2025 ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയവുമായി ഇന്ത്യ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 93 പന്ത് ശേഷിക്കെ നീലക്കുപ്പായക്കാര്‍ മറികടക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റുമായി തിളങ്ങി. ശിവം ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റണ്‍ ഔട്ടിനും സഞ്ജു വഴിയൊരുക്കിയിരുന്നു. കളിക്കളത്തില്‍ താരത്തിന്റെ പ്രസന്‍സ് ഓഫ് മൈന്‍ഡ് വ്യക്തമാക്കുന്നതായിരുന്നു ഈ നിമിഷം.
ശിവം ദുബെയെറിഞ്ഞ 13ാം ഓവറിനിടെയായിരുന്നു സംഭവം. ദുബെയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ജുനൈദ് സിദ്ദിഖിന് പിഴക്കുകയായിരുന്നു. താരം ബീറ്റണാവുകയും പന്ത് സഞ്ജുവിന്റെ കൈവശമെത്തുകയും ചെയ്തു. ജുനൈദ് ക്രീസിന് പുറത്താണെന്ന് വ്യക്തമായതോടെ സഞ്ജു ഒരു നിമിഷം പോലും പാഴാക്കാതെ പന്ത് വിക്കറ്റിലെറിയുകയും റണ്‍ ഔട്ടിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു.
അമ്പയര്‍ തീരുമാനമെടുക്കാന്‍ മൂന്നാം അമ്പയറിന്റെ സഹായം തേടി. തേര്‍ഡ് അമ്പയറിന്റെ ഇന്‍സ്‌പെക്ഷനില്‍ ജുനൈദിന്റെ കാല്‍ പുറത്താണെന്ന് വ്യക്തമാവുകയും ബിഗ് സ്‌ക്രീനില്‍ ഔട്ട് എന്ന് തെളിയുകയും, ഫീല്‍ഡ് അമ്പയര്‍ മൂന്നാം അമ്പയറിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ സഞ്ജുവിനടുത്തെത്തി കാര്യമായി എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. അമ്പയര്‍ ഔട്ട് വിളിച്ച ശേഷവും സിദ്ദിഖ് ക്രീസില്‍ തന്നെ തുടരുകയും ചെയ്തിരുന്നു.
പന്തെറിയാനുള്ള റണ്‍ അപ്പിനിടെ ബൗളര്‍ ശിവം ദുബെയുടെ കീശയില്‍ തിരുകിയ ടവ്വല്‍ താഴെ വീണതാണ് ഈ ചര്‍ച്ചകള്‍ക്കും അനിശ്ചിത്വങ്ങള്‍ക്കും കാരണമായത്. സാധാരണ സാഹചര്യങ്ങളില്‍ പന്ത് ഡെഡ് ബോളായി വിധിയെഴുതുകയാണ് പതിവ്. എന്നാല്‍ ഫീല്‍ഡ് അമ്പയറോ തേര്‍ഡ് അമ്പയറോ ഇത് ശ്രദ്ധിച്ചിരുന്നില്ല.
ടവ്വല്‍ താഴെ വീണത് ബാറ്ററുടെ ശ്രദ്ധ തെറ്റിക്കുമെന്നതിനാല്‍ റണ്‍ ഔട്ടിനായുള്ള അപ്പീല്‍ തങ്ങള്‍ പിന്‍വലിക്കുകയാണെന്ന് സൂര്യകുമാര്‍ യാദവ് അമ്പയറെ അറിയിച്ചു. ഇതോടെ സിദ്ദിഖിന് ജീവന്‍ ലഭിക്കുകയും ചെയ്തു.
എന്നാല്‍ കിട്ടിയ ലൈഫ് മുതലാക്കാന്‍ യു.എ.ഇ താരത്തിന് സാധിച്ചില്ല. അതേ ഓവറില്‍ തന്നെ ദുബെ സൂര്യയുടെ കൈകളിലെത്തിച്ച് സിദ്ദിഖിനെ മടക്കി. ഒമ്പതാം വിക്കറ്റായാണ് താരം പുറത്തായത്. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പത്താം വിക്കറ്റും വീണതോടെ യു.എ.ഇ 57ന് പോരാട്ടം അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഭിഷേക് ശര്‍മ (16 പന്തില്‍ 30), ശുഭ്മന്‍ ഗില്‍ (ഒമ്പത് പന്തില്‍ പുറത്താകാതെ 20), സൂര്യകുമാര്‍ യാദവ് (രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്) എന്നിവരുടെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കി.
Content Highlight: Asia Cup: IND vs UAE: India withdraws run-out appeal against Junaid Siddique