വിറച്ച് ജയിച്ചു; ഹോങ് കോങ്ങിന്റെ അട്ടിമറി ശ്രമം പാഴാക്കി ശ്രീലങ്ക
Asia Cup
വിറച്ച് ജയിച്ചു; ഹോങ് കോങ്ങിന്റെ അട്ടിമറി ശ്രമം പാഴാക്കി ശ്രീലങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th September 2025, 11:41 pm

ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് ശ്രീലങ്ക. ദുബായില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്.

ഹോങ് കോങ് ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം പാതും നിസങ്കയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഏഴ് പന്ത് ശേഷിക്കെ ലങ്കന്‍ സിംഹങ്ങള്‍ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ് നിസാഖത് ഖാന്റെയും അന്‍ഷുമാന്‍ രഥിന്റെയും കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.

ഖാന്‍ 38 പന്തില്‍ പുറത്താകാതെ 52 റണ്‍സ് നേടി. രണ്ട് സിക്‌സറും നാല് ഫോറും അടക്കം 136.84 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

46 പന്ത് നേരിട്ട അന്‍ഷുമാന്‍ 48 റണ്‍സ് സ്വന്തമാക്കി. നാല് ഫോറുകളാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 17 പന്തില്‍ 123 റണ്‍സ് നേടിയ സീഷന്‍ അലിയാണ് മറ്റൊരു മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ടീം 149ലെത്തി.

ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര രണ്ട് വിക്കറ്റ് വീഴ്ത്തി. ദാസുന്‍ ഷണകയും വാനിന്ദു ഹസരങ്കയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് സൂപ്പര്‍ താരം കുശാല്‍ മെന്‍ഡിസ് 11 റണ്‍സടിച്ച പുറത്തായി. രണ്ടാം വിക്കറ്റില്‍ കാമില്‍ മിശ്രയെ കൂട്ടുപിടിച്ച് ഓപ്പണര്‍ പാതും നിസങ്ക സ്‌കോര്‍ ഉയര്‍ത്തി.

ടീം സ്‌കോര്‍ 62ല്‍ നില്‍ക്കവെ കാമില്‍ മിശ്രയെ മടക്കി അയ്‌സാസ് ഖാന്‍ കൂട്ടുകെട്ട് പൊളിച്ചു. ബാബര്‍ ഹയാത്തിന്റെ മികച്ച ക്യാച്ചില്‍ മടങ്ങുമ്പോള്‍ 18 പന്തില്‍ 19 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

കുശാല്‍ പെരേയ്‌ക്കൊപ്പം ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തവെ പാതും നിസങ്കയെ ലങ്കയ്ക്ക് നഷ്ടമായി. റണ്‍ ഔട്ടായാണ് നിസങ്ക മടങ്ങിയത്. 44 പന്ത് നേരിട്ട താരം 68 റണ്‍സ് നേടി. രണ്ട് സിക്‌സറും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

തൊട്ടടുത്ത പന്തില്‍ സെറ്റ് ബാറ്റര്‍ കുശാല്‍ പെരേര വിക്കറ്റിന് മുമ്പില്‍ കുടങ്ങി പുറത്തായത് ലങ്കയെ ബാക്ക്ഫൂട്ടിലേക്കടുപ്പിച്ചു. 16 പന്തില്‍ 20 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ചരിത് അസലങ്കയും തിരിച്ചുനടന്നു. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് അസലങ്കയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്. ഇഷാന്‍ ഖാന്റെ പന്തില്‍ ആയുഷ് ശുക്ലയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. അഞ്ച് പന്തുകള്‍ക്കിപ്പുറം അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് നേടിയ കാമിന്ദു മെന്‍ഡിസിനെയും ഹോങ് കോങ് മടക്കി.

എന്നാല്‍ ഹസരങ്കയുടെ കരുത്തില്‍ സമ്മര്‍ദമതിജീവിച്ച ശ്രീലങ്ക ഏഴ് പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫീല്‍ഡിങ്ങിലെ പിഴവുകളാണ് ഹോങ് കോങ്ങിന് വിനയായത്. എണ്ണിയാലൊടുങ്ങാത്ത ഡ്രോപ് ക്യാച്ചുകളാണ് ഹോങ് കോങ്ങിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്. ഇതോടെ ഒറ്റ മത്സരം പോലും വിജയിക്കാനാകെ ഹോങ് കോങ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

 

Content highlight: Asia Cup 2025: Sri Lanka defeated Hong Kong