ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍ എന്നിവരെ പോലെയുള്ളവര്‍ ഇല്ലാത്തതിനാലാണ് സഞ്ജു സാംസണ്‍ ടി -20യില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍. ഏഷ്യ കപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ആ സമയത്ത് ശുഭ്മനും യശസ്വിയും ലഭ്യമല്ലാതിരുന്നതിനാലാണ് സഞ്ജു ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. അതുപോലെ അഭിഷേകും. പക്ഷേ, അഭിഷേകിന്റെ പ്രകടനങ്ങള്‍ അവനെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. കൂടാതെ, അവന് ബൗളിങ് ചെയ്യാനും കഴിയും. പക്ഷേ, ഞാന്‍ പറഞ്ഞതുപോലെ ഗില്‍ അവസാനമായി ടി – 20 കളിച്ചപ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ ലോകകപ്പിന് ശേഷമായിരുന്നു അത്,’ അഗാര്‍ക്കര്‍ പറഞ്ഞു.
അതേസമയം, അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജു സാംസണും ശുഭ്മന്‍ ഗില്ലും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിനെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി ഗില്ലിനെയാണ് നിയമിച്ചത്.
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ഏഷ്യ കപ്പ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യു.എ.ഇയിലാണ് ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നടക്കുക. ഇന്ത്യ ഗ്രൂപ്പ് എയിലാണ്. പതിവ് പോലെ പാകിസ്ഥാനും ഇന്ത്യയുള്ള ഗ്രൂപ്പില്‍ തന്നെയാണ് ഇടം പിടിച്ചിട്ടുള്ളത്. ഒമാനും യു.എ.ഇയും ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍.