രണ്ട് പേരും ഇന്ത്യയോട് തോറ്റവര്‍, ഇന്ന് ആര് ജയിച്ചാലും ഇന്ത്യയ്‌ക്കൊപ്പം; ത്രില്ലറിന് കളമൊരുങ്ങുന്നു
Asia Cup
രണ്ട് പേരും ഇന്ത്യയോട് തോറ്റവര്‍, ഇന്ന് ആര് ജയിച്ചാലും ഇന്ത്യയ്‌ക്കൊപ്പം; ത്രില്ലറിന് കളമൊരുങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th September 2025, 7:35 am

 

ഏഷ്യാ കപ്പില്‍ ഇന്ന് യു.എ.ഇ – പാകിസ്ഥാന്‍ പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാം.

കളിച്ച രണ്ട് മത്സരത്തില്‍ ഒരു തോല്‍വിയും ഒരു ജയവുമാണ് ഇരുവര്‍ക്കുമുള്ളത്. ഒമാനെതിരെ ഇരു ടീമുകളും വിജയിച്ചപ്പോള്‍ ഇന്ത്യയോട് പരാജയപ്പെട്ടു. രണ്ട് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണെങ്കിലും മികച്ച നെറ്റ് റണ്‍ റേറ്റില്‍ പാകിസ്ഥാനാണ് മുമ്പില്‍.

 

ഒമാനെതിരെ വിജയിച്ചുകൊണ്ടാണ് പാകിസ്ഥാന്‍ തങ്ങളുടെ ഏഷ്യാ കപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. 93 റണ്‍സിനായിരുന്നു സല്‍മാന്‍ അലി ആഘയുടെയും സംഘത്തിന്റെയും വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ 67ന് പുറത്തായി.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. മത്സരത്തിന്റെ സമസ്ത മേഖലകളിലും ഇന്ത്യ ആധിപത്യമുറപ്പിച്ച മത്സരത്തില്‍ ഒന്ന് പൊരുതാന്‍ പോലും സാധിക്കാതെയായിരുന്നു പച്ചക്കുപ്പായക്കാരുടെ തോല്‍വി.

ഇന്ത്യയോട് തോറ്റാണ് യു.എ.ഇ തങ്ങളുടെ യാത്ര ആരംഭിച്ചത്. മിന്നോസിന് ഒരു അവസരവും ഇന്ത്യ നല്‍കിയിരുന്നില്ല. 57 റണ്‍സിന് യു.എ.ഇയെ എറിഞ്ഞിട്ട ഇന്ത്യ 27 പന്തില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

ഒമാനെതിരായ മത്സരത്തില്‍ 42 റണ്‍സിനാണ് യു.എ.ഇ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, ഓപ്പണര്‍ അലിഷന്‍ ഷറഫു എന്നിവരുടെ അര്‍ധ സെഞ്ച്വറികളും സൂപ്പര്‍ പേസര്‍ ജുനൈദ് സിദ്ദിഖിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് യു.എ.ഇക്ക് വിജയം സമ്മാനിച്ചത്.

യു.എ.ഇ – പാകിസ്ഥാന്‍ മത്സരത്തിലേക്ക് വരുമ്പോള്‍ മുന്‍ ചാമ്പ്യന്‍മാര്‍ തന്നെയാണ് ഫേവറിറ്റുകള്‍. ടി-20 ഫോര്‍മാറ്റില്‍ ഇരുവരുമേറ്റുമുട്ടിയ മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയം പാകിസ്ഥാനൊപ്പം നിന്നു. ഇതില്‍ രണ്ട് മത്സരങ്ങളില്‍ ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് നടന്ന ട്രൈനേഷന്‍ സീരീസിലായിരുന്നു.

രണ്ട് മത്സരത്തിലും 31 റണ്‍സിനായിരുന്നു യു.എ.ഇയുടെ തോല്‍വി. എങ്കിലും ഒമാനെതിരായ മത്സരത്തില്‍ സ്വന്തമാക്കിയ മികച്ച വിജയം യു.എ.ഇയുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്.

ഇരു ടീമുകളുടെയും മുന്നോട്ടുള്ള യാത്ര തന്നെ തീരുമാനിക്കുന്ന മത്സരമായതിനാല്‍ തീ പാറുന്ന പോരാട്ടത്തിന് തന്നെയാകും ദുബായ് സാക്ഷ്യം വഹിക്കുക.

പാകിസ്ഥാന്‍ സ്‌ക്വാഡ്

സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.

യു.എ.ഇ സ്‌ക്വാഡ്

അലിഷന്‍ ഷറഫു, ആസിഫ് ഖാന്‍, ഈഥന്‍ കാള്‍ ഡിസൂസ, മുഹമ്മദ് വസീം (ക്യാപ്റ്റന്‍), സോഹിബ് ഖാന്‍, ധ്രുവ് പരാശര്‍, ഹര്‍ഷിത് കൗശിക്, മുഹമ്മദ് സാഗിര്‍ ഖാന്‍, ആര്യാന്‍ഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ഹൈദര്‍ അലി, ജുനൈദ് സിദ്ദിഖ്, മതിയുള്ള ഖാന്‍, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ജവാദുള്ള, മുഹമ്മദ് റോഹിദ്, സിംരഞ്ജിത് സിങ്.

 

Content Highlight: Asia Cup 2025: Pakistan will face UAE