2025 ഏഷ്യാ കപ്പിനുള്ള വേദി പ്രഖ്യാപിച്ച് ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി). അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ വെച്ചാകും ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുക എന്നാണ് എ.സി.സി അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റില്‍ ഉദ്ഘാടന മത്സരം.
🚨 𝗔𝗡𝗡𝗢𝗨𝗡𝗖𝗘𝗠𝗘𝗡𝗧 🚨#ACCMensAsiaCup2025 confirmed to be hosted in Dubai and Abu Dhabi! 🏟️
The continent’s premier championship kicks off on 9th September 🏏
സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിത്തിലിറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം.
ഇക്കഴിഞ്ഞ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും തമ്മിലുള്ള മത്സരം ഉപേക്ഷിക്കുകയും സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറുകയും ചെയ്തു.
ഏഷ്യാ കപ്പില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്റെ വര്‍ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് താരത്തിന് വിശ്രമം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
‘അതൊരു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും, പക്ഷേ ബുംറ ടെസ്റ്റ് ക്രിക്കറ്റിനെ സ്നേഹിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകളും അപകടത്തിലാണ്. ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരായ ടി – 20 പരമ്പരയില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയും. അത് ടി – 20 ലോകകപ്പിനുള്ള റിഹേഴ്‌സലായിരിക്കും.
ബുംറ ഏഷ്യ കപ്പില്‍ കളിക്കുകയും ഇന്ത്യ ഫൈനലില്‍ എത്തുകയും ചെയ്താല്‍ അദ്ദേഹത്തിന് അഹമ്മദാബാദില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ സാധിക്കില്ല.
അദ്ദേഹം വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കണോ അതോ ഒരു മാസം വിശ്രമിച്ച് ഏഷ്യാ കപ്പ് കളിക്കണോ, തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണോ എന്നതാണ് വലിയ ചോദ്യം. അജിത് അഗാര്‍ക്കറും ഗൗതം ഗംഭീറും ആ തീരുമാനം എടുക്കേണ്ടതുണ്ട്,’ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.