോസിനെതിരെ എത്രത്തോളം മികച്ച വിജയമാകും ഇന്ത്യ സ്വന്തമാക്കുക എന്നതുമാത്രമാണ് ആരാധകരുടെ സംശയം. അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലും സൂര്യയുമടങ്ങുന്ന ബാറ്റിങ് യൂണിറ്റ് ഒമാനെ അടിച്ചൊതുക്കുമെന്നുറപ്പാണ്.

കളിച്ച രണ്ട് മത്സരത്തിലും വെടിക്കെട്ട് പുറത്തെടുത്ത അഭിഷേക് ശര്‍മ തന്നെയാണ് ഇന്ത്യയുടെ ഇന്നിങ്‌സിന് അടിത്തറയൊരുക്കുക. രണ്ട് മത്സരത്തിലും വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് ബാറ്റ് വീശിയത്. അഞ്ച് സിക്‌സറുകളും രണ്ട് മത്സരത്തില്‍ നിന്നായി താരം അടിച്ചെടുത്തിട്ടുണ്ട്.

ടൂര്‍ണമെന്റിലെ സിക്‌സറടി വീരന്‍മാരില്‍ മൂന്നാമനാണ് നിലവില്‍ അഭിഷേക്. രണ്ടാം സ്ഥാനത്താകട്ടെ പാകിസ്ഥാന്റെ സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയാണ് ഇടം പിടിച്ചിരിക്കുന്നത്. മൂന്ന് മത്സരത്തില്‍ നിന്നും ആറ് സിക്‌സറുമായാണ് ഷഹീന്‍ അഭിഷേകിനെ മറികടന്നിരിക്കുന്നത്.

 

അഭിഷേകിനെക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടുണ്ടെങ്കിലും ആ മത്സരത്തില്‍ ഒരു പന്ത് മാത്രമാണ് ഷഹീന്‍ നേരിട്ടത്. ഇന്ത്യയ്‌ക്കെതിരെയും യു.എ.ഇക്കെതിരെയും മൂന്ന് വീതം സിക്‌സറുകള്‍ പറത്തിയാണ് ഈ പട്ടികയില്‍ ഷഹീന്‍ രണ്ടാമതെത്തിയത്.

ഏഷ്യാ കപ്പ് 2025 – ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 3 – 8

അസ്മത്തുള്ള ഒമര്‍സായ് – അഫ്ഗാനിസ്ഥാന്‍ – 3 – 8

ഷഹീന്‍ ഷാ അഫ്രിദി – പാകിസ്ഥാന്‍ – 3 – 6

അഭിഷേക് ശര്‍മ – ഇന്ത്യ – 2 – 5

സെദ്ദിഖുള്ള അടല്‍ – അഫ്ഗാനിസ്ഥാന്‍ – 3 – 4

ബാബര്‍ ഹയാത്ത് – ഹോങ് കോങ് – 3 – 4

അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരമെന്ന നേട്ടത്തിലെത്താന്‍ അഭിഷേകിന് ഒമാനെതിരെ നാല് സിക്‌സറുകള്‍ മാത്രം നേടിയാല്‍ മതി. ഒമാനെതിരെയും മികച്ച പ്രകടനം താരം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Asia Cup: Shaheen Afridi is ahead of Abhishek Sharma in the list of players who have hit the most sixes