2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈന്‍ പോരാട്ടം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. നിലവില്‍ മറുപടി ബാറ്റിങ്ങില്‍ 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സാണ് നേടിയത്. 20 പന്തില്‍ 24 റണ്‍സുമായി സഞ്ജു സാംസണും 31 പന്തില്‍ 34 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസിലുള്ളത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പാളുകയായിരുന്നു. നാലാം ഓവര്‍ പൂര്‍ത്തിയാകുന്നതിനിടയില്‍ ഇന്ത്യക്ക് മൂന്ന് പ്രധാന വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍ അഭിഷേക് ശര്‍മ (5), ശുഭ്മന്‍ ഗില്‍ (12), സൂര്യകുമാര്‍ യാദവ് (1) എന്നിവരെയായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ കമന്ററി ബോക്‌സില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ചുകൊണ്ട് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ സംസാരിച്ചിരുന്നു. 146 എന്ന സ്‌കോര്‍ ഒരു ചെറിയ സ്‌കോറെന്ന നിലയിലാണ് താരങ്ങള്‍ കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘അവര്‍ കളി നിസാരമായി എടുക്കുകയാണ്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഈ കുതിച്ചുചാട്ടം എന്നെ അമ്പരപ്പിച്ചു. എന്താണ് സംഭവിക്കുന്നത്? അവര്‍ എന്തിനാണ് പരിഭ്രാന്തരാകുന്നത്? 146 റണ്‍സ് ഒരു സ്‌കോറല്ലെന്ന് ഇന്ത്യ കരുതുന്നു. സൂര്യകുമാര്‍ യാദവിനെ നോക്കൂ. അദ്ദേഹത്തിന്റെ കാലുകള്‍ അനങ്ങിയില്ല, ക്രീസില്‍ നിന്ന് ഷോട്ട് കളിക്കാന്‍ ശ്രമിച്ചു. ഷോട്ട് കളിച്ച നിമിഷം, താന്‍ കുഴപ്പത്തിലാണെന്ന് അദ്ദേഹത്തിന് മനസിലായി,’ സുനില്‍ ഗവാസ്‌കര്‍ കമന്ററി ബോക്‌സില്‍ നിന്ന് പറഞ്ഞു.

ഇന്ത്യയ്ക്ക് സൂപ്പര്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. 30 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മത്സരത്തിലെ 16ാം ഓവറിലാണ് കുല്‍ദീപ് പാകിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ (8), ഷഹീന്‍ അഫ്രീദി (0), ഫഹീം അഷ്‌റഫ് (0) എന്നിവരുടെ വിക്കറ്റുകളായിരുന്നു താരം നേടിയത്. ആഘയുടെ വിക്കറ്റ് തകര്‍പ്പന്‍ കീപ്പര്‍ ക്യാച്ചിലൂടെ സഞ്ജു സാംസണാണ് കുല്‍ദീപിന് നേടിക്കൊടുത്തത്. കുല്‍ദീപിന് പുറമെ അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി മിന്നും ബൗളിങ്ങാണ് കാഴ്ചവെച്ചത്.

അതേസമയം പാകിസ്ഥാന് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനുമാണ്. 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് ഫര്‍ഹാന്‍ മടങ്ങിയത്. 150 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തെ വരുണ്‍ ചക്രവര്‍ത്തി തിലക് വര്‍മയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.

ഫഖര്‍ സമാന്‍ 35 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സിനും പുറത്തായി വരുണിനാണ് താരത്തിന്റെയും വിക്കറ്റ്. പിന്നീട് ഇറങ്ങിയ സയിം അയൂബ് നേടിയ 14 റണ്‍സ് ഒഴിച്ചാല്‍ മറ്റ് പാക് താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ സാധിച്ചിരുന്നില്ല.

Content Highlight: Asia Cup Final: India VS Pakistan: Sunil Gavaskar Criticize Indian Players