ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം ഒമാനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ 21 റണ്‍സിന്റെ വിജയമായിരുന്നു സൂര്യയും സംഘവും സ്വന്തമാക്കിയത്. സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയുടെയും അഭിഷേക് ശര്‍മയുടെ ഓപ്പണിങ് വെടിക്കെട്ടിന്റെയും കരുത്തിലാണ് ടീമിന്റെ വിജയം.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിരുന്നു. ഒമാനെതിരെ അനായാസം വിജയം സ്വന്തമാക്കാമെന്ന് കണക്കുക്കൂട്ടിയാണ് ഇന്ത്യ ബൗളിങ്ങിനെത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനെത്തിയ ഒമാന്‍ മികച്ച ചെറുത്തുനില്‍പ്പാണ് കാഴ്ച വെച്ചത്.
ഇതോടെ ഒരു ചരിത്ര നേട്ടമാണ് ഒമാൻ സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ ടി – 20 ക്രിക്കറ്റില്‍ 50+ പ്ലസ് പാര്‍ട്ട്ണര്‍ഷിപ്പ് നേടുന്ന രണ്ടാമത്തെ അസ്സോസിയേറ്റ് രാഷ്ട്രമാകാനാണ് ഒമാന് സാധിച്ചത്. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. അസ്സോസിയേറ്റ് രാഷ്ട്രമായിരുന്ന കാലത്തായിരുന്നു ഇത്.
കൂടാതെ, മറ്റൊരു നേട്ടവും ഒമാന് സ്വന്തമാക്കാനായി. മത്സരത്തില്‍ ഒമാന്‍ ഇന്ത്യയ്‌ക്കെതിരെ പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമാവാതെ പിടിച്ച് നില്‍ക്കാനായിരുന്നു. ഒമാന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഫുള്‍ മെമ്പര്‍ നേഷനെതിരെ പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാവാതെ ബാറ്റ് ചെയ്തത്.
മത്സരത്തില്‍ വിജയിക്കാനായില്ലെങ്കിലും ഇന്ത്യക്കെതിരെ നടത്തിയ പ്രകടനങ്ങള്‍ ഒമാന് എന്നും ഓര്‍ത്ത് വെക്കാന്‍ സാധിക്കുന്ന ഒന്നാണ്. ടി – 20യിലെ ലോകത്തിലെ മികച്ച ടീമുകളില്‍ ഒന്നായ ഇന്ത്യയ്‌ക്കെതിരെ 160ലധികം റണ്‍സ് നേടുകയെന്നത് തന്നെ ടീമിന് വലിയ നേട്ടമാണ്.
മറുപടി ബാറ്റിങ്ങില്‍ ജതീന്ദറിന്റെ സംഘം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. അവര്‍ക്കായി മികച്ച പ്രകടനം നടത്തിയത് ആമിര്‍ കലീമാണ്. താരം 46 പന്തില്‍ 64 റണ്‍സാണ് സ്വന്തമാക്കി. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കൂടാതെ, ഹമ്മാദ് മിര്‍സയും ജതീന്ദര്‍ സിങ്ങും മികച്ച ബാറ്റിങ് പുറത്തെടുത്തു. മിര്‍സ 33 പന്തില്‍ 51 റണ്‍സ് എടുത്തപ്പോള്‍ ജതീന്ദര്‍ 33 പന്തില്‍ 32 റണ്‍സും നേടി.
ഇന്ത്യയ്ക്കായി അര്‍ഷ്ദീപ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവരും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.