ഏഷ്യാ കപ്പ് ഫൈനലിന് യോഗ്യത നേടി പാകിസ്ഥാന്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തകര്‍ത്താണ് പാകിസ്ഥാന്‍ ഫൈനലിന് ടിക്കറ്റെടുത്തത്. ഇന്ത്യയാണ് എതിരാളികള്‍.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 136 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 124 റണ്‍സ് എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.
മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ക്യാപ്റ്റനടക്കമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പോയത് സ്‌കോറിങ്ങിലും പ്രതിഫലിച്ചു.
ആദ്യ ഓവറിലെ നാലാം പന്തില്‍ നാല് റണ്‍സടിച്ച സാഹിബ്‌സാദ ഫര്‍ഹാനെ പുറത്താക്കി വേട്ട തുടങ്ങിയ ബംഗ്ലാദേശ്, തൊട്ടടുത്ത ഓവറില്‍ യുവതാരം സയീം അയ്യൂബിനെ പൂജ്യത്തിനും മടക്കി.
മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ സ്‌കോര്‍ ഉയര്‍ത്താനോ പാകിസ്ഥാനെ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് ബൗളര്‍മാര്‍ മത്സരത്തില്‍ പാകിസ്ഥാനെ മേല്‍ക്കൈ നേടാന്‍ അനുവദിച്ചില്ല.
എന്നാല്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ്, ഷഹീന്‍ അഫ്രിദി, മുഹമ്മദ് നവാസ്, എന്നിവരുടെ ചെറുത്തുനില്‍പ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി.
ഹാരിസ് 23 പന്തില്‍ 31 റണ്‍സ് നേടി. നവാസ് 15 പന്തില്‍ നിന്നും 25 റണ്‍സും ഷഹീന്‍ 13 പന്തില്‍ 19 റണ്‍സും ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചു.
பெருசா அடிக்க போய்.. பெவிலியனுக்கு திரும்பிய Shaheen Afridi 🤩👏
ബംഗ്ലാദേശിനായി താസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. റിഷാദ് ഹൊസൈന്‍, മഹെദി ഹസന്‍ രണ്ട് വിക്കറ്റ് വീതവും മുസ്തഫിസുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനും തുടക്കം പാളിയിരുന്നു. ആദ്യ ഓവറില്‍ തന്നെ പര്‍വേസ് ഹൊസൈന്‍ എമോണിനെ പൂജ്യത്തിന് മടക്കി ഷഹീന്‍ ഷാ അഫ്രിദി ആദ്യ രക്തം ചിന്തി. സൂപ്പര്‍ താരം തൗഹിദ് ഹൃദോയ്‌യെ അഞ്ച് റണ്‍സിന് പുറത്താക്കി ഷഹീന്‍ വീണ്ടും ബംഗ്ലാദേശിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.
തൊട്ടടുത്ത ഓവറില്‍ 15 പന്തില്‍ 18 റണ്‍സെടുത്ത സൈഫ് ഹസനെ മടക്കി ഹാരിസ് റൗഫ് പാകിസ്ഥാനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പാക് ബൗളര്‍മാര്‍, ബംഗ്ലാദേശിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി.
പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രിദിയും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. സയീം അയ്യൂബ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് നവാസാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
Content Highlight: Asia Cup 2025: Pakistan defeated Bangladesh and advanced to the final