2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെ (ഞായര്‍) ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ അവസാന പോരിന് കളത്തിലിറങ്ങുന്നത്.
പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഇല്ലാതെയായിരുന്നു ടീം ടൂര്‍ണമെന്റിന് എത്തിയത്. എന്നിരുന്നാലും വമ്പന്‍ പ്രകടനങ്ങളൊന്നുമില്ലാതെയാണ് മെന്‍ ഇന്‍ ഗ്രീന്‍ ഫൈനലിലെത്തിയത്. ഇതോടെ പാകിസ്ഥാന്‍ ടീമിനെ വിമര്‍ശിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
പാകിസ്ഥാന് ടീമിന് സ്ഥിരതയില്ലെന്നും നിരന്തരമായ മാറ്റങ്ങള്‍ താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നും പത്താന്‍ പറഞ്ഞു. മാത്രമല്ല ബാബര്‍ അസമിനെ താന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും നിലവിലെ കളിക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാബര്‍ മികച്ചവനാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ക്യാപ്റ്റനാകാന്‍ ആര്‍ക്കും സാധിക്കും, പാകിസ്ഥാന്‍ ടീമിന് സ്ഥിരതയില്ല. മാത്രമല്ല നിരന്തരമായ മാറ്റങ്ങള്‍ കളിക്കാരെ ബാധിക്കുന്നതുകൊണ്ടാണ് അവരില്‍ പലര്‍ മികച്ച പ്രകടന കാഴ്ചവെക്കാന്‍ സാധിക്കാത്തത്. പുതിയ പരിശീലകന്‍ തന്റെ കളിക്കാര്‍ക്ക് എത്രമാത്രം സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ശരിക്കും അറിയില്ല.
ബാബര്‍ അസമിനെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്, എന്നാല്‍ നിലവിലെ കളിക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാബര്‍ ഇപ്പോഴും അവരെക്കാള്‍ മികച്ചവനാണ്,’ സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കുമായുള്ള അഭിമുഖത്തില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
അതേസമയം സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ മിന്നും വിജയമാണ് നേടിയത്. സൂപ്പര്‍ ഓവറിലാണ് മെന്‍ ഇന്‍ ബ്ലൂ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിനൊപ്പമെത്തിയാണ് ശ്രീലങ്ക മത്സരത്തെ സൂപ്പര്‍ ഓവറിലെത്തിച്ചത്. സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒന്നാം പന്തില്‍ തന്നെ മറികടക്കുകയായിരുന്നു.
Content Highlight: Asia Cup: Irfan Pathan Criticize Pakistan Cricket Team