ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിലേത് പോലെ ഇത്തവണയും ടോസിങ് ടൈമില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാന്‍ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്തില്ല.
ഇതോടെ സൂപ്പര്‍ ഫോറിലെ ഇരുവരുടേയും ആദ്യ മത്സരത്തില്‍ തീ പാറുമെന്ന് ഉറപ്പാണ്. മാത്രമല്ല മത്സരം നിയന്ത്രിക്കുന്നത് പാകിസ്ഥാന്‍ പരാതി ഉന്നയിച്ച അമ്പയര്‍ ആന്‍ഡി പൈക്രോഫ്റ്റ് തന്നെയാണെന്നതും മറ്റൊരു പ്രത്യേകതയാണ്.
മത്സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവര്‍ത്തിയുമാണ് തിരിച്ചെത്തിയത്. ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങ്ങുമാണ് ഇലവനില്‍ നിന്ന് പുറത്തായത്. പാകിസ്ഥാനും രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. മാത്രമല്ല വിക്കറ്റ് കീപ്പര്‍ ബാറ്ററായി അഞ്ചാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണും സ്ഥാനം നേടിയിട്ടുണ്ട്.
അതേസമയം ഇന്ത്യയും പാകിസ്ഥാനുമുള്ള പോരാട്ടത്തില്‍ ആരാവും വിജയിക്കുക എന്നും ആരാധകര്‍ ആകാംക്ഷയോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഇരുവരും തമ്മില്‍ 2007 മുതല്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ തന്നെയാണ് ഏറ്റവും കൂടുതല്‍ വിജയം നേടിയത്. ആകെ കളിച്ച 14 മത്സരങ്ങളില്‍ 11 എണ്ണവും ഇന്ത്യയാണ് വിജയിച്ചത്. മൂന്ന് മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന് വിജയിക്കാന്‍ സാധിച്ചത്. മത്സരത്തില്‍ ഇന്ത്യ മേല്‍ക്കൈ നേടുമെന്നാണ് പല മുന്‍ ക്രിക്കറ്റ് താരങ്ങളും പറയുന്നത്.