ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ സൂപ്പര്‍ ഫോറിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ സമഗ്രാധിപത്യം തുടരുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ ഫോറിന് ടിക്കറ്റെടുത്ത ഇന്ത്യ, സൂപ്പര്‍ ഫോറില്‍ തങ്ങളുടെ ആദ്യ മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കി.
പാകിസ്ഥാനെതിരെയായിരുന്നു സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, ഏഴ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്ന കടമ്പ അനായാസം മറികടന്നു.
India cruise to a handsome victory! ✌️
Abhishek & Shubman batted like men on a mission, killing the chase in the powerplay.
With cameos through the batting order, 🇮🇳 hunted down the target with relative ease. ✅#INDvPAK#DPWorldAsiaCup2025#ACCpic.twitter.com/h5xT3hfvmY
സൂപ്പര്‍ ഫോറില്‍ എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യയാണ് ഒന്നാമത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരം വിജയിച്ച ബംഗ്ലാദേശിനേക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റോടെയാണ് ഇന്ത്യ ഒന്നാമത് നില്‍ക്കുന്നത്.
സൂപ്പര്‍ ഫോര്‍ സ്റ്റാന്‍ഡിങ്‌സില്‍ മാത്രമല്ല, റണ്‍ വേട്ടയിലും വിക്കറ്റ് വേട്ടയിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് ആദ്യ സ്ഥാനത്തുള്ളത്. റണ്‍ വേട്ടയില്‍ അഭിഷേക് ശര്‍മയാണ് ഒന്നാമത്. ഒമ്പത് വിക്കറ്റുമായി കുല്‍ദീപ് യാദവ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്നു.
എന്നാല്‍ കുല്‍ദീപിനെ മറികടന്ന ഒരു പ്രകടനം യു.എ.ഇയുടെ ജുനൈദ് സിദ്ദിഖ് പുറത്തെടുത്തിട്ടുണ്ട്. നാല് മത്സരത്തില്‍ നിന്നും കുല്‍ദീപ് സ്വന്തമാക്കിയ ഒമ്പത് വിക്കറ്റുകള്‍ സിദ്ദിഖ് മൂന്ന് മത്സരത്തില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സിദ്ദിഖ് വീഴ്ത്തിയത്. സാഹിബ്‌സാദ ഫര്‍ഹാന്‍, സയീം അയ്യൂബ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ് എന്നിവരെയാണ് താരം മടക്കിയത്. യു.എ.ഇക്കെതിരെയും ഫോര്‍ഫര്‍ നേട്ടവുമായി തിളങ്ങിയ താരം, ഇന്ത്യയ്‌ക്കെതിരെ ഒരു വിക്കറ്റും സ്വന്തമാക്കി.
അതേസമയം, റണ്‍ വേട്ടയില്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മ തന്റെ തേരോട്ടം തുടരുകയാണ്. നാല് മത്സരത്തില്‍ നിന്നും 173 റണ്‍സാണ് താരം അടിച്ചെടുത്തത്. 43.25 ആണ് താരത്തിന്റെ ശരാശരി. ഏറ്റവുമധികം ഫോര്‍, ഏറ്റവുമധികം സിക്‌സര്‍, ഏറ്റവുമധികം ബൗണ്ടറി എന്നീ റെക്കോഡുകളിലും ഒന്നാമന്‍ അഭിഷേക് തന്നെ.
സൂപ്പര്‍ ഫോറില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ശ്രീലങ്ക പാകിസ്ഥാനെ നേരിടും. നാളെയാണ് ഇന്ത്യയുടെ മത്സരം. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.
Content Highlight: Asia Cup 2025: Leading run scorers and wicket takers