'ഇനി ആറ് ഡക്ക് എന്നാണോ പറഞ്ഞത്'; അഞ്ച് മത്സരത്തില്‍ നാലാമതും വട്ടപ്പൂജ്യം
Asia Cup
'ഇനി ആറ് ഡക്ക് എന്നാണോ പറഞ്ഞത്'; അഞ്ച് മത്സരത്തില്‍ നാലാമതും വട്ടപ്പൂജ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th September 2025, 9:41 pm

 

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോടും പൂജ്യത്തിന് പുറത്തായി പാകിസ്ഥാന്‍ സൂപ്പര്‍ താരം സയീം അയ്യൂബ്. മൂന്ന് പന്ത് നേരിട്ട താരം ബ്രോണ്‍സ് ഡക്കായാണ് തിരികെ നടന്നത്. മഹെദി ഹസന്റെ പന്തില്‍ റിഷാദ് ഹൊസൈന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ടൂര്‍ണമെന്റില്‍ ഇത് നാലാം തവണയാണ് സയീം അയ്യൂബ് പൂജ്യത്തിന് പുറത്താകുന്നത്. ഇതാദ്യമായാണ് ഒരു ടി-20 ടൂര്‍ണമെന്റില്‍ ടോപ്പ് സിക്‌സിലെ ഒരു താരം നാല് തവണ പൂജ്യത്തിന് പുറത്താകുന്നത്.

2025 ഏഷ്യാ കപ്പില്‍ സയീം അയ്യൂബിന്റെ പ്രകടനം

vs ഒമാന്‍ – 0 (1)

vs ഇന്ത്യ – 0 (1)

vs യു.എ.ഇ – 0 (2)

vs ഇന്ത്യ – 21 (17)

vs ബംഗ്ലാദേശ് – 0 (3)

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരെ ഒരു ഓവറില്‍ ആറ് സിക്‌സറടിക്കാന്‍ സാധിക്കുമെന്ന മുന്‍ പാക് താരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സയീം അയ്യൂബ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച വിഷയമായത്.

ഇന്ത്യയ്‌ക്കെതിരെ പൂജ്യത്തിന് പുറത്തായപ്പോള്‍ തന്നെ താരം ട്രോളുകളും വിമര്‍ശനങ്ങളുമേറ്റുവാങ്ങിയിരുന്നു. ബുംറ പന്തെടുക്കും മുമ്പ് തന്നെ ഹര്‍ദിക് പാണ്ഡ്യ താരത്തെ മടക്കി അയക്കുകയായിരുന്നു.

തുടര്‍ന്നും മോശം പ്രകടനം തുടര്‍ന്നതോടെ വലിയ പരിഹാസമാണ് താരത്തിനെതിരെ ഉയരുന്നത്. ‘ഇനി ആറ് തവണ ഡക്കാകുമെന്നാണോ പറഞ്ഞത്’, ‘ വെല്ലുവിളിക്കുമ്പോള്‍ ആളും തരവും നോക്കണ്ടേ’ എന്നിങ്ങനെ പോകുന്നു ട്രോളുകള്‍.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 83 എന്ന നിലയിലാണ്. ആറ് പന്തില്‍ ആറ് റണ്‍സുമായി മുഹമ്മദ് നവാസും 14 പന്തില്‍ 18 റണ്‍സുമായി മുഹമ്മദ് ഹാരിസുമാണ് ക്രീസില്‍.

സയീം അയ്യൂബിന് പുറമെ സാഹിബ്‌സാദ ഫര്‍ഹാന്‍ (നാല് പന്തില്‍ നാല്), ഫഖര്‍ സമാന്‍ (20 പന്തില്‍ 13), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ (23 പന്തില്‍ 13), ഹുസൈന്‍ താലത് (ഏഴ് പന്തില്‍ മൂന്ന്), ഷഹീന്‍ അഫ്രിദി (13 പന്തില്‍ 19) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് ഇതിനോടകം തന്നെ നഷ്ടപ്പെട്ടത്.

 

 

Content Highlight: Asia Cup 2025: PAK vs BAN: Saim Ayub out for duck for 4th time