സെപ്റ്റംബര്‍ ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ ടി – 20യിലേക്കുള്ള തിരിച്ച് വരവിന് കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. 2024 ടി – 20 ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കുട്ടി ക്രിക്കറ്റില്‍ കളിച്ചത്. ഇപ്പോള്‍ ഫാസ്റ്റ് ബൗളര്‍ തിരിച്ച് വരവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ.
ബുംറയുടെ തിരിച്ച് വരവിനായി താന്‍ കാത്തിരിക്കുകയാണെന്നും താരത്തിന് ഏത് ഘട്ടത്തിലും കളി മാറ്റി മറിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. താരം ടീമില്‍ ഉണ്ടാവുന്നത് എപ്പോഴും ഒരു നേട്ടമാണെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
‘ഏഷ്യാ കപ്പില്‍ ജസ്പ്രീത് ബുംറയെ കാണാന്‍ ഞാന്‍ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ വര്‍ഷം അന്താരാഷ്ട്ര ടി – 20 മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും ഈ ഫോര്‍മാറ്റില്‍ അവന്റെ സമീപകാല ഫോം മികച്ചതാണ്. ഏത് സമയത്തും പന്തെറിയാനും കളിയില്‍ സ്വാധീനം ചെലുത്താനും അവന് കഴിയും.
ബുംറയൊരു മാച്ച് വിന്നറാണ്. വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും ടൈയ്റ്റ് ഓവറുകള്‍ എറിയാന്‍ കഴിയും. അതിലൂടെ എതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കാനും മറ്റ് ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ നേടാനും സാധിക്കും,’ രഹാനെ പറഞ്ഞു.
എട്ട് ടീമുകളുള്ള ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ സെപ്റ്റംബര്‍ പത്തിനാണ് ആദ്യ മത്സരത്തിന് ഇറങ്ങുക. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍.