2025 ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ തങ്ങളുടെ ഒമ്പതാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ ഇന്ത്യ 150 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് തിലക് വര്‍മയാണ്. ടോപ്പ് ഓര്‍ഡര്‍ തകര്‍ന്ന ശേഷം ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയ താരം 53 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 69 റണ്‍സ് നേടി പുറത്താകാതെയാണ് മികച്ച ബാറ്റിങ് നടത്തിയത്. താരത്തിമന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി ആറാമനായി ഇറങ്ങിയ ശിവം ദുബെ 22 പന്തില്‍ 33 റണ്‍സ് നേടി സെക്കന്റ് ടോപ് സ്‌കോററായി. മാത്രമല്ല മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ സമ്മര്‍ദ ഘട്ടത്തില്‍ തിലകിനൊപ്പം 22 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടി. ഹര്‍ദിക്ക് പാണ്ഡ്യയുടെ അഭാവത്തില്‍ കളത്തിലിറങ്ങിയ സൂപ്പര്‍ താരം റിങ്കു സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരം ഫിനിഷ് ചെയ്തത്. ഒരു പന്തില്‍ നാല് റണ്‍സാണ് താരം നേടിയത്.
ഓപ്പണര്‍ അഭിഷേക് ശര്‍മ (5), ശുഭ്മന്‍ ഗില്‍ (12), സൂര്യകുമാര്‍ യാദവ് (1) എന്നിവരെ ഇന്ത്യയ്ക്ക് നേരത്തെ ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ മധ്യ നിരയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.
ഇന്ത്യയ്ക്ക് സൂപ്പര്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. 30 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മത്സരത്തിലെ 16ാം ഓവറിലാണ് കുല്‍ദീപ് പാകിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ (8), ഷഹീന്‍ അഫ്രീദി (0), ഫഹീം അഷ്‌റഫ് (0) എന്നിവരുടെ വിക്കറ്റുകളായിരുന്നു താരം നേടിയത്. ആഘയുടെ വിക്കറ്റ് തകര്‍പ്പന്‍ കീപ്പര്‍ ക്യാച്ചിലൂടെ സഞ്ജു സാംസണാണ് കുല്‍ദീപിന് നേടിക്കൊടുത്തത്. കുല്‍ദീപിന് പുറമെ അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി മിന്നും ബൗളിങ്ങാണ് കാഴ്ചവെച്ചത്.
അതേസമയം പാകിസ്ഥാന് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനുമാണ്. 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് ഫര്‍ഹാന്‍ മടങ്ങിയത്. 150 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തെ വരുണ്‍ ചക്രവര്‍ത്തി തിലക് വര്‍മയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.
ഫഖര്‍ സമാന്‍ 35 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സിനും പുറത്തായി വരുണിനാണ് താരത്തിന്റെയും വിക്കറ്റ്. പിന്നീട് ഇറങ്ങിയ സയിം അയൂബ് നേടിയ 14 റണ്‍സ് ഒഴിച്ചാല്‍ മറ്റ് പാക് താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ സാധിച്ചിരുന്നില്ല.
Content Highlight: Asia Cup 2025: India Won 2025 Asia Cup Against Pakistan