2025 ഏഷ്യാ കപ്പിന്റെ കിരീട പോരാട്ടത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരത്തിന്റെ കാത്തിരിപ്പിലാണ് ആരാധകരും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആരാകും കിരീടമുയര്‍ത്തുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകവും.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് തോല്‍ക്കുകയും മറ്റ് ടീമുകളോട് വിജയിച്ചുമാണ് സല്‍മാന്‍ അലി ആഘയും സംഘവും ഫൈനലിന് യോഗ്യത നേടിയത്. വിജയ ശതമാനം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാണെന്നാണ് വിലയിരുത്തല്‍.
ഇപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ബൗളര്‍ മോണ്ടി പനേസര്‍. പാകിസ്ഥാന്‍ അപകടകാരിയായ ടീമാണെന്നും ഫൈനലില്‍ അവര്‍ക്ക് ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ കഴിയുമെന്നും മോണ്ടി പനേസര്‍ പറഞ്ഞു. എന്നാല്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെങ്കിലും പാകിസ്ഥാനെ അവര്‍ക്ക് നിസാരമായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പാകിസ്ഥാന്‍ അപകടകാരിയായ ടീമാണ്. ഫൈനലില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഫൈനലില്‍ അവര്‍ക്ക് അവരുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ കഴിയും. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ, പക്ഷേ അവര്‍ക്ക് പാകിസ്ഥാനെ നിസാരമായി കാണാന്‍ സാധിക്കില്ല. പാകിസ്ഥാന്‍ പഴയതുപോലെ ശക്തരല്ലെങ്കിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയും,’ പനേസര്‍ എ.എന്‍.ഐയോട് പറഞ്ഞു.
അതേസമയം ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. മാത്രമല്ല ടി-20 ഫോര്‍മാറ്റില്‍ ഇതുവരെ 15 തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. മത്സരങ്ങളുടെ ചരിത്രമെടുത്ത് പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ സമഗ്രാധിപത്യമാണ് കാണന്‍ സാധിക്കുക.