പാകിസ്ഥാനെ കറക്കി വീഴ്ത്തി റെക്കോഡും തൂക്കി; ഫൈനലില്‍ കുല്‍ദീപിന്റെ ആറാട്ട്
Sports News
പാകിസ്ഥാനെ കറക്കി വീഴ്ത്തി റെക്കോഡും തൂക്കി; ഫൈനലില്‍ കുല്‍ദീപിന്റെ ആറാട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th September 2025, 10:13 pm

2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന പോരാട്ടം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

നിലവില്‍ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരിക്കുകയാണ്. ഇന്ത്യയ്ക്ക് സൂപ്പര്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. 30 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മത്സരത്തിലെ 16ാം ഓവറിലാണ് കുല്‍ദീപ് പാകിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ (8), ഷഹീന്‍ അഫ്രീദി (0), ഫഹീം അഷ്‌റഫ് (0) എന്നിവരുടെ വിക്കറ്റുകളായിരുന്നു താരം നേടിയത്. ആഘയുടെ വിക്കറ്റ് തകര്‍പ്പന്‍ കീപ്പര്‍ ക്യാച്ചിലൂടെ സഞ്ജു സാംസണാണ് കുല്‍ദീപിന് നേടിക്കൊടുത്തത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും കുല്‍ദീപിന് സാധിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പിലെ ഒരു സിംഗിള്‍ എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. നിലവില്‍ 17 വിക്കറ്റുകളാണ് താരം ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. കുല്‍ദീപിന് പുറമെ അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി മിന്നും ബൗളിങ്ങാണ് കാഴ്ചവെച്ചത്.

അതേസമയം പാകിസ്ഥാന് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനുമാണ്. 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് ഫര്‍ഹാന്‍ മടങ്ങിയത്. 150 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തെ വരുണ്‍ ചക്രവര്‍ത്തി തിലക് വര്‍മയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.

ഫഖര്‍ സമാന്‍ 35 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സിനും പുറത്തായി വരുണിനാണ് താരത്തിന്റെയും വിക്കറ്റ്. പിന്നീട് ഇറങ്ങിയ സയിം അയൂബ് നേടിയ 14 റണ്‍സ് ഒഴിച്ചാല്‍ മറ്റ് പാക് താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ സാധിച്ചിരുന്നില്ല.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹുസൈന്‍ തലത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഷഹീന്‍ അഫ്രീദി, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്

Content Highlight: Asia Cup Final: Kuldeep Yadav In Great Record Achievement For India In Asia cup