ഡോമിനേഷന്‍ തുടരാന്‍ ഇന്ത്യ; ഇന്ന് ഏഷ്യാ കപ്പ് മത്സരം തീ പാറും!
Sports News
ഡോമിനേഷന്‍ തുടരാന്‍ ഇന്ത്യ; ഇന്ന് ഏഷ്യാ കപ്പ് മത്സരം തീ പാറും!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st September 2025, 4:23 pm

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കാനുള്ളത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് അപരാജിതരായാണ് ഇന്ത്യ ഫോറിലെത്തിയത്.

അതേസമയം ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ തീ പാറുമെന്ന് ഉറപ്പാണ്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചത് ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇനി ഇന്ന് നടക്കാനുള്ള മത്സരത്തില്‍ എന്തെല്ലാം സംഭവിക്കുമെന്നത് കണ്ടറിയണം.

വമ്പന്‍ പോരാട്ടത്തില്‍ ആരാവും വിജയിക്കുക എന്നറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നിരുന്നാലും ഇരുവരും തമ്മില്‍ 2007 മുതല്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ തന്നെയാണ് ഏറ്റവും കൂടുതല്‍ വിജയം നേടിയത്. ആകെ കളിച്ച 14 മത്സരങ്ങളില്‍ 11 എണ്ണവും ഇന്ത്യയാണ് വിജയിച്ചത്. മൂന്ന് മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന് വിജയിക്കാന്‍ സാധിച്ചത്.

ബാറ്റിങ്ങിന്റെ കാര്യത്തിലും ബൗളിങ്ങിന്റെ കാര്യത്തിലും ഇന്ത്യ പാകിസ്ഥാനേക്കാള്‍ ഏറെ മുന്നിലാണെന്നത് എടുത്ത് പറയേണ്ടതാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മാറിനിന്ന പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വജ്രായുധം. ബാറ്റിങ്ങില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ഉള്‍പ്പെടുന്ന മികച്ച ടോപ്പ് ഓര്‍ഡറും മധ്യനിരയില്‍ സഞ്ജു സാംസണ്‍ എന്ന മലയാളി കരുത്തും ഇന്ത്യയുടെ പ്ലസ് പോയിന്റാണ്.

പാകിസ്ഥാന്‍ നികയില്‍ ഇന്ത്യന്‍ താരങ്ങളോട് മല്ലിട്ട് നില്‍ക്കാന്‍ പാകത്തിലുള്ള ഒരു താരവുമില്ലെന്നത് മറ്റൊരു സത്യാവസ്ഥയാണ്. എന്നിരുന്നാലും ബൗളിങ്ങില്‍ ഷഹീന്‍ അഫ്രീദി ചെറിയ രീതിയിലെങ്കിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. മാത്രമല്ല ടെയ്ല്‍ എന്‍ഡില്‍ താരത്തിന് മികച്ച രീതിയില്‍ ബാറ്റ് വീശാനുള്ള കഴിവുമുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

പാകിസ്ഥാന്‍ സ്‌ക്വാഡ്

ഫഖര്‍ സമാന്‍, സയിം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, സല്‍മാന്‍ മിര്‍സ, മുഹമ്മദ് വസീം ജൂനിയര്‍, അബ്രാര്‍ അഹമ്മദ്, ഹുസൈന്‍ തലത്, ഫഹീം അഷ്‌റഫ്, ഹസന്‍ അലി, സുഫിയാന്‍ മുഖീം

Content Highlight: Asia Cup: India Vs Pakistan Super Four Match