ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്താത്തത് അതീവ ദുഖകരവും അന്യായവുമെന്ന് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. അയ്യര്‍ തന്റെ മത്സരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ വരെ അനായാസം കളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
‘ശ്രേയസ് അയ്യരിന് എന്താണ് കുറവ്? അവന്‍ കെ.കെ.ആറിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്തു. കൂടാതെ, പഞ്ചാബ് കിങ്‌സിനെ പോലെ ഒരു ടീമിനെ ഫൈനലിലും എത്തിച്ചു. മികച്ച ബാറ്റിങ്ങും ക്യാപ്റ്റന്‍സി കഴിവുമുള്ള ഒരു താരമാണവന്‍. മുമ്പത്തെ പോലെയല്ല, അവന്റെ ബാറ്റിങ്ങില്‍ വലിയ മാറ്റം വന്നിട്ടുണ്ട്.
ഷോട്ട് ബോളില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവന്‍ പരിഹരിച്ചു. ജസ്പ്രീത് ബുംറയെയും കാഗിസോ റബാദയെയും പോലുള്ള ബൗളര്‍മാര്‍ക്കെതിരെ ശ്രേയസ് ഐ.പി.എല്ലില്‍ അനായാസം ഷോട്ടുകള്‍ അടിക്കുന്നത് നമ്മള്‍ കണ്ടു. അവന്റെയും യശസ്വി ജെയ്സ്വാളിന്റെയും കാര്യത്തില്‍ എനിക്ക് വലിയ സങ്കടം തോന്നുന്നു,’ അശ്വിന്‍ പറഞ്ഞു.
യുവതാരവും ഇന്ത്യന്‍ ടീം ഓപ്പണറുമായിരുന്ന യശസ്വി ജെയ്സ്വാളിനെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി ശുഭ്മന്‍ ഗില്ലിനെ കൊണ്ടുവന്നതിനെ കുറിച്ചും താരം സംസാരിച്ചു. ഗില്ലിനെ ടീമില്‍ എടുത്തത് ശരിയാണെന്നും താരത്തിന് അതിനുള്ള യോഗ്യതയുണ്ടെന്നും അശ്വിന്‍ പറഞ്ഞു. എന്നാല്‍ അതിന് വേണ്ടി ജെയ്സ്വാളിനെ പുറത്ത് ഇരുത്തിയത് സങ്കടകരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ടീം തെരഞ്ഞെടുക്കുമ്പോള്‍ അങ്ങനെ വേണ്ടിയിരുന്നുവെന്ന് ആളുകള്‍ പറയാറുണ്ട്. ഇത്തവണയും വ്യത്യസ്തമല്ല. പക്ഷേ, ലോകകപ്പ് നേടിയ ടീമില്‍ നിന്ന് ഒരാളെ പുറത്താക്കുന്നത് അന്യായമാണ്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ലോകകപ്പ് നേടിയ ടീമിലെ ഭാഗമായിരുന്നു ജെയ്സ്വാള്‍.
അങ്ങനെയുള്ള ഒരാളെ മാറ്റിയാണ് ഗില്ലിനെ കൊണ്ടുവന്നത്. ഗില്ലിന്റെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷേ, ജെയ്സ്വാളിനെ പോലെയുള്ള ഒരു താരത്തെ മാറ്റിയത് അന്യായമാണ്,’ അശ്വിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഏഷ്യ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി തുടരുമ്പോള്‍ ഗില്ലാണ് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായില്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ഏഷ്യ കപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും യു.എ.ഇയിലാണ് നടക്കുക. ഏഷ്യ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.