ഏഷ്യ കപ്പ്: ഗില്ലിനെ അങ്ങനെ തള്ളിക്കളയാനാവില്ല: ഹര്‍ഭജന്‍ സിങ്
Cricket
ഏഷ്യ കപ്പ്: ഗില്ലിനെ അങ്ങനെ തള്ളിക്കളയാനാവില്ല: ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th August 2025, 11:49 am

ഏഷ്യ കപ്പിനുള്ള സ്‌ക്വാഡില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഗില്‍ ശക്തമായ അടിത്തറയുള്ള ഒരു താരമാണെന്നും അവന് 160 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

‘ടി – 20 ക്രിക്കറ്റ് എല്ലായ്‌പ്പോഴും ബിഗ് ഹിറ്റിങ്ങല്ല. ഗില്‍ ആക്രമണാത്മക ഷോട്ടുകള്‍ കളിക്കാന്‍ തീരുമാനിച്ചാല്‍, അവന് ആരുമായും കിടപിടിക്കാന്‍ കഴിയും. ശക്തമായ അടിത്തറയുള്ള ഒരു താരമാണവന്‍. ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടുക എളുപ്പമല്ല. എല്ലാ സീസണിലും അദ്ദേഹം റണ്‍സ് നേടിയിട്ടുണ്ട്,’ ഹര്‍ഭജന്‍ പറഞ്ഞു.

2024ലാണ് ഗില്‍ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു ടി -20 മത്സരം കളിക്കുന്നത്. ശ്രീലങ്കക്കെതിരെ അന്ന് കളിക്കുമ്പോള്‍ താരം ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. എന്നാല്‍, പിന്നീട് ഗില്‍ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെയും ഐ.പി.എല്ലിലെയും പ്രകടനത്തോടെ ഗില്ലിന് വീണ്ടും ഇന്ത്യന്‍ ടി -20 ടീമിലും ഇടം നല്‍കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ശക്തമായതിനാല്‍ താരത്തെ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന ഒരു മറുവാദവും നിലനില്‍ക്കുന്നുണ്ട്.

ഗില്ലിന്റെ ശൈലി ടി – 20 ക്രിക്കറ്റിന് ചേര്‍ന്നതല്ല എന്നതാണ് ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, താരത്തിന് ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലും തിളങ്ങാനാവുമെന്നാണ് ഹര്‍ഭജന്‍ വിശ്വസിക്കുന്നത്.

‘അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയ താരങ്ങള്‍ നമുക്കുണ്ട്, പക്ഷേ ഗില്ലിനെ തള്ളിക്കളയാനാവില്ല. അവന്‍ ഏത് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുന്ന ഒരു മികച്ച കളിക്കാരനാണ്. ടി -20യിലും അവന് ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ആരാധകര്‍ക്ക് ഫോറുകളും സിക്‌സറുകളും കാണാനാണ് ആഗ്രഹമെന്ന് എനിക്കറിയാം. പക്ഷേ വലിയ ഇന്നിങ്സുകള്‍ കളിക്കാന്‍ കഴിയുന്നവരെ ആവശ്യമാണ്,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് മുംബൈയില്‍ വെച്ച് നടക്കുന്ന പ്രസ് മീറ്റിലായിരിക്കും പ്രഖ്യാപനമുണ്ടാവുക. സൂര്യകുമാര്‍ യാദവ് നയിക്കാനെത്തുമ്പോള്‍ ഒന്നാം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Asia Cup: Harbhajan Singh says that Shubhman Gill cannot write off easily