2025 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ദുബായി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബൗളിങ്ങിനയക്കുകയായിരുന്നു പാകിസ്ഥാന്‍. തുടര്‍ന്ന് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് മെന്‍ ഇന്‍ ഗ്രീന്‍ 127 റണ്‍സിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും മുഴുവന്‍ സായുധ സേനയ്ക്കും വിജയം സമര്‍പ്പിക്കുന്നുവെന്നുമാണ് സൂര്യ പറഞ്ഞത്.
‘ഒരു കാര്യം കൂടെ പറയാന്‍ ആഗ്രഹിക്കുന്നു. കൃത്യമായ സമയത്താണ് ഇത് പറയുന്നത്, പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. ഞങ്ങള്‍ ഞങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വളരെയധികം ധൈര്യം കാണിച്ച ഞങ്ങളുടെ എല്ലാ സായുധ സേനകള്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നു. അവര്‍ നമ്മളെയെല്ലാം പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അവസരം ലഭിക്കുമ്പോഴെല്ലാം അവരുടെ പുഞ്ചിരിയുടെ കാരണമാകാന്‍ ഞങ്ങള്‍ ശ്രമിക്കും,’ മത്സര ശേഷം സൂര്യ പറഞ്ഞു.
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം അരങ്ങേറിയത്. ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഏറ്റുമുട്ടുന്നത്. കളത്തിലിറങ്ങിയപ്പോഴും പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. ഹസ്തദാനത്തിനോ സൗഹൃദം പങ്കുവെക്കാനോ ഇന്ത്യ തയ്യാറായിരുന്നില്ല.
അതേസമയം ഷഹീന്‍ അഫ്രീദിയുടെ അവസാന ഘട്ട പോരാട്ടത്തിലായിരുന്നു പാകിസ്ഥാന്‍ 100 കടന്നത്. 16 പന്തില്‍ നാല് സിക്‌സര്‍ ഉള്‍പ്പെടെ 33 റണ്‍സാണ് താരം നേടിയത്. മാത്രമല്ല സഹിബ്‌സാദ ഫര്‍ഹാന്‍ 40 റണ്‍സും നേടിയിരുന്നു.
ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ സൂര്യയാണ്. 37 പന്തില്‍ പുറത്താകാതെ 47 റണ്‍സാണ് താരം നേടിയത്. അഭിഷേക് ഷര്‍മ 13 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ തിലക് വര്‍മ 31 പന്തില്‍ 31 റണ്‍സ് നേടി. അതേസമയം പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയത് യുവ താരം സയിം അയൂബാണ്.
ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Asia Cup – India VS Pakistan: Suryakumar Yadav says They stands with the families of the victims of the Pahalgam terror attack