പാകിസ്ഥാന് നിലവാരമില്ല, ഇന്ത്യ ഒരുപാട് മുന്നില്‍: അമിത് മിശ്ര
Sports News
പാകിസ്ഥാന് നിലവാരമില്ല, ഇന്ത്യ ഒരുപാട് മുന്നില്‍: അമിത് മിശ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th September 2025, 10:39 pm

2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെ (ഞായര്‍) ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ അവസാന പോരിന് കളത്തിലിറങ്ങുന്നത്.

ഇപ്പോള്‍ ഫൈനല്‍ മത്സരത്തില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. പാകിസ്ഥാന്‍ ചാമ്പ്യന്‍മാരാകാനുള്ള സാധ്യതയില്ലെന്നും പാക് ടീമിന് നിലവാരമില്ലെന്നും മിശ്ര പറഞ്ഞു. മാത്രമല്ല എല്ലാ മേഖലയിലും ഇന്ത്യ പാകിസ്ഥാനേക്കാള്‍ പിന്നിലാണെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി.

‘പാകിസ്ഥാന് സാധ്യതയില്ലെന്ന് തോന്നുന്നു, കാരണം അവര്‍ക്ക് നിലവാരമില്ല. ഇരു ടീമുകളും തമ്മിലുള്ള അന്തരം വ്യക്തമാണ്. ഇന്ത്യയെ തോല്‍പ്പിക്കാന്‍, അവര്‍ ധാരാളം മേഖലകള്‍ മറികടക്കുകയും സമ്മര്‍ദം നന്നായി കൈകാര്യം ചെയ്യുകയും വേണം. പല കാര്യങ്ങളിലും ഇന്ത്യ അവരെക്കാള്‍ മുന്നിലാണ്. ഇന്ത്യ അവരുടെ ഫീല്‍ഡിങ്ങിലാണ് പ്രവര്‍ത്തിക്കേണ്ടത്. ടി-20യില്‍ ഒരു ടീമിനെയും നിസാരമായി കാണരുത്,’ മിശ്ര എഎന്‍ഐയോട് പറഞ്ഞു.

അതേസമയം സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ മിന്നും വിജയമാണ് നേടിയത്. സൂപ്പര്‍ ഓവറിലാണ് മെന്‍ ഇന്‍ ബ്ലൂ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിനൊപ്പമെത്തിയാണ് ശ്രീലങ്ക മത്സരത്തെ സൂപ്പര്‍ ഓവറിലെത്തിച്ചത്. സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒന്നാം പന്തില്‍ തന്നെ മറികടക്കുകയായിരുന്നു.

Content Highlight: Asia Cup: Amit Mishra Talking About Pakistan Cricket Team