ഏഷ്യാ കപ്പില്‍ റൈവല്‍റി വീക്കെന്‍ഡിനാണ് കളമൊരുങ്ങുന്നത്. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക ആര്‍ച്ച് റൈവല്‍സായ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ ഞായറാഴ്ച ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് റൈവല്‍റിയായ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനും കളമൊരുങ്ങുകയാണ്.
ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ പോലെ ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് ആഷസ് പരമ്പര പോലെ ഇരു ടീമിന്റെയും ആരാധകര്‍ക്ക് ആവേശമായിക്കൊണ്ടാണ് ബംഗ്ലാദേശ് – ശ്രീലങ്ക റൈവല്‍റി ഉടലെടുത്തത്.
വീറും വാശിയും വെല്ലുവിളികളുമായി ഇരു ടീമിന്റെയും ആരാധകര്‍ ഈ പോരാട്ടങ്ങള്‍ ആഘോഷമാക്കാറുണ്ട്. കളിക്കളത്തില്‍ താരങ്ങളുടെ സ്ലെഡ്ജിങ്ങും അഗ്രസ്സീവ് സെലിബ്രേഷനുകളുമാകുമ്പോള്‍ ഈ മത്സരങ്ങള്‍ മറ്റൊരു തലത്തേലേക്കെത്താറുണ്ട്.
ടി-20യില്‍ ഇരു ടീമുകളും 20 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 12 മത്സരത്തിലും ശ്രീലങ്ക വിജയിച്ചപ്പോള്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശും വിജയം സ്വന്തമാക്കി. ഒടുവില്‍ നടന്ന മൂന്ന് മത്സരത്തില്‍ രണ്ടിലും വിജയിച്ചത് ബംഗ്ലാദേശാണ്.
ഈ വര്‍ഷം ജൂലൈയില്‍ നടന്ന ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സന്ദര്‍ശകര്‍ വിജയിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷമായിരുന്നു കടുവക്കൂട്ടത്തിന്റെ ഗംഭീര തിരിച്ചുവരവ്.
ആദ്യ മത്സരത്തില്‍ ലങ്ക ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില് 83 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി പരമ്പരയില്‍ ഒപ്പമെത്തിയ ബംഗ്ലാദേശ് സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയവും സ്വന്തമാക്കി.
സ്വന്തം മണ്ണില്‍ ബംഗ്ലാദേശിനോട് തോല്‍ക്കേണ്ടി വന്നതിന്റെ നിരാശ മനസിലിട്ടുകൊണ്ടാകും ശ്രീലങ്ക 2025 ഏഷ്യാ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. അതേസമയം, ഹോങ് കോങ്ങിനെതിരായ വിജയം സമ്മാനിച്ച ആത്മവിശ്വാസം തന്നെയാകും ബംഗ്ലാദേശിന്റെ കൈമുതല്‍.
ശ്രീലങ്കന്‍ പര്യടനത്തിലെന്ന പോലെ ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിന്റെ മികച്ച പ്രകടനമാണ് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിലും ബംഗ്ലാദേശിന് തുണയായത്. ലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി സീരിസ് സ്വന്തമാക്കിയ ദാസ്, ഹോങ് കോങ്ങിനെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയിരുന്നു.
മറുവശത്ത് ശ്രീലങ്കയും ഒട്ടും മോശമല്ല. സിംബാബ്‌വേയെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയാണ് ലങ്കന്‍ ലയണ്‍സ് ഏഷ്യാ കപ്പിനെത്തിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഐലന്‍ഡ് നേഷന്‍ സ്വന്തമാക്കിയത്. പാതും നിസങ്ക, കാമിന്ദു മെന്‍ഡിസ്, ദുഷ്മന്ത ചമീര, കാമില്‍ മിശ്ര എന്നിവരുടെ മികച്ച ഫോമാണ് ടീമിന് പ്രതീക്ഷ നല്‍കുന്നത്.
കാമില്‍ മിശ്ര
ജയത്തോടെ ഏഷ്യാ കപ്പ് ക്യാമ്പെയ്‌നിന് തുടക്കമിടാന്‍ ശ്രീലങ്ക ഒരുങ്ങുമ്പോള്‍, രണ്ടാം വിജയം നേടി സൂപ്പര്‍ ഫോര്‍ സ്‌പോട്ടാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം.
Content highlight: Asia Cup 2025: Sri Lanka will face Bangladesh