അന്താരാഷ്ട്ര ടി-20യില്‍ ചരിത്രം കുറിച്ച് യു.എ.ഇ നായകന്‍. ഏഷ്യാ കപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് വസീം ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായത്.
54 പന്ത് നേരിട്ട താരം 69 റണ്‍സ് നേടി മടങ്ങിയിരുന്നു. മത്സരത്തില്‍ 59ാം റണ്‍സ് പൂര്‍ത്തിയാക്കിയതോടെ അന്താരാഷ്ട്ര ടി-20 കരിയറില്‍ 3,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനും വസീമിന് സാധിച്ചിരുന്നു. ഈ റെക്കോഡിലെത്തുന്ന 11ാം താരവും രണ്ടാം അസോസിയേറ്റ് താരവുമാണ് യു.എ.ഇ നായകന്‍.
എന്നാല്‍ ഏറ്റവും വേഗത്തില്‍ 3,000 റണ്‍സ് പിന്നിടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായാണ് താരം പുതുചരിത്രമെഴുതിയത്. നേരിട്ട 1947ാം പന്തിലാണ് വസീം അന്താരാഷ്ട്ര ടി-20യിലെ 3,000 ക്ലബ്ബില്‍ ഇടം നേടിയത്. ഇന്ത്യന്‍ ലെജന്‍ഡ് രോഹിത് ശര്‍മയെ അടക്കം മറികടന്നുകൊണ്ടാണ് വസീമിന്റെ നേട്ടം.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗം 3,000 റണ്‍സ് നേടിയ താരങ്ങള്‍ (നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍)
(താരം – ടീം – 3,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍)
മുഹമ്മദ് വസീം – യു.എ.ഇ – 1947*
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2068
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 2077
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ 2113
രോഹിത് ശര്‍മ – ഇന്ത്യ – 2149
നിലവില്‍ 3010 റണ്‍സാണ് മുഹമ്മദ് വസീമിന്റെ സമ്പാദ്യം. 84 ഇന്നിങ്‌സില്‍ നിന്നും 38.10 ശരാശരിയിലും 154.12 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്യുന്നത്. അന്താരാഷ്ട്ര ടി-20യില്‍ മൂന്ന് സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും വസീം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, മത്സരത്തില്‍ ഒമാനെ 42 റണ്‍സിന് പരാജയപ്പെടുത്തി യു.എ.ഇ ടൂര്‍ണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. യു.എ.ഇ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ 130ന് പുറത്തായി.
വസീമിന് പുറമെ സഹ ഓപ്പണര്‍ അലിഷന്‍ ഷറഫുവും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 38 പന്ത് നേരിട്ട താരം 51 റണ്‍സാണ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് (പത്ത് പന്തില്‍ 20) ഒഴികെ ആദ്യ അഞ്ചിലെ നാല് താരങ്ങളും ഒറ്റയക്കത്തിന് പുറത്തായി. ആമിര്‍ കലീം (രണ്ട് പന്തില്‍ രണ്ട്), സൂപ്പര്‍ താരം ബാബര്‍ ഹയാത്ത് (പത്ത് പന്തില്‍ നാല്), വസീം അലി (രണ്ട് പന്തില്‍ ഒന്ന്), ഫൈസല്‍ ഷാ (12 പന്തില്‍ ഒമ്പത്) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.
32 പന്തില്‍ 24 റണ്‍സുമായി ആര്യന്‍ ബിഷ്തും 17 പന്തില്‍ 20 റണ്‍സുമായി വിനായക് ശുക്ലയും പൊരുതിയെങ്കിലും വിജയം ഏറെ അകലെയായിരുന്നു.
യു.എ.ഇക്കായി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റ് വീഴ്ത്തി. ഹൈദര്‍ അലിയും മുഹമ്മദ് ജവാദുള്ളയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് റോഹിദ് ഒരു ഒമാന്‍ താരത്തെയും മടക്കി.
ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഒമാന്റെ യാത്ര ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ കരുത്തരായ ഇന്ത്യയെയാണ് ഒമാന് നേരിടാനുള്ളത്.
അതേസമയം, രണ്ട് മത്സരത്തില്‍ ഒരു ജയവും ഒരു തോല്‍വിയുമായി യു.എ.ഇ പ്രതീക്ഷ കെടാതെ കാത്തു. പാകിസ്ഥാനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ ഫോറിലെത്താനും വസീമിനും സംഘത്തിനും അവസരമൊരുങ്ങും.
Content Highlight: Asia Cup: Oman vs UAE: Mohammed Waseem becomes the fastest batter to complete 3000 T20I runs