ജയം, പ്ലെയര്‍ ഓഫ് ദി മാച്ച്, ഒപ്പം ചരിത്ര നേട്ടവും; ഇതിഹാസത്തെ വീഴ്ത്തി ക്യാപ്റ്റന്‍
Asia Cup
ജയം, പ്ലെയര്‍ ഓഫ് ദി മാച്ച്, ഒപ്പം ചരിത്ര നേട്ടവും; ഇതിഹാസത്തെ വീഴ്ത്തി ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th September 2025, 1:29 pm

ഏഷ്യാ കപ്പില്‍ ഹോങ് കോങ്ങിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചുകൊണ്ടാണ് ബംഗ്ലാദേശ് തങ്ങളുടെ പോരാട്ടം ആരംഭിച്ചിരിക്കുന്നത്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ബംഗ്ലാ കടുവകളുടെ വിജയം.

ഹോങ് കോങ് ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 14 പന്ത് ശേഷിക്കെ ബംഗ്ലാദേശ് മറികടന്നു. ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിന്റെ ബാറ്റിങ് കരുത്തിലാണ് കടുവകള്‍ അനായാസ ജയം സ്വന്തമാക്കിയത്. ദാസ് 39 പന്തില്‍ 59റണ്‍സടിച്ച് മടങ്ങി.

View this post on Instagram

A post shared by ICC (@icc)

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു നേട്ടവും ലിട്ടണ്‍ ദാസിനെ തേടിയെത്തി. ടി-20 ഫോര്‍മാറ്റില്‍ ബംഗ്ലാദേശിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ബംഗ്ലാ നായകന്‍. ഇതിഹാസ താരം മഹ്‌മദുള്ളയെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബംഗ്ലാദേശ് താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നി ക്രമത്തില്‍)

ഷാകിബ് അല്‍ ഹസന്‍ – 127 – 2551

ലിട്ടണ്‍ ദാസ് – 109 – 2496*

മഹ്‌മദുള്ള – 130 – 2444

തമീം ഇഖ്ബാല്‍ – 74 – 1701

മുഷ്ഫിഖര്‍ റഹീം – 1500

56 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ഒന്നാം സ്ഥാനത്തുള്ള ഷാകിബ് അല്‍ ഹസനെ മറികടക്കാനും ലിട്ടണ്‍ ദാസിന് സാധിക്കും. ഒടുവില്‍ നടന്ന നാല് ടി-20യില്‍ മൂന്നിലും അര്‍ധ സെഞ്ച്വറി നേടിയ ദാസ്, ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഈ റെക്കോഡ് മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി. നിസാഖത് ഖാന്‍ (40 പന്തില്‍ 42), സീഷന്‍ അലി (34 പന്തില്‍ 30), ക്യാപ്റ്റന്‍ യാസിം മുര്‍താസ (19 പന്തില്‍ 28) എന്നിവരുടെ കരുത്തിലാണ് ഹോങ് കോങ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിന്റെ പ്രകടനത്തിന്റെ കരുത്തില്‍ മത്സരത്തിലേക്ക് മടങ്ങി വരികയായിരുന്നു.

36 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ് ആണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

നാളെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. ശ്രീലങ്കയാണ് എതിരാളികള്‍.

 

Content highlight: Asia Cup 2025: Litton Das surpasses Mahmadullah in the list of most T20 runs for Bangladesh